ADVERTISEMENT

തിരുവനന്തപുരം ∙ ഒരു പാർട്ടിയിലുമില്ലാത്ത ഇടതുപക്ഷക്കാരനെന്നു സ്വയം വിശേഷിപ്പിക്കുന്ന നടൻ പ്രകാശ്‌രാജ് തലസ്ഥാനത്തെത്തിയത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു പിന്തുണയുമായാണ്. അതു രാജ്യത്തിനുപുറത്തും ശ്രദ്ധിക്കപ്പെടുന്ന ശശി തരൂർ എന്ന രാഷ്ട്രതന്ത്രജ്ഞനുള്ള പിന്തുണയാണെന്നു വിശദീകരിക്കുകയും ചെയ്യുന്നു. പ്രകാശ്‌രാജ് സംസാരിക്കുന്നു.

Q ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന താങ്കൾ എന്തുകൊണ്ട് കേരളത്തിലെ എൽഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനിറങ്ങുന്നില്ല ? 

A ഇടതുപക്ഷം എന്നാൽ ഏതെങ്കിലും പാർട്ടിയല്ല, രാഷ്ട്രീയ തത്വശാസ്ത്രമാണ്. ബിജെപിക്കെതിരായി പോരാടുമ്പോൾ പരസ്പരം മത്സരിക്കുകയല്ല, ഒരുമിച്ചുനിൽക്കണമെന്നാണ് ഇവിടത്തെ ഇടതുപാർട്ടികളോടും അഭ്യർഥിക്കാനുള്ളത്. അവരോട് ഒരു വിരോധവുമില്ല. ഇലക്ടറർ ബോണ്ട് വാങ്ങാത്ത അവരുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കേണ്ടതാണ്. 

Q കൂടുതൽ സീറ്റോടെ ജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്തു തോന്നുന്നു ? 

A നാനൂറിലേറെ സീറ്റ് നേടുമെന്നു പറയുന്ന അവർ ശരിക്കും ഭയക്കുന്നുണ്ട്. ആദ്യഘട്ട തിര‍ഞ്ഞെടുപ്പ് കഴിയുമ്പോൾ തന്നെ അതു നേടാനാകില്ലെന്ന് അവർക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെ രൂക്ഷമായ ഉത്തരേന്ത്യയിലും നിശ്ശബ്ദമായ പ്രതിഷേധമുണ്ട്. മോദിയുടെ, മുസ്‌ലിംകൾക്കെതിരായ കഴിഞ്ഞദിവസത്തെ പ്രസ്താവന പോലും വർഗിയ ധ്രുവീകരണമുണ്ടാക്കാനാണ്. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പോലും അദ്ദേഹം മു‌‌സ്‌ലിം വിരുദ്ധതയാണു കാണുന്നത്. പക്ഷേ, ഹിന്ദുത്വ അജൻഡ മുൻപത്തെ പോലെ ഫലിക്കുമെന്നു തോന്നുന്നില്ല. ഉത്തരേന്ത്യയിൽ കിട്ടാവുന്ന പരമാവധി സീറ്റാണ് അവർ കഴിഞ്ഞതവണ നേടിയത്. തെക്കേ ഇന്ത്യയിൽ കർണാടകയിലടക്കം ബിജെപി തൂത്തെറിയപ്പെടും. 

Q കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നല്ലോ ? ഇനിയും മത്സരിക്കുമോ ? 

A സ്വതന്ത്രനായാണ് ബെംഗളൂരുവിൽ മത്സരിച്ചത്. അതോടെ തിരഞ്ഞെടുപ്പു രാഷ്ട്രീയം പറ്റില്ലെന്നു മനസ്സിലായി. സ്വതന്ത്ര സ്ഥാനാർഥിയെ ജയിപ്പിക്കാൻ കഴിയുംവിധം രാജ്യത്തെ രാഷ്ട്രീയം മാറിയിട്ടില്ല. ജയവും പരാജയവുമല്ല, സ്ഥിരതയുള്ള നിലപാടാണു പ്രശ്നം. 

Q കടുത്ത രാഷ്ട്രീയ നിലപാടുകൾ സിനിമയിലെ അവസരങ്ങളെ ബാധിച്ചിട്ടുണ്ടോ ? 

A തീർച്ചയായുമുണ്ട്. പക്ഷേ, അതു കുഴപ്പമില്ല. അതിനെ മറികടക്കാനുള്ള സമ്പാദ്യം എനിക്കുണ്ട്. ഭീഷണികളുണ്ട്. പക്ഷേ ഒരു ഭയവുമില്ല.

English Summary:

Stand together against BJP': Prakashraj to Left parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com