ADVERTISEMENT

അബുദാബി ∙ ഗ്രൂപ്പ് ബുക്കിങ് നടത്തിയും വിമാനങ്ങൾ ചാർട്ടർ ചെയ്തും കേരളത്തിൽ ഇത്തവണ പറന്നിറങ്ങിയത് ഒരുലക്ഷത്തോളം പ്രവാസി വോട്ടുകൾ. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന വടകര, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലേക്കാണു കൂടുതൽ പേർ എത്തിയത്. ഉയർന്ന വിമാന ടിക്കറ്റ് നിരക്കും യുഎഇയിലെ പ്രളയവും മൂലം അവസാന നിമിഷം ചിലർക്കു യാത്ര റദ്ദാക്കേണ്ടി വന്നു.

25,000 പേർ വോട്ടു ചെയ്യാനായി നാട്ടിലേക്കു പോയിട്ടുണ്ടെന്നു കെഎംസിസി ഭാരവാഹികൾ പറയുന്നു. യുഎഇയിൽനിന്നു മാത്രം ഓരോ മണ്ഡലത്തിലും 1000 പ്രവാസി വോട്ടെങ്കിലും ഉറപ്പിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് പ്രവർത്തകരും അവകാശപ്പെടുന്നു. ബിജെപി അനുഭാവികളുടെ ഒഴുക്ക് ഇതര സംസ്ഥാനങ്ങളിലേക്ക് ആയിരുന്നു. എങ്കിലും കേരളത്തിലേക്കു മാത്രം എണ്ണായിരത്തോളം പേരെ എത്തിച്ചിട്ടുണ്ടെന്നു പ്രവർത്തകർ പറഞ്ഞു.

മുൻ തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി ഓരോ ‌മണ്ഡലത്തിലെയും പ്രചാരണ ചുമതലകൾക്ക് യുഡിഎഫ് പ്രവാസികളെ നിയോഗിച്ചിരുന്നു. ഇവർ ആഴ്ചകൾക്കു മുൻപു തന്നെ നാട്ടിലെത്തി. ചെലവുകളുടെ മേൽനോട്ടവും ഇവർക്കുണ്ട്. ഇടതു സംഘടനകൾ പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടുകൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നീ വഴികളിലാണ് സംഭാവനകൾ സമാഹരിച്ചത്. എൻഡിഎ മുന്നണി ശ്രദ്ധ കേന്ദ്രീകരിക്കുന്ന തൃശൂരിലേക്കാണു ബിജെപി പ്രവർത്തകരുടെ സംഭാവന കൂടുതലും എത്തിയത്.

ആവേശപ്പാച്ചിലിൽ ബെംഗളൂരു മലയാളികളും

ബെംഗളൂരു ∙ വോട്ടു ചെയ്യാൻ നാട്ടിലെത്തേണ്ടവർക്കായി ബെംഗളൂരുവിൽനിന്ന് അവസാന നിമിഷം അനുവദിച്ച കൊച്ചുവേളി, മംഗളൂരു (പാലക്കാട് വഴി) സ്പെഷൽ ട്രെയിനുകളിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കേരള ആർടിസി 18, കർണാടക ആർടിസി 20 എന്നിങ്ങനെ സ്പെഷൽ ബസുകളും കേരളത്തിലേക്കു സർവീസ് നടത്തി. യുഡിഎഫ് അനുകൂല കൂട്ടായ്മകളുടെ നേതൃത്വത്തിൽ ബസുകൾ ബുക്ക് ചെയ്ത് വടകര, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വോട്ടർമാരെ നാട്ടിലെത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com