ADVERTISEMENT

കൊല്ലം ∙ മദ്യ നിരോധനം നിലനിൽക്കെ, വോട്ടെടുപ്പിനു തലേന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സർക്കാർ ജീപ്പിൽ തമിഴ്നാട്ടിൽ നിന്നു മദ്യം കടത്തിയെന്നു റിപ്പോർട്ട്. തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ നിന്ന് മദ്യം വാങ്ങി കൊല്ലം ജില്ലയിലെ അച്ചൻകോവിലിലും മറ്റും വ്യാപകമായി വിതരണം ചെയ്തെന്ന വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യനിരോധനം നിലനിൽക്കെ വോട്ടെടുപ്പിനു തലേന്ന് (ഏപ്രിൽ 25) അച്ചൻകോവിൽ കുംഭാവുരുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ പട്രോളിങ്ങിന് എന്ന വ്യാജേന ജീപ്പിൽ ചെങ്കോട്ടയിലെത്തി മദ്യം വാങ്ങി അച്ചൻകോവിലിൽ എത്തിച്ചെന്നാണു റിപ്പോർട്ട്. അച്ചൻകോവിൽ കോട്ടവാസലിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വെട്ടിച്ചായിരുന്നു മദ്യം കടത്ത്. പ്രാദേശിക എൽഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെന്നാണ് ആരോപണം. 

കുംഭാവുരുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വോട്ടെടുപ്പ് ദിവസവും തലേന്നും അമ്പനാട് പ്രിയ എസ്റ്റേറ്റ് മേഖലകളിൽ പട്രോളിങ് നടത്തണമെന്നായിരുന്നു അച്ചൻകോവിൽ ഡിഎഫ്ഒയുടെ രേഖാമൂലമുള്ള ഉത്തരവ്. എന്നാൽ 25 നു വൈകിട്ട് സ്റ്റേഷനിൽ മടങ്ങിയെത്തിയ ചില ഉദ്യോഗസ്ഥർ വീണ്ടും പട്രോളിങ്ങിനു പോകുന്നുവെന്നു ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയ ശേഷം വനംവകുപ്പിന്റെ കെഎൽ 01 സിഎച്ച് 1498 എന്ന ജീപ്പിൽ ചെങ്കോട്ടയിലെത്തി മദ്യം വാങ്ങിയെന്നാണ് റിപ്പോർട്ട്. വനംവകുപ്പിന്റെ ജീപ്പ് ആയതിനാൽ ചെക്പോസ്റ്റിൽ പരിശോധന ഉണ്ടായതുമില്ല. വോട്ടെടുപ്പിനു തലേന്ന് രാത്രി അച്ചൻകോവിൽ മുതലത്തോട് ഭാഗത്ത് എത്തിച്ച മദ്യം ആദിവാസികൾക്ക് ഉൾപ്പെടെ പലർക്കും വിതരണം ചെയ്തതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഇത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചോർന്നു കിട്ടുകയും ചെയ്തു. 

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അച്ചൻകോവിൽ കോട്ടവാസൽ ചെക്പോസ്റ്റിൽ രാവും പകലും പ്രത്യേക പൊലീസ് പരിശോധന നിലവിലുണ്ടായിരുന്നു. ഓരോ വാഹനങ്ങളും തുറന്നു പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. ഇതു മറികടക്കാനാണ് ചില ഇടത് അനുകൂല ഫോറസ്റ്റ് വാച്ചർമാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ജീപ്പിൽ മദ്യം കടത്തിയതെന്നാണ് വിവരം. 

English Summary:

Forest Department officials smuggled liquor in jeeps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com