ADVERTISEMENT

ഏറ്റുമാനൂർ ∙ ബൈപാസ് റോഡിൽ നിയന്ത്രണംവിട്ട കാർ സംരക്ഷണവേലി ഇടിച്ചുതകർത്ത് ഓടയിലേക്കു മറിഞ്ഞു; പരുക്കേറ്റ ഗൃഹനാഥ മരിച്ചു. 5 പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. പത്തനംതിട്ട കൊറ്റനാട് കുറിച്ചിപ്പതാലിൽ തങ്കമ്മ കൊച്ചുകുഞ്ഞ് (59) ആണു മരിച്ചത്. ദുബായിൽ നഴ്സായ മകൾ അശ്വതിയെ കൊച്ചി വിമാനത്താവളത്തിൽ വിട്ടശേഷം കുടുംബാംഗങ്ങളോടൊപ്പം മടങ്ങുകയായിരുന്നു തങ്കമ്മ.

അശ്വതിയുടെ ഭർത്താവ് ചങ്ങനാശേരി നീലംപേരൂർ മാത്തോറിച്ചിറ ഷിജോ തങ്കച്ചൻ (36), മക്കളായ അദ്വിക്, അദ്വിക, ഷിജോയുടെ അമ്മ ഷീല (51), അശ്വതിയുടെ സഹോദരി ലിൻസി (26) എന്നിവർക്കാണു പരുക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഷീലയുടെ നില ഗുരുതരമാണ്.

ഇന്നലെ പുലർച്ചെ ഒന്നരയോടെ പട്ടിത്താനം – ഏറ്റുമാനൂർ ബൈപാസിൽ വടക്കേനടയ്ക്കു സമീപമായിരുന്നു അപകടം. തവളക്കുഴിക്കും വടക്കേനടയ്ക്കും ഇടയിലുള്ള വളവിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ റിഫ്ലക്ടർ തൂണും സമീപവാസിയുടെ വീട്ടിലേക്കുള്ള സംരക്ഷണവേലിയും തകർത്ത് ഓടയിലേക്കു മറിയുകയായിരുന്നു. എട്ടടിയോളം താഴ്ചയുള്ള ഓടയുടെ കൽക്കെട്ടിൽ ഇടിച്ചാണു കാർ നിന്നത്. ഓടയുടെ ഈ ഭാഗത്ത് സ്ലാബ് ഇട്ടിരുന്നില്ല. ഷിജോയാണു കാറോടിച്ചിരുന്നത്. ശബ്ദംകേട്ട് ഓടിവന്ന സമീപവാസികളാണു രക്ഷാപ്രവർത്തനം നടത്തിയത്. തങ്കമ്മയുടെ സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ കെ.കെ.കൊച്ചുകുഞ്ഞ്.

English Summary:

Housewife died in car accident in Ettumanoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com