ADVERTISEMENT

തിരുവനന്തപുരം ∙ വസ്തുനികുതി (കെട്ടിടനികുതി) 5% വർധിപ്പിക്കാൻ സർക്കാർ അനുവദിച്ചതിന്റെ മറവിൽ അടിസ്ഥാന നിരക്കുകൾ കൂട്ടി അധികനികുതി തദ്ദേശ സ്ഥാപനങ്ങൾ പിരിക്കാൻ ശ്രമിച്ചാൽ സോഫ്റ്റ്‌വെയർ തടസ്സമാകും. നികുതിയുടെ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തുന്നതു തടഞ്ഞ് തദ്ദേശ ഓംബുഡ്സ്മാൻ ഉത്തരവിറക്കിയതോടെ, നിലവിൽ പഞ്ചായത്തുകളും നഗരസഭകളും കൂടുതൽ നികുതി പിരിച്ചു തുടങ്ങിയോ എന്ന് ആശങ്ക ഉയർന്നിരുന്നു. ഇതോടെയാണ് സോഫ്റ്റ്‌വെയറിലെ ക്രമീകരണം സംബന്ധിച്ച് അധികൃതർ വ്യക്തത വരുത്തിയത്. 

വസ്തുനികുതിയിൽ പ്രതിവർഷം 5% വർധനയ്ക്കുള്ള സർക്കാർ ഉത്തരവ് അനുസരിച്ചാണ് പേയ്മെന്റ് സോഫ്റ്റ്‌വെയറിലെ ക്രമീകരണം. നഗരസഭകളിൽ ‘കെ സ്മാർട്’ എന്ന ആപ്ലിക്കേഷനും പഞ്ചായത്തുകളിൽ ‘സഞ്ചയ’ എന്ന സോഫ്റ്റ്‌വെയറും വഴി മാത്രമേ നിലവിൽ നികുതി അടയ്ക്കാൻ കഴിയൂ . ഇൻഫർമേഷൻ കേരള മിഷനാണ് (ഐകെഎം) രണ്ടു സോഫ്റ്റ്‌വെയറിന്റെയും പരിപാലനം. കഴിഞ്ഞ വർഷം ആകെ അടച്ച നികുതിയും ഇത്തവണ അടയ്ക്കാനുള്ള നികുതിയും പരിശോധിച്ചാൽ പൊതുജനങ്ങൾക്ക് വർധനയുടെ തോത് എത്രയെന്നു മനസ്സിലാകുമെന്നും ഐകെഎം അധികൃതർ പറഞ്ഞു. 

തൃശൂരിലെ കൈപ്പറമ്പ് പഞ്ചായത്തിന്റെ കേസിലാണ് ഓംബുഡ്സ്മാന്റെ വിധി വന്നത്. വീടുകൾക്കുള്ള ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 6 രൂപയായതിനാൽ 5% വർധന വരുത്തുമ്പോൾ 6.3 രൂപയാകുമെന്നും ഇതു പൂർണ സംഖ്യയിലേക്കു ക്രമപ്പെടുത്തുമ്പോൾ 7 രൂപയായി ഉയരുമെന്ന പരാതിയാണ് ഈ കേസിന് അടിസ്ഥാനം. ഇങ്ങനെ വന്നാൽ, 70 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിന് നിലവിൽ 420 രൂപയാണു നികുതിയെങ്കിൽ 5% വർധന വരുമ്പോൾ 441 രൂപയ്ക്കു പകരം 490 രൂപയായി ഉയരും.

English Summary:

Building tax software is adjusted according to five percentage increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com