ADVERTISEMENT

കൊല്ലം ∙ സംസ്ഥാനത്തെ കലാകാരന്മാർക്ക് കേരള സംഗീത നാടക അക്കാദമി വഴി നൽകി വരുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ തുക രണ്ടു ലക്ഷത്തിൽനിന്ന് ഒരു ലക്ഷമായി വെട്ടിക്കുറച്ചു. 1200ൽ അധികം പേർക്ക് ലഭിച്ചിരുന്ന പരിരക്ഷ 840 പേർക്കു മാത്രമാക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി ആരെയും ചേർക്കുന്നുമില്ല. അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെയാണ് നടപടി. സംഗീതം, നാടകം, നൃത്തം, മിമിക്രി, മാജിക് തുടങ്ങി വിവിധയിനം കലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ഇക്കഴിഞ്ഞ ഫെബ്രുവരി വരെ 2 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ലഭ്യമായിരുന്നത്.  

കഴിഞ്ഞ വർഷം ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ 22 ലക്ഷം അടച്ചത് ഇത്തവണ ജിഎസ്ടി അടക്കം 31 ലക്ഷമായെന്നാണ് അക്കാദമി അധികൃതരുടെ വിശദീകരണം. ഇൻഷുറൻസ് പ്രീമിയം തുക, കുട്ടികളുടെ സ്കോളർഷിപ് എന്നിവയ്ക്കായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും സർക്കാർ പ്രതികരിച്ചിട്ടില്ല.  പ്രഫഷനൽ നാടക രംഗത്തെ പ്രശസ്ത കലാകാരന് ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോഴാണ് ഇൻഷുറൻസ് തുക ഒരു ലക്ഷമായി വെട്ടിച്ചുരുക്കിയ വിവരം പുറത്തറിഞ്ഞത്. 

സൂര്യാ കൃഷ്ണമൂർത്തി അക്കാദമി ചെയർമാനായിരിക്കെ മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങളിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ചാണ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയത്. പിന്നീട് സർക്കാർ നൽകുന്ന തുകയിൽ നിന്ന് അക്കാദമി അടച്ചുതുടങ്ങി. 

അവാർഡുകളും വെട്ടിച്ചുരുക്കി

അക്കാദമി വർഷങ്ങളായി നൽകി വന്നിരുന്ന അവാർഡുകളും വെട്ടിച്ചുരുക്കി. രാജ്യത്തെ മികച്ച നാടക പ്രതിഭയ്ക്കുള്ള 3 ലക്ഷം രൂപയുടെ അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം, മുതിർന്ന നാടക പ്രതിഭയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള അരലക്ഷം രൂപയുടെ പുരസ്കാരം, മികച്ച നാടക ഗ്രന്ഥത്തിനുള്ള പുരസ്കാരം തുടങ്ങിയവ നിർത്തലാക്കി. ദേശീയ സംഗീതോത്സവം, ദേശീയ നൃത്തോത്സവം, സംസ്ഥാന അമച്വർ നാടക മത്സരം, കുട്ടികൾക്കുള്ള കഥാപ്രസംഗ ശിൽപശാല തുടങ്ങിയവയും മുടങ്ങി.

English Summary:

Reduced Health insurance for artists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com