സെക്രട്ടേറിയറ്റിൽ കൂട്ട അവധിക്കാലം; പെരുമാറ്റച്ചട്ടം നിലവിലുള്ളതും മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതും പ്രചോദനം
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും 2 മന്ത്രിമാരും വിനോദയാത്രയ്ക്കായി ഇന്തൊനീഷ്യയിലേക്കു പോയതിനൊപ്പം സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥരുടെ കൂട്ട അവധി അപേക്ഷയും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലും മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതു കൊണ്ടും കാര്യമായ ഉത്തരവാദിത്തങ്ങൾ ഇപ്പോൾ ഉദ്യോഗസ്ഥർക്കില്ല.
പ്രധാന ഫയലുകളിൽ പലതും തീരുമാനമാകാതെ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ കാത്തിരിപ്പിലാണ്. അവധിക്കാല യാത്രയ്ക്കാണ് മിക്ക ഉദ്യോഗസ്ഥരും അപേക്ഷിച്ചിരിക്കുന്നത്. മുൻകൂട്ടി അപേക്ഷ നൽകിയ പല ഉദ്യോഗസ്ഥരും അവധിയെടുത്തു കേരളം വിട്ടു. പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും. ലൈസൻസ് ടെസ്റ്റ് അവതാളത്തിലായിരിക്കെ മന്ത്രിയും ഗതാഗത കമ്മിഷണറും സ്ഥലത്തില്ലാത്തത് സർക്കാരിന് തലവേദനയായി.
ഇൗ പശ്ചാത്തലത്തിൽ കൂട്ട അവധി ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ മാസം 21ന് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തും. അടുത്ത മാസത്തെ നിയമസഭാ സമ്മേളനം, ലോക കേരള സഭ, രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികം തുടങ്ങിയവയുടെ ഒരുക്കങ്ങൾക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമുണ്ട്.