ADVERTISEMENT

കോട്ടയം ∙ അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്ററുകളിൽ പരിശീലനം നേടി ഡ്രൈവിങ് ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ ലൈസൻസ് കൊടുക്കാവൂ എന്ന കേന്ദ്രനിയമം നിലവിലിരിക്കെ, സർക്കാരിന്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യമെന്നു വിവരം. നിലവിലെ സംവിധാനം കുളമാക്കി സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന്റെ ചുമതല സർക്കാരിനു താൽപര്യമുള്ള ഏജൻസിയെ ഏൽപിക്കുകയാണു ലക്ഷ്യം. 

കേന്ദ്ര സർക്കാർ 2021 ജൂൺ 7നു മോട്ടർ വാഹനച്ചട്ടം ഭേദഗതി ചെയ്തതിന്റെ ഭാഗമായാണു ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു രാജ്യത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതായി വിജ്ഞാപനം ചെയ്തത്. ഇതിനു പിന്നാലെ ഊരാളുങ്കൽ സൊസൈറ്റി സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്റർ ആരംഭിക്കുന്നതിനു താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറായി വിരമിച്ച കണ്ണൂർ ജില്ലക്കാരന് ഇതിന്റെ ചുമതല നൽകാനും ആലോചിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകളെ പിണക്കുമെന്നതിനാൽ പെട്ടെന്നൊരു തീരുമാനം എടുക്കാതെ സർക്കാർ വലിഞ്ഞു. 

മറ്റു പല സംസ്ഥാനങ്ങളിലും സ്വകാര്യ കമ്പനികളാണ് ഡ്രൈവിങ് ട്രെയ്നിങ് സെന്റർ നടത്തുന്നത്. അക്രഡിറ്റഡ് സെന്റർ ആരംഭിക്കാൻ ഇനിയും വൈകിയാൽ ഇതു നടത്താനുള്ള അനുമതി ഏതെങ്കിലും ഏജൻസിക്ക് കേന്ദ്രം നേരിട്ടു നൽകിയേക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് ഇപ്പോഴത്തെ പരിഷ്കാരവുമായി മോട്ടർ വാഹന വകുപ്പ് രംഗത്തെത്തിയതും തുടർന്നു വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതും. 

കേന്ദ്ര നിയമം അനുസരിച്ച് ഇരുചക്ര, മുച്ചക്ര, എൽഎംവി വാഹനങ്ങൾക്കു മാത്രം ട്രെയ്നിങ് കൊടുക്കാൻ കുറഞ്ഞത് ഒരു ഏക്കർ സ്ഥലം വേണം. കേന്ദ്രം നിർദേശിക്കുന്ന സിലബസ് അനുസരിച്ചാണു പരിശീലനം. പഠനം പൂർത്തിയാക്കി ടെസ്റ്റ് പാസാകുന്നവർക്കു സെന്റർ സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് ആർടി ഓഫിസിൽ ഹാജരാക്കുമ്പോൾ ഡ്രൈവിങ് ലൈസൻസ് നൽകണമെന്നാണു ചട്ടം.

English Summary:

Controversy surrounding driving test aims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com