ADVERTISEMENT

മൂലമറ്റം ∙ തന്റെ കുടുംബത്തിൽ നിന്ന് ഒരാൾക്കെങ്കിലും കെഎസ്ഇബിയിൽ ജോലി എന്ന സ്വപ്നം ബാക്കിയാക്കി അറക്കുളം ചെറുമുളയിൽ മേരി പൈലി (ജാക് ഹാമർ മേരി–90) യാത്രയായി. 1962ൽ മൂലമറ്റം വൈദ്യുതിനിലയത്തിന്റെ നിർമാണത്തിനായി എത്തിയതാണ് മേരിയും ഭർത്താവ് പൈലിയും കുടുംബവും. പൂർണ ആരോഗ്യമുള്ള പുരുഷൻമാർ ജാക് ഹാമർ ഒരു സഹായിയോടൊപ്പം പ്രവർത്തിപ്പിച്ചിരുന്നപ്പോൾ മേരിക്ക് സഹായി വേണ്ടായിരുന്നു. ഇതു കണ്ട അന്നത്തെ കലക്ടറും ഇടുക്കി പ്രോജക്ടിന്റെ കോ–ഓർഡിനേറ്ററുമായ ബാബുപോൾ മേരിക്ക് ‘ജാക് ഹാമർ മേരി’ എന്നു പേരിട്ടു. ബാബുപോളിന്റെ സർവീസ് സ്റ്റോറിയിൽ മേരിയെക്കുറിച്ചു പരാമർശമുണ്ട്. 

എല്ലാവർക്കും 1.15 പൈസ കൂലി നൽകിയിരുന്ന കാലത്ത് മേരിക്ക് 3.00 രൂപയായിരുന്നു തുടക്കത്തിലെ കൂലി. കൂലി പ്രശ്നത്തിനു സമരം ചെയ്തവരെ പിടിച്ചു ജയിലിലാക്കിയപ്പോൾ തന്റെ 5-ാമത്തെ കുട്ടിയെ ജയിലിലാണ് മേരി പ്രസവിച്ചത്. ഇടുക്കിയടക്കം ഒട്ടേറെ വൈദ്യുതി പദ്ധതികളിൽ നിർമാണജോലികൾക്ക് മേരി ജാക് ഹാമർ പ്രവർത്തിപ്പിച്ചിട്ടുണ്ട്. പൊന്മുടി ഡാമിന്റെ നിർമാണത്തിൽ പാറക്കെട്ടിനു മുകളിലേക്ക് വടത്തിൽ ആടിയെത്തി ജാക് ഹാമർ പ്രവർത്തിപ്പിക്കുന്ന അപൂർവം ആളുകളിൽ ഒരാളായിരുന്നു മേരി. 

മൂലമറ്റം വൈദ്യുതിനിലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പാറ തെളിയുന്നതുവരെ മണ്ണ് മാറ്റിയ മേരി ജാക് ഹാമർ ഉപയോഗിക്കേണ്ടി വന്നതിലും കഥയുണ്ട്. പാറ പൊട്ടിച്ചുമാറ്റുന്ന ജോലി തുടങ്ങുന്നതിനു മുൻപ് എൻജിനീയർമാർ പരിശോധന നടത്തി. കരാറുകാരൻ ജ്യോത്സ്യനെ വിളിച്ചുവരുത്തി പ്രശ്നം വച്ചു. പ്രശ്നത്തിൽ പാറപൊട്ടിക്കൽ തുടങ്ങുന്നതിന് 9 പേർ വേണം. ഇതിൽ ഒരാൾ സ്ത്രീ ആയിരിക്കണം. പാറപൊട്ടിക്കാൻ ജാക് ഹാമർ പ്രവർത്തിപ്പിക്കാൻ അങ്ങനെ മേരിയും ഉൾപ്പെട്ടു. 1967 മുതൽ രണ്ടാം ഘട്ടത്തിൽ 1985 വരെ നിലയത്തിന്റെ നിർമാണത്തിൽ പങ്കാളിയായി. നിലയത്തിലെ പാറപൊട്ടിക്കുന്നതിനിടെ കൂടെയുണ്ടായിരുന്നവർ പാറ മറിഞ്ഞുവീണും അപകടങ്ങളിലും മരിച്ചത് നേരിട്ടു കാണേണ്ടിവന്നു. നിലയത്തിന്റെ നിർമാണത്തിൽ പങ്കെടുത്തിരുന്നവർക്ക് കെഎസ്ഇബി ജോലി നൽകിയപ്പോൾ മേരിയെ മാത്രം കെഎസ്ഇബി പരിഗണിച്ചില്ല. തുടർന്ന് തന്റെ മക്കൾക്കെങ്കിലും ജോലി ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ആഗ്രഹം ബാക്കിയാക്കിയാണ് മേരി മടങ്ങുന്നത്. 

സംസ്കാരം ഇന്നു 10നു വസതിയിൽ ആരംഭിച്ച് അറക്കുളം സെന്റ്‌ മേരീസ് പുത്തൻപള്ളിയിൽ. ഭർത്താവ്: പരേതനായ പൈലി. മക്കൾ: ബേബി, മേഴ്സി, ബിജു, പരേതരായ ബാബു, ടോമി, സൈമൺ. മരുമക്കൾ: ത്രേസ്യാമ്മ, അഗസ്റ്റിൻ, സോഫി, സുമ, സോഫി.

English Summary:

Mary Pailey passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com