ADVERTISEMENT

ആലപ്പുഴ∙ കേരളത്തിൽ തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പക്ഷികൾക്കു പുറമെ പശുവും ആടും ഉൾപ്പെടെ മൃഗങ്ങളുടെയും സ്രവ സാംപിളുകൾ ശേഖരിച്ചു പരിശോധന നടത്തി. പത്തു വർഷമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും മൃഗങ്ങളിലേക്കു പകർന്നിട്ടുണ്ടോയെന്ന പരിശോധന ഇതാദ്യമാണ്. ആദ്യഫലങ്ങളിൽ രോഗം പകർന്നതിന്റെ സൂചനകളില്ല. 

ഡൽഹിയിൽ രണ്ടാഴ്ച മുൻപു നടത്തിയ യോഗത്തിലാണു പക്ഷിപ്പനി വളർത്തു മൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്കും തന്നെ വ്യാപിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയത്. പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നത് അപൂർവമാണെങ്കിലും അങ്ങനെ വന്നാൽ ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നു വിദഗ്ധർ അറിയിച്ചു. തുടർന്നാണു വളർത്തു മൃഗങ്ങളുടെ പരിശോധനയ്ക്കു തീരുമാനിച്ചത്. അസുഖം ബാധിച്ച പക്ഷികളുമായി അടുത്തിടപഴകിയ മനുഷ്യരുടെ സാംപിളുകളും പരിശോധിക്കാൻ തുടങ്ങി.

ആലപ്പുഴയിൽ ഈ സീസണിൽ പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച ചെറുതന, എടത്വ എന്നിവിടങ്ങളിൽ വളർത്തു മൃഗങ്ങളിൽ നിന്നു സ്രവ സാംപിൾ ശേഖരിച്ചു പരിശോധിച്ചു. പശു, ആട്, പോത്ത്, എരുമ തുടങ്ങിയ വളർത്തു മൃഗങ്ങളിലാണു പരിശോധന നടത്തിയത്. ഫലം നെഗറ്റീവാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച മറ്റിടങ്ങളിലാണ് ഇപ്പോൾ സാംപിൾ ശേഖരിക്കുന്നത്. കർഷകരിൽ നിന്ന് ആരോഗ്യ വകുപ്പ് ശേഖരിച്ച സ്രവ സാംപിൾ പരിശോധനയ്ക്കു കൈമാറി. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ശേഖരിക്കുന്ന സ്രവ സാംപിൾ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ പ്രോസസ് ചെയ്ത ശേഷം ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ അയച്ചാണു പരിശോധിക്കുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ സ്ഥിരമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണു മനുഷ്യരിലേക്കും ഇതു പടരുമോയെന്ന ആശങ്ക ഉണ്ടായത്. രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന ആദ്യ കേസ് കേരളത്തിലാകുമോയെന്ന ആശങ്ക കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പങ്കുവച്ചിരുന്നു.

English Summary:

screening for spreading of Bird flu to domestic animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com