ADVERTISEMENT

കൊച്ചി∙ രാജ്യാന്തര അവയവ കച്ചവട റാക്കറ്റിന്റെ പ്രവർത്തനം അഞ്ചു തട്ടുകളിലായി. ഇന്ത്യയിലുള്ളത് അവസാന തട്ടിലെ ഏജന്റുമാരും ബ്രോക്കർമാരും (ഇടനിലക്കാർ) മാത്രം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ട തൃശൂർ വലപ്പാട് സ്വദേശി സബിത്ത് അവസാന കണ്ണിയാണ്. റാക്കറ്റിന്റെ ഇന്ത്യയിലെ മുഖ്യഏജന്റിന്റെ പേരുപോലും സബിത്തിന് കൃത്യമായി അറിയില്ല. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണം നീങ്ങുന്നതു ഹൈദരാബാദിലെ ഡോക്ടറിലേക്ക്. രാജ്യാന്തര കുറ്റകൃത്യമായതിനാൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറും. ‍

അവയവദാനത്തിനായി വിദേശത്തേക്കു പോയി മടങ്ങിയെത്തിയ ഇരകളുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം കേന്ദ്ര ഏജൻസികൾ പൂർത്തിയാക്കി വിവരം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കു കൈമാറിയത്. ഇതിൽ കേരള പൊലീസാണ് അറസ്റ്റിലേക്ക് ആദ്യം നീങ്ങിയത്. റാക്കറ്റിന്റെ  രണ്ടാംനിര ബ്രോക്കറായ സബിത്ത് കൊച്ചി വിമാനത്താവളത്തിൽ എത്തിയ വിവരം പരാതിക്കാരിൽ ഒരാൾ കൃത്യമായി അറിയിച്ചതാണ് അറസ്റ്റിനു വഴിയൊരുക്കിയത്. സബിത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട അന്വേഷണം നടക്കുന്നത്. വ്യാജ ആധാർകാർഡ്, പാസ്പോർട്ട് എന്നിവ ഉപയോഗിച്ച് ഇറാനിലേക്കു കടത്തിയ മലയാളികളുടെ വിവരം സബിത്തിൽ നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചു. ഹൈദരാബാദിലെ ഡോക്ടറെക്കുറിച്ചുള്ള വിവരവും സബിത്ത് നൽകി. ഈ ഡോക്ടറാണ് റാക്കറ്റിന്റെ ഇന്ത്യയിലെ ഏജന്റുമാരിൽ പ്രധാനി.

യുഎൻ അംഗത്വമുള്ള രാജ്യങ്ങളിൽ അവയവക്കച്ചവടം നിയമം മൂലം അനുവദിക്കുന്ന ഏകരാജ്യം ഇറാനാണ്. വൃക്ക, കരൾ, പാൻക്രിയാസ്, കണ്ണുകൾ, ഗർഭപാത്രം, ത്വക്ക് എന്നിവ അടക്കം 24 മനുഷ്യാവയവങ്ങളുടെ കച്ചവടം ദാതാവിന്റെ സമ്മതപത്രത്തോടെ ഇറാൻ അനുവദിച്ചിട്ടുണ്ട്. അവയവകച്ചവട റാക്കറ്റിന്റെ മുഖ്യകണ്ണിയായ ഇൻഷുറൻസ് കമ്പനി ഏജന്റുമാരുടെ പ്രവർത്തനം ഇറാനിലെ ആശുപത്രികളിൽ കേന്ദ്രീകരിക്കാൻ ഇതാണു കാരണം. യുഎൻ സഖ്യരാജ്യവും ഇന്ത്യയുടെ സൗഹൃദരാഷ്ട്രവുമായ ഇറാനിൽ നടന്ന കുറ്റകൃത്യമായതിനാൽ നയതന്ത്ര പ്രശ്നങ്ങൾക്കു വഴിതുറക്കാതെ കേസന്വേഷണം നടത്താനാണു കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന നിർദേശം. 

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സബിത്തിനെ 10 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന മെഡിക്കൽ ഡോക്ടർ കൂടിയായ എറണാകുളം റൂറൽ എസ്പി ‍ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം.

അവയവ റാക്കറ്റിന്റെ അഞ്ച് കൈകൾ

∙വിദേശ ഇൻഷുറൻസ് കമ്പനി ഏജന്റുമാർ

∙റാക്കറ്റിന്റെ ഭാഗമായ ആശുപത്രി ശൃംഖല

∙മുഖ്യ ഏജന്റ്

∙ഒന്നാം നിര ബ്രോക്കർ

∙രണ്ടാം നിര ബ്രോക്കർ

English Summary:

Operation of the international organ racket as five levels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com