ADVERTISEMENT

തിരുവനന്തപുരം / ചെന്നൈ ∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചു. പുതിയ അണക്കെട്ട് നിർമിക്കാൻ കുറഞ്ഞത് 7 വർഷം വേണമെന്നാണ് ജലസേചന വകുപ്പ് കരുതുന്നത്. എന്നാൽ, അടിയന്തരമായി ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ടാൽ 5 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണു വിലയിരുത്തൽ. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂർത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ മാസം 28നു ചേരുന്ന വിദഗ്ധ വിലയിരുത്തൽ സമിതി യോഗത്തിൽ പുതിയ ഡാം എന്ന ആവശ്യം ഉന്നയിക്കും. 

നിലവിലുള്ള അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനനീക്കവുമായി കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. തമിഴ്നാടിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുവാദം നൽകരുതെന്നുള്ള കത്ത് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു നൽകാനാണു നീക്കം. വിഷയം 28നു ചർച്ച ചെയ്യുന്നതിനെയും എതിർക്കും. 

മുല്ലപ്പെരിയാർ അണക്കെട്ടിൽ നടത്തേണ്ട സ്വതന്ത്ര പരിശോധനയ്ക്കു പരിഗണിക്കേണ്ട വിഷയങ്ങൾ തയാറാക്കാനുള്ള കേന്ദ്ര ജല കമ്മിഷന്റെ ആവർത്തിച്ചുള്ള നിർദേശം ലഭിച്ച് 5 മാസം പിന്നിട്ടിട്ടും തമിഴ്നാട് പ്രതികരിച്ചിരുന്നില്ല. ഡാം സുരക്ഷാ നിയമം വന്ന് 5 വർഷത്തിനുള്ളിൽ ഇതു നടത്തിയാൽ മതിയെന്നും അതനുസരിച്ച് പരിശോധനയ്ക്ക് 2026 വരെ സമയമുണ്ടെന്നുമായിരുന്നു തമിഴ്നാടിന്റെ നിലപാട്. 

പുതിയ അണക്കെട്ടിനായി ഡിപിആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. ആദ്യ ഡിപിആർ 2011 ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന്റെ നീക്കത്തിനെതിരെ പ്രധാനമന്ത്രിയെ നേരിൽക്കാണാൻ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതേസമയം, ഇടുക്കി വട്ടവടയിൽ ചിലന്തിയാറിലെ തടയണ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.

English Summary:

Mullaperiyar: Kerala has stepped up its demand for a new dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com