ADVERTISEMENT

കാഞ്ഞങ്ങാട്∙ ബാറും മദ്യനയവും കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുമ്പോൾ 6 മാസം മുൻപ് ഒരു ദിവസംമാത്രം പ്രവർത്തിച്ച ചെറുവത്തൂർ ബവ്കോ മദ്യവിൽപന കേന്ദ്രം എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിൽ ദുരൂഹത തുടരുന്നു. ബാറുകൾക്ക് 2 കിലോമീറ്റർ പരിധിയിൽ മദ്യവിൽപന കേന്ദ്രം അനുവദിക്കില്ലെന്ന് മദ്യനയം പുതുക്കുന്ന സമയത്ത് ഉടമകൾക്ക് നൽകിയ വാക്കാലുള്ള ധാരണ പാലിക്കാനാണ് ചെറുവത്തൂരിലേതു പൂട്ടുന്നതെന്നാണ് ആരോപണം. വിൽപന കേന്ദ്രത്തിന് സമീപത്തെ ബാറുടമയിൽനിന്ന് 50,000 രൂപ സിപിഎം സംഭാവനയായി സ്വീകരിച്ചെന്ന വിവരംകൂടി പുറത്തായതോടെ ബാറിനു വേണ്ടിയാണ് മദ്യവിൽപന കേന്ദ്രം പൂട്ടിച്ചതെന്ന വാദം കനത്തു.

പാലക്കുന്ന് അനുവദിച്ച വിൽപന കേന്ദ്രമാണു ചെറുവത്തൂരിൽ സ്ഥാപിച്ചത്. ഉദ്ഘാടന ദിവസം മാത്രം പ്രവർത്തിച്ച് 9.44 ലക്ഷം രൂപയുടെ മദ്യം വിറ്റ വിൽപന കേന്ദ്രം അന്നു രാത്രി വന്ന ഒരൊറ്റ ഫോൺ വിളിയിൽ പൂട്ടുകയായിരുന്നു. ഇതോടെ സിപിഎം പ്രാദേശിക നേതാക്കൾക്കിടയിൽ ഭിന്നത ഉടലെടുത്തു. പ്രതിരോധത്തിലായതോടെ ഏരിയ കമ്മിറ്റി യോഗം ചേർന്ന്, ചെറുവത്തൂരിലെ മദ്യവിൽപന കേന്ദ്രം പൂട്ടാൻ പാടില്ലായിരുന്നു എന്ന തീരുമാനത്തിലെത്തി.

പൂട്ടലിന്റെ ഭാഗമായി സ്റ്റോക്ക് പരിശോധിക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ സിഐടിയു വിൽപന കേന്ദ്രത്തിന് മുന്നിൽ സമരമാരംഭിക്കുകയും നേതൃത്വത്തിനെതിരെ ഫ്ലെക്സ് ബോർഡുകൾ ഉയരുകയും ചെയ്തു. എന്നാൽ, ഈ മാസം 23ന് സ്റ്റോക്ക് പിലാത്തറയിലെ വിൽപന കേന്ദ്രത്തിലേക്ക് മാറ്റിയപ്പോൾ പ്രതിഷേധിക്കാൻ ആരുമെത്തിയില്ല.

കിലോമീറ്ററുകൾ അകലെയുള്ള പാലക്കുന്നിൽ അനുവദിച്ച വിൽപന കേന്ദ്രം എന്തിനാണ് ചെറുവത്തൂരിൽ തുടങ്ങിയതെന്നതും ഉദ്ഘാടനദിവസം രാത്രിതന്നെ വിൽപന കേന്ദ്രം പൂട്ടാൻ നിർദേശിച്ച ആ ഫോൺ സന്ദേശം ആരുടേതായിരുന്നുവെന്നതും ഇപ്പോഴും ദുരൂഹം.

English Summary:

Worked for only one day; mystery behind closure of Bevco liquor store at Cheruvathoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com