ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ മദ്യനയവും ഡ്രൈ ഡേ ഒഴിവാക്കലും സംബന്ധിച്ച ആലോചനയൊന്നും നടന്നിട്ടില്ലെന്നു മന്ത്രി എം.ബി.രാജേഷ് ആവർത്തിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ജനുവരിയിൽ തന്നെ ഈ ആശയം ഔദ്യോഗികമായി സർക്കാരിനു മുൻപിൽ വച്ചു. ജനുവരി 4നു ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണിത്. ബാറുടമകളുടെ ദീർഘകാലമായുള്ള ആവശ്യം പുതിയ മദ്യനയത്തിനു മുന്നോടിയായി എക്സൈസ് വകുപ്പ് സർക്കാരിനെ അറിയിക്കുകയായിരുന്നു.

എക്സൈസ് വകുപ്പിന്റെ അധികാരപരിധിയിൽപെട്ട വിഷയത്തിൽ കൂടുതൽ താൽപര്യമെടുത്തതും ബാറുടമകളെ ഉൾപ്പെടെ പങ്കെടുപ്പിച്ചു പിന്നീട് യോഗം വിളിച്ചതും ടൂറിസം വകുപ്പാണ്. മേയ് 21നു ടൂറിസം ഡയറക്ടറുടെ യോഗത്തിൽ ‍ഡ്രൈ ഡേ പിൻവലിക്കണമെന്ന ആവശ്യം ബാറുടമകൾ ഉയർത്തി. അതിന്റെ 3–ാം ദിവസമാണ് ഇക്കാര്യം ചർച്ച ചെയ്യാൻ അവരുടെ നേതൃയോഗം ചേർന്നത്. കോഴയാരോപണത്തിന്റെ തുടക്കവും ഈ യോഗത്തിന്റെ തുടർച്ചയായിരുന്നു.

ഡ്രൈ ഡേ ഒഴിവാക്കണമെന്ന‌തു ടൂറിസം വകുപ്പിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിനു മാർച്ചിൽ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സെക്രട്ടറിതല യോഗത്തിൽ അവർ ആവശ്യം ആവർത്തിച്ചു. ഒരുപടി കൂടി കടന്ന് ടൂറിസം സെക്രട്ടറി ഈ വിഷയം ഉൾപ്പെടുത്തി സർക്കാരിനു റിപ്പോർട്ട് നൽകുകയും ടൂറിസം ഡയറക്ടർ ബാറുടമകൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിക്കുകയുമായിരുന്നു. ഡ്രൈ ഡേ ടൂറിസം മേഖലയുടെ പ്രധാന പ്രശ്നമായി അവതരിപ്പിക്കുകയും സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയുമായിരുന്നു ഉദ്ദേശ്യമെന്നാണു വിവരം. എക്സൈസ് വകുപ്പിനെ മറികടന്നു മദ്യനയത്തിൽ ഇടപെടാൻ ടൂറിസം വകുപ്പ് അമിതോത്സാഹം കാണിച്ചെന്ന സംശയമാണുയരുന്നത്.

എക്സൈസിന്റെ തലയിൽ വച്ച് റിയാസ്

വകുപ്പുകൾ തമ്മിലുള്ള ഉരസൽ വിവാദത്തെ പ്രതിരോധിക്കുന്നതിലും പ്രകടമാണ്. ഒരാലോചനയും നടന്നിട്ടില്ലെന്ന തിടുക്കത്തിലുള്ള പ്രതികരണത്തോടെ സ്വന്തം കാര്യം സുരക്ഷിതമാക്കാനാണു മന്ത്രി എം.ബി.രാജേഷ് ശ്രമിച്ചത്. ഡ്രൈ ഡേ ഒഴിവാക്കൽ, സമയം നീട്ടൽ എന്നീ രണ്ടാവശ്യങ്ങളും മദ്യനയത്തിലൂടെയല്ലാതെ നടപ്പാക്കാനാകില്ല. വകുപ്പുമന്ത്രിയെ ഇരുട്ടിൽനിർത്തി ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിലുള്ള അതൃപ്തിയാണു രാജേഷ് പ്രകടിപ്പിച്ചതെന്നു കരുതാം. ബാർ കോഴ വിവാദം എക്സൈസ് വകുപ്പിന്റെ വിഷയമെന്ന തരത്തിലാണു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. എം.ബി.രാജേഷിനോട് അടുപ്പം പുലർത്തുന്ന പി.രാജീവ് അല്ലാതെ മറ്റു സിപിഎം മന്ത്രിമാരാരും കാര്യമായ പ്രതിരോധത്തിനു മുതിർന്നില്ല. സർക്കാരിനെ ഉലയ്ക്കുന്ന വിവാദമായി മാറിയിട്ടും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പിൻവലിയുകയും, ടൂറിസം ഡയറക്ടറെയും ചീഫ് സെക്രട്ടറിയെയും രംഗത്തിറക്കി വിശദീകരണം നൽകുകയും ചെയ്യുന്ന ഇതുവരെയില്ലാത്ത ശൈലിയാണു സർക്കാർ സ്വീകരിക്കുന്നത്.

English Summary:

It is lie that new liquor policy was not considered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com