sections

manoramaonline

MORE

ആൻലിയയും ചൈത്രയും ചർച്ചയായി; ജനുവരിയിൽ മലയാളികൾ വായിച്ചത് നാലുമിനിറ്റിൽ

SHARE

പുതിയ വർഷത്തിന്റെ ആദ്യമാസം തുടങ്ങിയത് വനിതാ മതിൽ എന്ന ചരിത്രത്തോടെയാണ്. അവസാനിച്ചത് ബജറ്റ് പ്രഖ്യാപനങ്ങളോടെയും. ഇതിനിടയിൽ പ്രക്ഷോഭമായ ശബരിമല യുവതീദർശനവും നൊമ്പരമായി ആൻലിയയുടെ വാർത്തകളും എത്തി. ജനുവരിയിൽ മനോരമ ഓൺലൈനിൽ മലയാളി വായനക്കാർ ഏറ്റവും കൂടുതൽ വായിച്ച, ചർച്ച ചെയ്ത, അഭിപ്രായങ്ങൾ പങ്കുവച്ച കേരള വാർത്തകൾ ഏതൊക്കെയെന്നു നോക്കാം.

നീതി തേടി ആൻലിയ

2018 ഓഗസ്റ്റ് 25ന് കാണാതായ ആൻലിയയുടെ മൃതദേഹം 28ന് പെരിയാറിൽനിന്ന് കണ്ടെത്തി. അന്നുമുതൽ തുടങ്ങുകയായിരുന്നു ഒരു കുടുംബത്തിന്റെ കണ്ണീർ. ആൻലിയയെ കാണാതായതായി ഭർത്താവ് ജസ്റ്റിനാണ് പൊലീസിൽ പരാതി നൽകിയത്. പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിൻ കയറ്റിവിട്ടു എന്നാണ് ജസ്റ്റിൻ ആദ്യം പറഞ്ഞത്. പിന്നീട് കാണാനില്ലെന്ന് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് വിദേശത്തുള്ള മാതാപിതാക്കളെയും അറിയിച്ചു. മകളുടെ സംസ്കാര ചടങ്ങുകളിൽ ഭർത്താവും കുടുംബവും പങ്കെടുത്തില്ലെന്നതുൾപ്പെടെ നിരവധി രഹസ്യാത്മക കാര്യങ്ങൾ കൊലപാതക സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് പിതാവ് ഹൈജിനസ് ആരോപിക്കുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന പിതാവിന്റെ പരാതിയിൽ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

ചൈത്രയ്ക്കെതിരെ എന്തു നടപടി?

പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ എസ്പി ചൈത്ര തെരേസ ജോൺ മിന്നൽ റെയ്ഡ് നടത്തി. പോക്സോ കേസിൽ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ കാണാൻ ഡിവൈഎഫ്ഐ നേതാവും സംഘവും സ്റ്റേഷനിൽ എത്തിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമാണെന്നു പാർട്ടി വാദിക്കുന്നു. എന്നാൽ മുഖ്യപ്രതി പാർട്ടി ഓഫിസിലുണ്ടെന്നു വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നാണ് എസ്പി കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ എസ്പിയുടെ വാദത്തെ മുഖ്യമന്ത്രി തള്ളി. ചൈത്രയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അരക്കോടി വനിതകൾ അണിനിരന്നു; വൻമതിൽ

പുതുവൽസര ദിനത്തിൽ വനിതകൾ കെട്ടിപ്പൊക്കി 620 കിലോമീറ്റർ ദൂരത്തിൽ ചരിത്രം. നവോത്ഥാന മൂല്യങ്ങൾ‌ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സർക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേർന്നു കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയിൽ ഒരുക്കിയ വനിതാമതിൽ ജ്വലിക്കുന്ന സ്ത്രീശക്തിയുടെ നേർസാക്ഷ്യമായി. അരക്കോടി വനിതകൾ മതിലിന്റെ ഭാഗമായെന്നാണ് സർക്കാർ കണക്ക്. കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിൽ ആദ്യ കണ്ണിയായി മന്ത്രി കെ.കെ. ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി പ്രതിമയ്ക്കു മുന്നിലെ വേദിയിൽ അവസാന കണ്ണികളായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ ദേശീയ നിർവാഹകസമിതി അംഗം ആനി രാജയും മതിലിന്റെ ഭാഗമായി.

രഞ്ജി സെമിയിൽ കേരളത്തിനു തോൽവി

ചരിത്രത്തിലെ ആദ്യ രഞ്ജി ഫൈനൽ എന്ന കേരളത്തിന്റെ സ്വപ്നം കൃഷ്ണഗിരിയിൽ പൊലിഞ്ഞു. തുടർച്ചയായ രണ്ടാം സീസണിലും കേരളത്തെ തോൽപ്പിച്ച് നിലവിലെ ചാംപ്യൻമാരായ വിദർഭ ഫൈനലിൽ കടന്നു. മൂന്നു ദിവസത്തിലധികം കളി ബാക്കിനിൽക്കെ ഇന്നിങ്സിനും 11 റൺസിനുമാണ് വിദർഭയുടെ ജയം. പേസ് ബോളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിൽ ദേശീയ ടീമംഗം ഉമേഷ് യാദവിന്റെ മാരക ബോളിങ്ങാണ് കേരളത്തെ തകർത്തത്. ഈ മൽസരത്തിനു പിന്നാലെ കേരളതാരം വി.എ. ജഗദീഷിന്റെ വിരമിക്കൽ പ്രഖ്യാപനവുമെത്തി. കർണാടകയെ തകർത്തെത്തുന്ന സൗരാഷ്ട്രയാണ് ഫൈനലിൽ വിദർഭയുടെ എതിരാളികൾ.

ശബരിമലയിലെ യുവതീപ്രവേശം

വനിതാ മതിലിനു പിറ്റേന്ന് ജനുവരി രണ്ടിനു ശബരിമലയിൽ യുവതികൾ പ്രവേശിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദുവും മലപ്പുറം സ്വദേശി കനകദുർഗയുമാണ് പുലർച്ചെ സന്നിധാനത്തെത്തിയത്. മഫ്തിയിലെത്തിയ പൊലീസിന്റെ അകമ്പടിയോടെയാണ് ഇരുവരും മലകയറിയത്. യുവതീപ്രവേശത്തിൽ പ്രതിഷേധിച്ചു ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹർത്താൽ നടത്തി. ഇതിൽ വ്യാപക അക്രമവും അരങ്ങേറി. മറ്റു ചില യുവതികളും സന്നിധാനത്തെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

കരം പിടിക്കാൻ, കരം പിരിച്ച്

പ്രളയാനന്തര കേരളം പുനർനിർമിക്കാൻ ഊന്നൽ നൽകുന്ന സംസ്ഥാന ബജറ്റിൽ സാധാരണക്കാർക്കു മേൽ അധികഭാരം ചുമത്തി പ്രളയസെസും നിരക്കു വർധനകളും. തിരഞ്ഞെടുപ്പുവർഷം ബജറ്റിൽനിന്നു പ്രതീക്ഷിച്ചത് തലോടലാണെങ്കിൽ 928 ഉൽപ്പന്നങ്ങൾക്ക് 1% പ്രളയസെസ് ചുമത്തിയതോടെ വ്യാപക വിലക്കയറ്റത്തിനു വഴിതുറന്നു. പുനർനിർമാണ പാക്കേജിൽ 25 പദ്ധതികള്‍ എണ്ണിപ്പറഞ്ഞ മന്ത്രി ടി.എം. തോമസ് ഐസക് 42 ലക്ഷം പേർക്കു ഗുണം ചെയ്യുന്ന ക്ഷേമ പെൻഷൻ 100 രൂപ വീതം വർധിപ്പിച്ചു. പ്രളയദുരിതം മറികടക്കാൻ 4700 കോടി രൂപയുടെ ജീവനോപാധി പാക്കേജ്, എല്ലാവർക്കും എൽഇഡി ബൾബ്, വിദേശത്തുനിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം, ഓഖി പാക്കേജ് നടപ്പാക്കാൻ 1000 കോടി എന്നിവയും പ്രഖ്യാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA