ADVERTISEMENT

തൃശൂര്‍∙ ചാലക്കുടിയുടെ ഉള്‍പ്രദേശങ്ങളില്‍ വഴിനടക്കാന്‍ സ്ത്രീകള്‍ക്കു ഭയമായിരുന്നു; കഴിഞ്ഞ മൂന്നര മാസമായി ഇരുപതിടത്താണു മാല പൊട്ടിച്ചത്. വഴിയരികിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടെ മാലകളാണു നഷ്ടപ്പെട്ടത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വരുന്ന യുവാവാണു മാല പൊട്ടിച്ചതെന്നു സ്ത്രീകളുടെ മൊഴി. ആരാണ് ബൈക്കില്‍ എത്തുന്ന മാലക്കള്ളന്‍?... ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ വേണ്ടിവന്നതു മൂന്നര മാസം. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും അന്വേഷണം ഏറ്റെടുത്തു. പിന്നെ സംഭവിച്ചത് ഇതാണ്.

സിസിടിവി ക്യാമറകള്‍ പരതി

മാല പൊട്ടിച്ച ബൈക്കുകാരന്‍ പോയ വഴികളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരതി. ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ കിട്ടി. പക്ഷേ, നമ്പര്‍ വ്യക്തമല്ല. എക്സ്ട്രാ ഫിറ്റിങ്സുകള്‍ ബൈക്കില്‍ ഉണ്ടെന്നു മാത്രമായിരുന്നു സൂചന. മാല പൊട്ടിക്കല്‍ കേസുകളില്‍ അറസ്റ്റിലായ മുന്‍ കുറ്റവാളികളെ അന്വേഷിച്ചു.

അവരൊന്നും സംഭവ സമയത്ത് ചാലക്കുടി മേഖലയില്‍ ഇല്ല. ദൃശ്യങ്ങളില്‍ കണ്ട അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അന്‍പതോളം ബൈക്കുകള്‍. ഇതില്‍ നിന്നു സംശയമുള്ള എട്ടു ബൈക്കുകള്‍ പൊലീസ് പ്രത്യേകം നിരീക്ഷിച്ചു. പൊലീസിന്റെ അന്വേഷണം തുടരുന്നതിനിടെയും മാല പൊട്ടിക്കല്‍ തുടര്‍ന്നു. ആളെ കണ്ടെത്തനാണെങ്കില്‍ കഴിഞ്ഞതുമില്ല.

‘പൂഴിക്കടകന്‍’ തന്നെ രക്ഷ

പൊലീസ് അന്വേഷണത്തില്‍ ‘പൂഴിക്കടകന്‍’ എന്നറിയപ്പെടുന്ന ഒന്നാണ് മൊബൈല്‍ ടവറിനു കീഴിലെ ലക്ഷണക്കണക്കിനു ഫോണ്‍ കോളുകള്‍ നീരിക്ഷിക്കുകയെന്ന കടമ്പ. ഗത്യന്തരമില്ലാതെ പൊലീസ് ആ വഴിക്കുതന്നെ നീങ്ങി. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു. സംഭവ സമയത്തും അതിനു ശേഷവും സജീവമായ യുവാക്കളുടെ ഫോണുകള്‍ പ്രത്യേകം തിരഞ്ഞെടുത്തു. ഈ യുവാക്കള്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതില്‍, കുറ്റിച്ചിറ സ്വദേശി അമല്‍ നിരവധി തവണ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെത്തി.

ഫോട്ടോ തിരിച്ചറിഞ്ഞു

അമലിന്റെ ഫോട്ടോയുമായി പൊലീസ് സംഘം പണ്ടം പണയ സ്ഥാപനത്തില്‍ എത്തി. ഈ യുവാവു മാല പണയപ്പെടുത്തിയിട്ടുണ്ടോയെന്നു തിരക്കി. ആറു മാലകള്‍ പണയം വച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അമലിനെ കസ്റ്റഡിയിലെടുത്തു. ആരോപണങ്ങളെല്ലാം അമല്‍ കയ്യോടെ നിഷേധിച്ചു. മാലകള്‍ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിച്ചില്ല. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍. സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍. സാധാരണ കുടുംബം. പത്ര വിതരണത്തില്‍ നിന്നു കിട്ടുന്ന വരുമാനം അനുസരിച്ചുള്ള ജീവിതമായിരുന്നില്ല അമലിന്റേതെന്നു വ്യക്തമായി. വരുമാനത്തിന്റെ കണക്കുകള്‍ പൊലീസ് നിരത്തിയതോടെ നില്‍ക്കക്കള്ളിയില്ലാതെയായി. അമല്‍ ഏറ്റുപറഞ്ഞു. മാല പൊട്ടിക്കല്‍ പരമ്പരകളുടെ പച്ചയായ യാഥാര്‍ഥ്യം.

ഇടംകൈയുടെ കരുത്ത്

സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയ്ക്കു നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു. മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ധൂര്‍ത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളില്‍. വീടിനടുത്തുള്ള സുഹൃത്തുക്കളേയും ഒപ്പം വിളിച്ചായിരുന്നു പോക്ക്. പ്ലസ്ടുവാണ് വിദ്യാഭ്യാസം. അയല്‍പക്കത്തെ വീടുകളില്‍ സ്ഥിരമായി സിഎഫ്എല്‍ ബള്‍ബുകള്‍ മോഷണം പോകുമായിരുന്നു. അമലാണ് ഈ മോഷണത്തിനു പിന്നില്ലെന്നു നാട്ടുകാര്‍ പലപ്പോഴും പറഞ്ഞിരുന്നു. ബള്‍ബ് മാറ്റി മാല പിടിച്ചുപറി തുടങ്ങിയതോടെ വരുമാനം ഉയര്‍ന്നു. മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ. പണയപ്പെടുത്തിയ പതിനാലു മാലകള്‍ പൊലീസ് കണ്ടെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com