ADVERTISEMENT

വിജയവാഡ∙ ഫ്ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന്‍ ഹൈദരാബാദില്‍ മരിച്ച സംഭവ െപണ്‍കെണിയാണെന്ന് ആന്ധ്രാ പ്രദേശ് പൊലീസ്. കേസുമായി ബന്ധപ്പെട്ട്് റിയല്‍ എസ്‌റ്റേറ്റ് ഏജന്റും ഡ്രൈവറും അറസ്റ്റിലായി. റിയല്‍ എസ്‌റ്റേറ്റ് ഏജന്റില്‍നിന്ന് വാങ്ങിയ പണം മടക്കി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ചിഗുരുപതി ജയറാം എന്ന എന്‍ആര്‍ഐ ബിസിനസുകാരനെ പെണ്‍കെണിയില്‍ കുടുക്കി കൊല്ലുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി.

റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് രാകേഷ് റെഡ്ഡിയാണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ ഡ്രൈവര്‍ ശ്രീനിവാസിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. യുവതിയുടെ ചിത്രം വച്ച വാട്‌സ് ആപ്പ്് അക്കൗണ്ട് ഉപയോഗിച്ച് ജയറാമിനെ ആളൊഴിഞ്ഞ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. 

ജനുവരി 31ന് വിജയവാഡയ്ക്കടുത്തുള്ള നന്ദ്യഗാമ എന്ന സ്ഥലത്തു ദേശീയപാതയോരത്താണ് ജയറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്റ്റല്‍ ബാങ്ക് ഡയറക്ടറായിരുന്ന ജയറാമിന്റെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലായിരുന്നു കണ്ടെത്തിയത്. ബന്ധുക്കളുള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.

4 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് രാകേഷ് റെഡ്ഡി ജയറാമിനെ കൊലപ്പെടുത്തുകയായിരുനെന്ന് എസ്പി സര്‍വശ്രേഷ്ഠ് ത്രിപതി വ്യക്തമാക്കി. തെലുങ്ക് മാധ്യമ സ്ഥാപനമായ എക്‌സ്പ്രസ് ടിവിയുടെ എംഡി കൂടിയാണു മരിച്ച ജയറാം. ഈ ചാനല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ദിവസങ്ങള്‍ക്കു മുന്‍പാണ് ജയറാം യുഎസില്‍നിന്ന് ഹൈദരാബാദിലേക്കെത്തിയത്. റെഡ്ഡി പണം തിരികെ ചോദിക്കാന്‍ തുടങ്ങിയതോടെ ജയറാം രാകേഷ് റെഡ്ഡിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാട്‌സാപില്‍ യുവതിയുടെ ചിത്രം വച്ചു മറ്റൊരു നമ്പരില്‍നിന്നു പ്രതി ജയറാമുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇരുവരും ചാറ്റിങ് ആരംഭിച്ചു.

തുടര്‍ന്ന് വാട്‌സാപിലെ 'വ്യാജയുവതി'യെക്കൊണ്ട് ജൂബിലി ഹില്‍സിലെ വീട്ടിലേക്ക് ജയറാമിനെ ഒറ്റയ്ക്കു വരാനായി ആവശ്യപ്പെട്ടു. തക്കംകിട്ടിയപ്പോള്‍ റെഡ്ഡിയും ഡ്രൈവറും ചേര്‍ന്ന് ജയറാമിനെ കീഴ്‌പ്പെടുത്തി ക്രൂരമായി മര്‍ദിച്ചു. വാങ്ങിയ പണവും പലിശയും ചേര്‍ത്ത് ആറു കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നു നടന്ന ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജയറാം മരിച്ചു. കൊലയാളികള്‍ മൃതദേഹവും കാറും കൃഷ്ണ ജില്ലയില്‍ ദേശീയ പാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. ഹൈദരാബാദ്‌വിജയവാഡ ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കേസ് തെളിയിച്ചത്. നന്ദ്യഗാമ എന്ന സ്ഥലത്തു ജയറാമിന്റെ കാര്‍ നിര്‍ത്തി കൊലയാളി മദ്യം വാങ്ങിയിരുന്നു. ജയറാമിന്റെ മൃതദേഹത്തോടൊപ്പം ഒഴിഞ്ഞ മദ്യക്കുപ്പികളും പിന്നീടു കണ്ടെത്തി.

നേരത്തേ ഒരു പ്രശ്‌നത്തില്‍പ്പെട്ട ജയറാമിനെ രാകേഷ് റെഡ്ഡി സഹായിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. പിന്നീട് ജയറാമിന്റെ സഹോദരപുത്രി ശിഖ ചൗധരിയുമായും രാകേഷ് സൗഹൃദം സ്ഥാപിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com