ADVERTISEMENT

കണ്ണൂർ ∙ ശരീരത്തിന്റെയോ നിറത്തിന്റെയോ വസ്ത്രത്തിന്റെയും ഒക്കെ പേരിൽ പലരും ബോഡി ഷെയിമിങ്ങിന് ഇരയാകാറുണ്ട്. കറുത്തവരെയും ആകാരഭംഗിയില്ലാത്തവരെയും പരിഹസിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പതിവുമാണ്. കണ്ണൂർ ചെറുപുഴയിൽ നടന്ന ഒരു കല്യാണവും സമൂഹമാധ്യമങ്ങളിലെ പരിഹാസവും ആണ് ആ കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ദമ്പതികളായ അനൂപും ജൂബിയും അറിയിച്ചു.

പത്രത്തിലെ വിവാഹപരസ്യമാണ് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പരിഹാസമായി മാറിയത്. 25 കാരൻ 48 കാരിയെ വിവാഹം കഴിച്ചുവെന്ന വ്യാജ തലക്കെട്ടിലാണ് ഇത് സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടർ പ്രചരിപ്പിച്ചത്.

പണം മോഹിച്ചാണ് സുന്ദരനായ വരൻ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പണം കണ്ടപ്പോൾ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാർത്ത ചമച്ചു. നെറികെട്ട ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് വാട്സാപിലും ഫെയ്സ്ബുക്കിലും മറ്റും ഇവര്‍ക്കെതിരെ പടച്ചുവിട്ടത്.

അനൂപ് സെബാസ്റ്റ്യനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് അനാരോഗ്യകരമായ സൈബര്‍ ആക്രമണമുണ്ടായത്. വ്യാജ വാർത്തകൾ ഏറ്റവുമധികം വേദനിപ്പിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. 

15 കോടി ആസ്തിയുള്ള 48 കാരിയെ 25 കാരൻ വിവാഹം കഴിച്ചെന്നായിരുന്നു ദുഷ്പ്രചാരണം. അനൂപും ജൂബിയും ഫെബ്രുവരി നാലിനാണ് വിവാഹിതരായത്. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനാണ് അനൂപ്. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്.

ടൂറിസത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയായ ജൂബിയെ കണ്ട് ഇഷ്ടമായ 29 കാരനായ അനൂപിന്റെ വീട്ടുകാർ വിവാഹലോചന നടത്തുകയായിരുന്നു. വിവാഹത്തെക്കുറിച്ച് പല കഥകളും ആളുകൾ ചമയ്ക്കുന്നുണ്ടെന്നും ഇതെല്ലാം ദുഃഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറഞ്ഞു. അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കാൻ തന്നെയാണു ദമ്പതികളുടെ തീരുമാനം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com