ADVERTISEMENT

ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌ര വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നിൽ ഹാജരായി. തുടർച്ചയായ മൂന്നാം തവണയാണ് വാധ്‌ര ഇഡിക്കു മുന്നിൽ ഹാജരാകുന്നത്.

ഇതുവരെ 14 മണിക്കൂറോളം വാധ്‌രയെ ചോദ്യം ചെയ്യലിനു വിധേയനാക്കിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെ 10.45നാണ് ഡൽഹിയിലെ ജാംനഗർ ഹൗസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ സ്വകാര്യ വാഹനത്തിൽ വാധ്‌ര എത്തിയത്. മുൻപു രണ്ടു തവണയും ചോദ്യം ചെയ്തതിന്റെ തുടർച്ചയായി ചില സംശയനിവാരണങ്ങൾക്കാണ് വാധ്‌രയെ വീണ്ടും വിളിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറ്, ഏഴ് ദിവസങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാധ്‌രയെ ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ തവണ അഞ്ചര മണിക്കൂറോളമാണ് വാ‌ധ്‌രയെ ചോദ്യംചെയ്യലിനു വിധേയനാക്കിയത്. രണ്ടാം തവണ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു.

ഒളിവിലുള്ള പ്രതിരോധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ചില രേഖകൾ മുന്നില്‍വച്ചാണ് വാധ്‌രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. സഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നാണ് വാധ്‌ര ഇതുവരെ പറഞ്ഞിരിക്കുന്നത്. സഞ്ജയ് ഭണ്ഡാരി വാധ്‌രയ്ക്കു വേണ്ടി ഫ്രാന്‍സില്‍നിന്നു ഡല്‍ഹിയിലേക്ക് 2012 ഓഗസ്റ്റില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ വച്ചാണ് ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട ചില രേഖകൾ വാധ്‌ര സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് ഹാജരാക്കാമെന്നും വാധ്‍‌ര അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്ത് അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളിൽ അന്വേഷണവുമായി സഹകരിക്കാൻ കഴിഞ്ഞയാഴ്ചയാണു ഡൽഹി കോടതി വാധ്‌രയോട് ആവശ്യപ്പെട്ടത്. കേസിൽ ഈ മാസം 16 വരെ കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

അതേസമയം ഭർത്താവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി ചോദ്യം ചെയ്യുന്നതിനിടെ, പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങളാണ് രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്. ആദ്യത്തെ തവണ ചോദ്യം ചെയ്യലിനു ഹാജരായ വാ‌ധ്‌രയെ എൻഫോഴ്സ്മെന്റ് ഓഫിസിൽ എത്തിച്ചത് പ്രിയങ്കയായിരുന്നു. രണ്ടാം ദിവസം ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതും പ്രിയങ്ക തന്നെ.  

‘അദ്ദേഹമെന്റെ ഭർത്താവാണ്; എന്റെ കുടുംബത്തെ ഞാൻ പിന്തുണയ്ക്കുന്നു’ എന്നു വ്യക്തമാക്കി വാധ്‌രയ്ക്കു നേരെയുള്ള അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന രാഷ്ട്രീയ സന്ദേശം ആദ്യ ദിനം തന്നെ പ്രിയങ്ക നൽകിയിരുന്നു.  വാധ്‌രയ്ക്കെതിരായ അന്വേഷണം രാഷ്ട്രീയ വൈരാഗ്യം തീർക്കലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം എല്ലാവർക്കും അറിയാവുന്നതല്ലേ എന്നായിരുന്നു മറുപടി. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം കോൺഗ്രസ് ആവർത്തിക്കുന്നതിനിടെയാണു ചോദ്യം ചെയ്യലിനു ഹാജരായ ഭർത്താവിന് ആദ്യദിനം തന്നെ പ്രിയങ്ക കൂട്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com