ADVERTISEMENT

തിരുവനന്തപുരം∙ സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ബാലന്റെയും നേതൃത്വത്തിൽ നാളെ കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ ടിക്കറ്റ് ബുക്കിങ് കൊള്ളയടി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിൽ പ്രേക്ഷകർ.

മമ്മൂട്ടിയും മോഹൻലാലും സിനിമാമേഖലയിലെ സംഘടനാപ്രതിനിധികളും ഉൾപ്പെടുന്ന ചർച്ചയിൽ നിർമാതാക്കൾ ഈ വിഷയം ഉന്നയിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിങിനു സർക്കാർ കരാർ ഉറപ്പിച്ച കമ്പനിക്കു പ്രവർത്തനാവകാശം നൽകണമെന്ന അഭിപ്രായമാണു നിർമാതാക്കൾക്കുള്ളത്. എന്നാൽ ഓൺലൈൻ ടിക്കറ്റിങ് മേഖലയിലെ വൻകിട കമ്പനി ഈ വിഷയം ചർച്ച ചെയ്യാതിരിക്കാൻ രംഗത്തുണ്ട്.

സിനിമാസംഘടനാനേതാവും ഭരണത്തിൽ സ്വാധീനവുമുള്ള ഒരാൾ വഴിയാണ് അവർ ഇത്രനാളും പിടിച്ചുനിന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് അമിതതുക ഈടാക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടാൽ തുച്ഛമായ മുതൽമുടക്കിൽ കോടികൾ കൊയ്യുന്ന കച്ചവടം തകരുമെന്ന് കമ്പനിക്ക് അറിയാം. അതിനാൽ വിഷയം വഴിതിരിച്ചുവിടാനുള്ള മാർഗങ്ങൾ തേടുകയാണവർ.

ഓൺലൈൻ വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 30 രൂപ മുതൽ 60 രൂപവരെയും സൂപ്പർ ഹിറ്റ് സിനിമയ്ക്ക് 70 രൂപവരെയും കമ്മിഷനായി ഈടാക്കുന്ന കമ്പനിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഒട്ടേറെതവണ പ്രതിഷേധം ഉയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നു മന്ത്രി ബാലൻ പ്രഖ്യാപിച്ചുവെങ്കിലും സർക്കാരിൽ സ്വാധീനമുള്ള സംഘടനാനേതാവ് ഇടപെട്ടു തടയുകയായിരുന്നു. 100 രൂപയുടെ ടിക്കറ്റിനാണ് 60 രൂപവരെ കമ്മിഷൻ ഈടാക്കുന്നത്. ഒരാൾ ഒന്നിൽ കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ഓരോ ടിക്കറ്റിനും കമ്മിഷൻ ഈടാക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിയറ്ററുകളിൽ ഇ–ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. സർക്കാർ തിയറ്ററുകളിൽ രണ്ടുവർഷം ഈ സംവിധാനം ഏർപ്പെടുത്തി. എല്ലാ തിയറ്ററുകളിലും ഇ–ടിക്കറ്റിങും ഒപ്പം ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും നടത്തുന്നതിനു കമ്പനിയെ കണ്ടെത്താൻ ടെൻഡർ വിളിച്ചപ്പോഴും കെൽട്രോണുമായി സഹകരിച്ചുപ്രവർത്തിക്കുന്ന ഈ കമ്പനിയെയാണു തിരഞ്ഞെടുത്തത്.

ഓരോ ടിക്കറ്റ് വിൽക്കുമ്പോഴും അതിൽ നിന്ന് 5 രൂപ അപ്പോൾതന്നെ സിനിമാക്കാർ ഉൾപ്പെടെയുള്ളവർക്ക് പെൻഷനും ചികിത്സാസഹായവും നൽകുന്ന കലാകാരന്മാരുടെ ക്ഷേമനിധിയുടെ അക്കൗണ്ടിലേക്കുപോകും. ഓൺലൈൻവഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പരമാവധി 10 രൂപ കമ്മിഷനായി ഈടാക്കും. ഇതിൽ 5 രൂപ തിയറ്റർ ഉടമയ്ക്ക്. ഒരാൾ ഒന്നിൽ കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്താലും കമ്മിഷൻ 10 രൂപ കടക്കില്ല. മാത്രമല്ല, 5 വർഷം കഴിയുമ്പോൾ സോഫ്‌ട്‌വെയർ ഉൾപ്പെടെ എല്ലാം സർക്കാരിനു നൽകും.

തിയറ്ററിൽ നിന്നു ലഭിക്കുന്ന വരുമാനത്തിൽ 40% വർധനയുണ്ടാകുമെന്നാണ് ടെൻഡർ ഉറപ്പിക്കുന്ന സമയത്തു കണക്കാക്കിയിരുന്നത്. നിലവിലെ അവസ്ഥയിൽ ഇത് ഉയരും. എന്നാൽ തിയറ്റർ ഉടമകളുടെ സമരത്തിന്റെ മറവിൽ കരാർ മരവിപ്പിക്കുകയായിരുന്നു. കെൽട്രോണിനു പങ്കാളിത്തമുള്ള കമ്പനിയുടെ ഓൺലൈൻ സംവിധാനം ജനകീയമാകുമെന്നു കണ്ടാണു സിനിമാരംഗത്തുള്ള നേതാവ് ഭരണസ്വാധീനം ഉപയോഗിച്ചു തകർത്തത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com