ADVERTISEMENT

മലപ്പുറം∙ ബിജെപിക്കെതിരെ സിപിഎമ്മുമായി കേരളത്തിലും രാഷ്ട്രീയധാരണയ്ക്കു കോൺഗ്രസ് തയാറാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം ആയുധം താഴെ വയ്ക്കാൻ തയാറാകണം. അക്രമം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അടുത്ത നിമിഷം അവരുമായി കോൺഗ്രസ്‌ ചർച്ചയ്ക്കു തയാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനമഹായാത്ര നയിച്ചെത്തിയ അദ്ദേഹം മഞ്ചേരിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

ദേശീയതലത്തിൽ ബിജെപി, ആർഎസ്‌എസ്‌ ശക്തികൾക്കെതിരെ ഏതു ജനാധിപത്യ മതനിരപേക്ഷ കക്ഷിയുമായി സഹകരിക്കാനും കോൺഗ്രസ്‌ തയാറാണ്. കേരളത്തിൽ സിപിഎമ്മുമായും സഹകരിക്കാം. ദേശീയ തലത്തിൽ ബിജെപിയെ എങ്ങനെ നേരിടണമെന്ന സിപിഎമ്മിനു വ്യക്തത ഇല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

റഫാൽ അഴിമതിയുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിജെപിയുടെ പേരു പോലും പിണറായി വിജയൻ പറയുന്നില്ല. കോടിയേരി ബാലകൃഷ്ണനും പിണറായിയും എന്തുകൊണ്ടാണു നിലപാടിൽ മാറ്റംവരുത്താത്തത്? ലാവ്‌ലിൻ കേസിന്റെ ചുരുളഴിയുമോ എന്ന ഭയമാണോ പിണറായിക്ക്. സംസ്ഥാനത്ത് ബിജെപി ആർഎസ്എസ് – സിപിഎം ബന്ധം ശക്തമായി മുന്നോട്ടു പോവുകയാണെന്നും മുല്ലപ്പള്ളി പറ‍ഞ്ഞു.

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ലീഗിനു ദേശീയരാഷ്ട്രീയത്തെക്കുറിച്ചു നല്ല ബോധ്യമുണ്ടെന്നു മുല്ലപ്പള്ളി മറുപടി നൽകി. ലീഗ് നേതൃത്വത്തെ വിശ്വാസമുണ്ട്. അവർ സൗഹാർദപരമായ സമീപനം സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിർമാണം തടഞ്ഞതിന് ദേവികുളം സബ് കലക്ടറെ എസ്.രാജേന്ദ്രൻ എംഎൽഎ പരസ്യമായി അപമാനിച്ചു. സിപിഎം നടത്തുന്ന വനിതാ ശാക്തീകരണം അതാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ സിപിഎമ്മുമായി ധാരണയിലെത്താൻ ശനിയാഴ്ച ഡൽഹിയിൽ ചേർന്ന പിസിസി പ്രസിഡന്റുമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിൽ തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ സാധ്യത തള്ളാതെയാണ് മാധ്യമങ്ങളോടു സംസാരിച്ചത്. കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ഉണ്ടാകില്ലെന്നും ബിജെപിയെ തോൽപ്പിക്കാൻ നീക്കമുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com