ADVERTISEMENT

ലക്നൗ∙ ഉത്തര്‍പ്രദേശ് പര്യടനത്തിനു മുന്നോടിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരോടു വോയ്സ് മെസേജിലൂടെ സംവദിച്ചു. ഞായറാഴ്ചയാണ് ഈ ശബ്ദസന്ദേശം പുറത്തുവന്നത്. രാജ്യത്ത് പുതിയൊരു രാഷ്ട്രീയ സംസ്കാരം കൊണ്ടുവരുന്നതി‌ന് ജനങ്ങൾ പിന്തുണയ്ക്കണമെന്നാണ് 30 സെക്കൻഡ് നീണ്ടുനിൽക്കുന്ന സന്ദേശത്തിൽ അവർ പറയുന്നത്.

‘ലക്നൗവിലേക്ക് ഞാൻ നാളെയെത്തും. പുതിയ ഒരു രാഷ്ട്രീയത്തിനായി ഏവര്‍ക്കും കൈകോര്‍ക്കാമെന്നാണ് പ്രതീക്ഷ. നിങ്ങൾ ഓരോരുത്തരും പങ്കാളികളാകുന്ന രാഷ്ട്രീയം. യുവജനങ്ങളുടെയും വനിതകളുടെയും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെയും തുടങ്ങി എല്ലാവരുടെയും ശബ്ദം കേൾക്കപ്പെടും. പുതിയ ഭാവിയും രാഷ്ട്രീയവും നമുക്ക് സ്ഥാപിക്കാം’ – പ്രിയങ്ക പറയുന്നു.

കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും നയിക്കുന്ന റോഡ് ഷോ ഇന്നു ലക്നൗവിൽ നടക്കാനിരിക്കെയാണു ശബ്ദ സന്ദേശം പുറത്തുവരുന്നത്. ലക്നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. സംഘടന തലത്തിൽ പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനത്ത് പ്രിയങ്കയുടെ വ്യക്തി പ്രഭാവം ചലനങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റ പ്രതീക്ഷ.

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും റോഡ് ഷോയിലുണ്ടാകും. നെഹ്റു ഭവനിൽ നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി പ്രിയങ്ക വന്നിറങ്ങുന്ന ലക്നൗ വിമാനത്താവളത്തിൽനിന്ന് ഹസ്രത്ഗഞ്ച്, അലാം ബാഗ്, ലാൽ ബാഗ് തുടങ്ങിയ സ്ഥലങ്ങളിലും ശക്തിപ്രകടനം ഉണ്ടാകുമെന്നാണ് വിവരം. റോഡ് ഷോ ആറു മണിക്കൂറോളം നീണ്ടേക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, വടക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ സന്ദേശമടങ്ങിയ വിഡിയോയും ഞായറാഴ്ച പുറത്തുവന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com