ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം

p-jayarajan
SHARE

കണ്ണൂര്‍∙ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ തളിപ്പറമ്പ് പട്ടുവം അരിയിൽ അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ജയരാജനും ടി.വി. രാജേഷ് എംഎല്‍എയ്ക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇതോടെ മുഖ്യപ്രതികൾക്കു മേലുള്ള കൊലക്കുറ്റം ഇവർക്കും ബാധകമാകും.

മുസ്‌ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർഥിവിഭാഗമായ എംഎസ്എഫിന്റെ നേതാവുമായ അരിയിൽ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയിലിൽ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചു മണിക്കൂറുകൾക്കകമാണു ഷുക്കൂറിനെ സമീപത്തെ സിപിഎം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ സിപിഎം പ്രവർത്തകർ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.

വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്നു ജയരാജനും രാജേഷും ചികിൽസ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചു സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ഗൂഢാലോചന അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി ജയരാജനെയും രാജേഷിനെയും കേസിൽ പ്രതി ചേർത്തിരുന്നു.

‘പാർട്ടികോടതി’ വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയെന്ന വെളിപ്പെടുത്തൽ വൻ രാഷ്ട്രീയ കോലാഹലമുണ്ടാക്കി. കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് വ്യാപക അക്രമങ്ങളുമുണ്ടായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA