ADVERTISEMENT

ചത്ത കുതിരയെ തല്ലരുതെന്നാണു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അഭ്യർഥന. ചത്ത കുതിര റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. തല്ലുന്നതു കോൺഗ്രസും പ്രതിപക്ഷവും. പക്ഷേ, പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ കുതിര കുതിച്ചു ചാടുന്ന ലക്ഷണമാണ്. കാർഷിക പ്രതിസന്ധിക്കൊപ്പം റഫാലും തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ആയുധമാകുന്നു. റഫാൽ, കോൺഗ്രസിനു വീണുകിട്ടിയ ബൊഫോഴ്സാണ്. രണ്ട് ഇടപാടുകളിലും പ്രതിസ്ഥാനത്തു പ്രധാനമന്ത്രി. ഭരണപക്ഷത്തിന്റെ ജയവും തോൽവിയും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ആശ്രയിച്ചാണ്.

കൃഷ്ണമേനോന്റെ ജീപ്പ് (1948)

രാജ്യത്തെ പിടിച്ചു കുലുക്കുന്ന അഴിമതിയാരോപണങ്ങൾ എന്നും ഭരണപക്ഷത്തിനു ചത്ത കുതിരയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആയുധ വിവാദത്തിൽ വി.കെ. കൃഷ്ണ മേനോനെതിരെ ആരോപണമുയർന്നപ്പോൾ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞതും ഏറെക്കുറെ അതു തന്നെ. 1948ൽ ബ്രിട്ടിഷ് ഹൈക്കമ്മിഷണറായിരുന്ന കൃഷ്ണ മേനോൻ പ്രോട്ടോക്കോൾ കാര്യമാക്കാതെ സൈനിക വാഹനക്കരാർ ഒപ്പിടുകയായിരുന്നു. 80 ല‌ക്ഷം രൂപയ്ക്ക് 1,500 ജീപ്പു വാങ്ങാനായിരുന്നു കരാർ. അഴിമതി നടന്നെന്നു പ്രതിപക്ഷം ആരോപണമുയർത്തിയെങ്കിലും ജുഡീഷ്യൽ അന്വേഷണത്തിനുശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1955ൽ കേസ് അവസാനിപ്പിച്ചു.

വേണമെങ്കിൽ ഇക്കാര്യം തിരഞ്ഞെടുപ്പു വിഷയമാക്കിക്കൊള്ളാനായിരുന്നു പ്രതിപക്ഷത്തോടു നെഹ്റുവിന്റെ വെല്ലുവിളി. പിന്നീടു നെഹ്റു മന്ത്രിസഭയിൽ കൃഷ്ണ മേനോൻ പ്രതിരോധമന്ത്രിയായി.. കാലചക്രം കറക്കം പൂർത്തിയാക്കുമ്പോൾ കോൺഗ്രസ് പ്രതിപക്ഷത്ത്. പ്രധാനമന്ത്രിയുടെ ഓഫിസ് നടപടിക്രമങ്ങൾ വകവയ്ക്കാതെ റഫാൽ കരാർ ഒപ്പിട്ടെന്നും രാജ്യത്തിനു നഷ്ടമുണ്ടാക്കിയെന്നും അവർ ആരോപിക്കുന്നു.

ഇരു കേസുകളും തമ്മിൽ വൈജാത്യങ്ങളുമുണ്ട്. എതിരാളിയില്ലാത്ത നേതാവായിരുന്നിട്ടും നെഹ്റു, കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തി. റഫാലിൽ അന്വേഷണം നടത്താനാകട്ടെ, മോദി സർക്കാർ തയാറല്ല. റഫാൽ തിരഞ്ഞെടുപ്പു വിഷയമാകുമെന്നറിയാവുന്ന ബിജെപി, പ്രധാനമന്ത്രിക്കു ചുറ്റും പ്രതിരോധക്കോട്ട തീർത്തു നിൽക്കുന്നു.

രാജീവ് ഗാന്ധിയുടെ ബൊഫോഴ്സ് (1987)

1,437 കോടി രൂപയുടെ ബൊഫോഴ്സ് പീരങ്കി ഇടപാട്, സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാർ കൂടിയായിരുന്നു. എന്തു ‘വില’ കൊടുത്തും കരാർ നേടാൻ ബൊഫോഴ്സ് കമ്പനി മുതിർന്നതോടെ ഇന്ത്യയിലെയും സ്വീഡനിലെയും നിരവധി നേതാക്കൾ പ്രതിക്കൂട്ടിലായി. 64 കോടി രൂപയുടെ കോഴ വിതരണം ചെയ്തെന്ന വെളിപ്പെടുത്തലിന്റെ ആദ്യ വെടി പൊട്ടിച്ചതു സ്വീഡിഷ് മാധ്യമങ്ങളാണ്. ‘ദ് ഹിന്ദു’ നടത്തിയ തുടരന്വേഷണങ്ങൾ രാജീവ് ഗാന്ധിയുടെയും കോൺഗ്രസിന്റെയും തോൽവിക്കു വഴിവച്ചു. ഇപ്പോൾ, വീണ്ടും പത്രപ്രവർത്തനത്തിന്റെ പ്രതിപക്ഷത്ത് ‘ദ് ഹിന്ദു’ നിലയുറപ്പിക്കുമ്പോൾ അടി പതറുന്നതു ഭരണപക്ഷത്തിനു തന്നെ.

ലാഭകരമായ അഗസ്റ്റ വെസ്റ്റ്ലാൻഡ് (2013)

കോഴയുടെ പേരിൽ രാജ്യത്തിനു ലാഭമുണ്ടാക്കിയ പ്രതിരോധ ഇടപാട് ഒന്നേയുള്ളൂ: അഗസ്റ്റ വെസ്റ്റ്ലാൻഡ് എന്ന ചോപ്പർഗേറ്റ്. പ്രമുഖ വ്യക്തികൾക്കു സഞ്ചരിക്കുന്നതിനു 12 ഹെലികോപ്ടർ വാങ്ങാനായിരുന്നു ഇറ്റാലിയൻ കമ്പനിയുമായുള്ള കരാർ. 3,600 കോടി രൂപയുടെ ഇടപാടിൽ 250 കോടി രൂപയുടെ കോഴയുണ്ടായെന്നാണ് ആരോപണമുയർന്നത്. വിവാദമുയർന്നപ്പോഴേ പ്രതിരോധ മന്ത്രി എ.കെ. ആന്റണി കരാർ റദ്ദാക്കി, സിബിഐ അന്വേഷണം ശുപാർശ ചെയ്തു. ഇന്ത്യൻ, ഇറ്റാലിയൻ ബാങ്കുകളിലെ ഗാരന്റി തുക ലഭിച്ചതോടെ 2,068 കോടി രൂപ ഖജനാവിലെത്തി: കരാർ പ്രകാരം അഗസ്റ്റ വെസ്റ്റ്ലാൻഡിനു നൽകിയതിലേറെ പണം. ഇതിനകം ലഭിച്ചു കഴിഞ്ഞിരുന്ന 3 വിവിഐപി ഹെലികോപ്ടർ ഇപ്പോഴും ഇന്ത്യയിൽ തന്നെയുണ്ട്. തൊണ്ടി മുതലായതു കൊണ്ടു തുരുമ്പെടുത്തു തുടങ്ങിയെങ്കിലും.

ഇനി ജനകീയ കോടതി

ചോപ്പർഗേറ്റിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചു മോദി സർക്കാർ നേട്ടമുണ്ടാക്കിയതിനൊപ്പമാണു റഫാൽ വീണ്ടും കത്തിക്കാളുന്നത്. അതിന്റെ ചൂട്, സിഎജി രാജീവ് മെഹ്റിഷിയെയും ബാധിച്ചു തുടങ്ങുന്നു. ഡാസോയുമായി റഫാൽ കൂടിയാലോചനകൾ പൂർത്തിയാക്കിയപ്പോൾ മെഹ്റിഷിയായിരുന്നു ധനകാര്യ സെക്രട്ടറി. സിഎജിയായ മെഹ്റിഷി, ധനകാര്യ സെക്രട്ടറിയായിരുന്ന മെഹ്റിഷിയെ എങ്ങനെ വിധിക്കും?

അതായത്, കാത്തിരുന്ന സിഎജി റിപ്പോർട്ട് വരുന്നതോടെ പ്രശ്നങ്ങൾ ശമിക്കുകയല്ല, പുനഃരാരംഭിക്കുകയാണ്. ഒടുവിൽ, ബൊഫോഴ്സ് പോലെ, റഫാലും ചെന്നെത്തുന്നതു ജനകീയ കോടതിയിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com