കേന്ദ്ര വിരുദ്ധ ‘പണിമുടക്കിന്’ കേരളത്തിൽ ശമ്പളം; സർക്കാരിന് ചെലവ് 166 കോടി!

All India Strike | Alappuzha
ദേശീയ പണിമുടക്കു ദിവസം നടത്തിയ പണിമുടക്കില്‍നിന്ന്. (ഫയല്‍ ചിത്രം)
SHARE

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരിനെതിരെ രണ്ടു ദിവസം തുടർച്ചയായി നടത്തിയ ദേശീയ പണിമുടക്കിനു പിന്തുണയുമായി ഓഫിസുകളില്‍  ഹാജരാകാതിരുന്ന കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നൽകാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. ജനുവരി 8, 9 തീയതികളില്‍ നടന്ന പൊതുപണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആ ദിവസങ്ങളില്‍ ആകസ്മിക അവധി ഉള്‍പ്പെടെ അര്‍ഹതപ്പെട്ട അവധി അനുവദിക്കാനാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. 

Strike-Salary-Order
പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്

ജീവനക്കാര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം രണ്ടു ദിവസം തടസപ്പെട്ടിരുന്നു. 2,500 കോടിരൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി സര്‍ക്കാര്‍ ഒരുമാസം െചലവഴിക്കുന്നത്. ഒരു ദിവസം വേണ്ടിവരുന്നത് 83.33 കോടി. രണ്ടുദിവസം ശമ്പളം നല്‍കാനായി 166 കോടിരൂപയോളം സര്‍ക്കാര്‍ കണ്ടെത്തണം. ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഈ തുക ലാഭിക്കാമായിരുന്നു.

രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പണിമുടക്ക്, ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഹാജരാകാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാറുണ്ട്. ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ ജോലിക്ക് ഹാജരാകാത്ത ദിവസത്തെ ശമ്പളം ലഭിക്കില്ല. ദേശീയ പണിമുടക്കിന് സര്‍ക്കാര്‍ അനുകൂലമായതിനാല്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചില്ല. പകരം അവധി നല്‍കി.

ശേഷിക്കുന്ന കാഷ്വല്‍ ലീവില്‍ അതു കുറവു ചെയ്യും. ജീവനക്കാര്‍ രണ്ടുദിവസത്തെയും ഹാജരില്‍ ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അവധിയും നഷ്ടമാകില്ല. ഈ ക്രമക്കേടു തടയാനാണ് പഞ്ചിങ് ഏര്‍പ്പെടുത്തിയതെങ്കിലും എല്ലാ ഓഫിസുകളിലും പഞ്ചിങ് ഉറപ്പുവരുത്താനായിട്ടില്ല.

4,860 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ പണിമുടക്കിന്റെ ആദ്യദിവസം 111പേരും രണ്ടാംദിവസം 115 പേരുമാണ് ഹാജരായത്. വിലക്കയറ്റം തടയുക, തൊഴില്‍നിയമങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് നടത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA