ADVERTISEMENT

ന്യൂഡൽഹി ∙ പതിനാലാം ലോക്സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിവസം. രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങവേ മഹാസഖ്യ നീക്കങ്ങൾക്ക് ആക്കം കൂട്ടുകയാണു പ്രതിപക്ഷ പാർട്ടികൾ. നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ രാജ്യ തലസ്ഥാനത്താണു പ്രതിപക്ഷ കൂട്ടായ്മ. മഹാസഖ്യത്തിന്റെ മുന്നണിപ്പോരാളിയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ എത്തി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ‘ഇന്ത്യ ഐക്യ റാലി’ക്കായാണു മമതയുടെ വരവ്. ജന്തർ മന്ദറിലെ സമരത്തെ ‘മഹാസഖ്യം 2.0’ എന്നാണു പേരിട്ടിരിക്കുന്നത്. 

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേ‌ജ്‌‌രിവാൾ ബിജെപി വിരുദ്ധ റാലിയുമായി  അരങ്ങൊരുക്കി മുന്നിലുണ്ട്. ആന്ധ്രപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ കഴിഞ്ഞദിവസം നടന്ന ഉപവാസ സമരം ‘ധർമ പോരാട്ട ദീക്ഷ’യും പ്രതിപക്ഷത്തിന്റെ കൂട്ടായ്മയായിരുന്നു. കേന്ദ്രസർക്കാരിനെതിരെ ആന്ധ്രാഭവനു മുന്നിൽ നടത്തിയ ഉപവാസ സമരത്തിനു പിന്തുണയുമായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരാണ് എത്തിയത്.

ഈ സമരത്തിന്റെ അലയൊലി അടങ്ങും മുൻപാണു മമത ഡൽഹിയിൽ എത്തിയത്. മൂന്നാഴ്ച മുൻപു കൊൽക്കത്തയിൽ മഹാസഖ്യം മെഗാറാലി സംഘടിപ്പിച്ച ഊർജത്തിലാണു മമത. ‘അധികാരത്തിൽ തിരിച്ചെത്തില്ലെന്നു നരേന്ദ്ര മോദിക്കറിയാം. അദ്ദേഹത്തിന്റെ കാലാവധി തീർന്നു. 15  ദിവസത്തിനകം തിരഞ്ഞെടുപ്പ് ദിവസങ്ങൾ പ്രഖ്യാപിച്ചേക്കും. രാജ്യത്തിനു മാറ്റം ആവശ്യമാണ്. കേന്ദ്രത്തിൽ പുതിയ സർക്കാർ വരുന്നതു നമുക്കു കാണണം. ജനാധിപത്യവും ഉൾക്കൊള്ളലും നിലനിൽക്കുന്ന ഐക്യ ഇന്ത്യയെയാണു നമുക്കു വേണ്ടത്’– ഡൽഹിയിലേക്കു തിരിക്കും മുൻപു മമത പറഞ്ഞു.

ജനുവരി 19ന് നടന്ന മഹാറാലിയിൽ ഇടതുപക്ഷം ഒഴിച്ച് ഇരുപതോളം പ്രതിപക്ഷ പാർട്ടി നേതാക്കൾ മമതയ്ക്കൊപ്പം വേദി പങ്കിട്ടു. അവരെയെല്ലാം ഡൽഹിയിലും പ്രതീക്ഷിക്കുന്നു. മുൻ പ്രധാനമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, മുഖ്യമന്ത്രിമാർ, പാർലമെന്ററി പാർട്ടി നേതാക്കൾ തുടങ്ങിയവരെല്ലാം പ്രതിഷേധ സമരത്തിൽ അണിചേരുമെന്നു മമതയുമായി അടുത്തവൃത്തങ്ങൾ അറിയിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ (ജെഡിഎസ്), ശരദ് പവാർ, പ്രഫുൽ പട്ടേൽ (എൻസിപി), കനിമൊഴി (ഡിഎംകെ), അരവിന്ദ് കേ‌ജ്‌രിവാൾ (എഎപി), ചന്ദ്രബാബു നായിഡു (ടി‍ഡിപി) എന്നിവർ പങ്കെടുക്കും.

ശാരീരിക അസ്വാസസ്ഥ്യമായതിനാൽ ആർജെഡിയുടെ തേജസ്വി യാദവ് വരില്ല. കോൺഗ്രസ് പങ്കെടുമോയെന്നതിൽ അനിശ്ചിതത്വമുണ്ട്. കൊൽക്കത്തയിലെ റാലിയിൽ കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്‌വി, മല്ലികാർജുൻ ഖർഗെ എന്നിവർ പങ്കെടുത്തിരുന്നു. പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാൽ കൂടുതൽ പാർട്ടികളിലെ എംപിമാർ സമരവേദിയിൽ എത്തുമെന്നാണു തൃണമൂൽ കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com