ADVERTISEMENT

ന്യൂഡൽഹി∙ കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സിആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ നടന്നതു നികൃഷ്ടമായ ആക്രമണമായിരുന്നെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ധീരജവാൻമാരുടെ ത്യാഗം വ്യർഥമാകില്ല. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം തോളോടു തോൾ‌ ചേർന്ന് രാജ്യം മുഴുവനുമുണ്ട്. പരുക്കേറ്റവർ‌ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി പ്രധാനമന്ത്രി സംസാരിച്ചു. രാജ്നാഥ് സിങ് വെള്ളിയാഴ്ച ശ്രീനഗറിലെത്തും. പട്നയില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സ്ഥിതിഗതികൾ വിലയിരുത്തി. ഭീരുത്വം നിറഞ്ഞ നടപടിയാണ് ഇതെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട്. ഭീകരർക്കു മറക്കാനാകാത്ത മറുപടിയായിരിക്കും നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. സിആർപിഎഫിലെ ധീരരായ ഉദ്യോഗസ്ഥരാണു വീരമൃത്യു വരിച്ചത്. നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇവർ‌ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രിയങ്ക ലക്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി. കശ്മീരിലെ രക്തച്ചൊരിച്ചിലിനു പരിഹാരം കാണണമെന്ന് കശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരും രാഷ്ട്രീയ കക്ഷികളും ഒരുമിച്ചു നിൽക്കണമെന്നും അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com