ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

ഇതിനു മറുപടിയായാണ് ഖാദി ബോര്‍ഡിന് മോഹന്‍ലാല്‍ നോട്ടീസ് അയച്ചത്. ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ 50 കോടി രൂപ നല്‍കണമെന്നാണു ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മോഹന്‍ലാല്‍ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ ആരംഭം. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.

സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചു. ഇതിനു മാസങ്ങള്‍ക്കുശേഷമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടിസ് ഖാദി ബോര്‍ഡിനു ലഭിക്കുന്നത്. പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നു നോട്ടിസില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

വക്കീല്‍ നോട്ടിസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടിസ് അയച്ചത്.

പരസ്യത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയാണു ചെയ്തത്. കഴിഞ്ഞമാസമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടിസ് ലഭിച്ചത്. എന്തു ചെയ്യണമെന്ന് ആലോചിക്കുകയാണ്- ശോഭന പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com