ADVERTISEMENT

കൊച്ചി ∙ യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അണയാതെ തുടരുന്നതും യുഎസിൽ പ്രസിഡന്റും അമേരിക്കൻ കോൺഗ്രസ്സും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങുന്നെന്ന ആശങ്കയും രാജ്യാന്തര വിപണിയിൽ കഴിഞ്ഞയാഴ്ച കരിനിഴലായി. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കൂടുതൽ വാങ്ങലുകൾ നടത്തിയത് ഇന്ത്യൻ വിപണിക്ക് ആശ്വാസമായി.

പ്രതീക്ഷക്കു വിപരീതമായി കൂടുതൽ കമ്പനികൾ മോശം മൂന്നാം പാദ ത്രൈമാസ ഫലങ്ങൾ പുറത്ത് വിട്ടതു രാജ്യാന്തര വിപണിക്കൊപ്പം മുന്നേറുന്നതിൽ നിന്നു ഇന്ത്യൻ വിപണിയെ തടഞ്ഞു. എണ്ണ വിപണിയുടെ പുതിയ സഞ്ചാരപഥവും ഇന്ത്യൻ വിപണിക്കു കൂടുതൽ ആയാസം സമ്മാനിക്കുന്നതാണ്. ഡോളർ 71 രൂപക്ക് മുകളിൽ നിൽക്കുന്നതും ആശങ്കയേറ്റുന്നു. വിപണിയുടെ കഴിഞ്ഞയാഴ്ചയിലെ കയറ്റയിറക്കങ്ങളും വരും ദിവസങ്ങളിലെ പ്രതീക്ഷകളും ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ വിലയിരുത്തുന്നു.

കശ്മീർ താഴ്‍വരയിലെ സ്ഫോടനവും ജവാന്മാരുടെ രക്തസാക്ഷിത്വവും രാജ്യത്തെ യുദ്ധഭീതിയിൽ ആഴ്ത്താൻ പോന്നതാണ്. ഈ സ്‌ഫോടനത്തെ രാജ്യം എങ്ങനെ നേരിടും എന്നതാണു വിപണി ഉറ്റുനോക്കുന്നത്. യുദ്ധത്തേക്കാൾ മറ്റൊരു തരത്തിലുള്ള തിരിച്ചടിയായിരിക്കും വിപണി കാംക്ഷിക്കുന്നത്. കാരണം, യുദ്ധഭീതി ഓഹരിവിപണിയെ മരുഭൂമിയാക്കും എന്നതുതന്നെ. പാക്കിസ്ഥാനെ ‘മോസ്റ്റ് ഫേവേഡ് നേഷൻ’ പദവിയിൽ നിന്നും നീക്കിയത്, തിരിച്ചടിക്കും എന്ന ധ്വനിയും മേഖലയുടെ തന്നെ സാമ്പത്തിക ഭദ്രതക്കു മങ്ങലേൽപ്പിക്കും.

ചൈന- യുഎസ് വ്യാപാരമുഖം

മാർച്ച് ഒന്നിനു മുൻപായി അമേരിക്കയുമായി വ്യാപാര ഉടമ്പടിയിലെത്തുകയെന്നത് ചൈനക്ക് സാധ്യമായേക്കില്ല എന്ന് രാജ്യാന്തരവിപണി ഭയപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരതർക്കം ആഗോള സാമ്പത്തിക വളർച്ചയെയും കോർപറേറ്റ് ലാഭവിഹിതങ്ങളെയും സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുകൾ എല്ലാ കോണുകളിൽനിന്നും ഉയരുന്നു.

ഉഭയകക്ഷി ചർച്ചകൾ നടക്കെത്തന്നെ അമേരിക്കൻ നേവിയുടെ സൗത്ത്ചൈന കടലിലെ അഭ്യാസപ്രകടനങ്ങൾ ചൈനയുടെ ചിന്താഗതികളിൽ മാറ്റം വരുത്തിയിട്ടുണ്ടാകാം. ഇത് ഇരു രാജ്യങ്ങളുടെയും നയതന്ത്രജ്ഞരുടെ ജോലിഭാരം വർധിപ്പിച്ചിട്ടുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി ബെയ്ജിങ്ങിൽ വച്ച് ‘സോഫാർ, സോ ഗുഡ്’ എന്നു പ്രസ്‌താവിച്ചത്‌ ഇതുവരെ എല്ലാം ശരിയായ ദിശയിൽ തന്നെ എന്ന് വിപണിയെ ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതു മാത്രമായിരുന്നു .  

ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ മേൽ ഒരു ‘സ്ട്രക്ചറൽ ചേഞ്ച്’ തന്നെ ആവശ്യപ്പെടുന്ന അമേരിക്കൻ നയം മയപ്പെടുന്നില്ല എന്ന ചൈനീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം കാര്യങ്ങൾ ഒട്ടും ശരിയായ ദിശയിലല്ല നീങ്ങുന്നത് എന്നാണു പറയുന്നത്. കൂടാതെ ചൈനീസ് ഫാക്ടറി ഡേറ്റയും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു.

അമേരിക്കൻ അടച്ചുപൂട്ടൽ

യുഎസ് പ്രസിഡന്റും അമേരിക്കൻ കോൺഗ്രസും തമ്മിലുള്ള മെക്സിക്കൻ മതിൽ തർക്കങ്ങൾ അമേരിക്കയെ കൂടുതൽ പ്രശ്നങ്ങളിലേക്കു നയിച്ചേക്കും. അമേരിക്കൻ ഭരണകൂടം ‘അടച്ചുപൂട്ടൽ’ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും എന്നും കരുതപ്പെടുന്നു. ഇത് അമേരിക്കയിലും അനുബന്ധ വിപണികളിലും സാരമായ വളർച്ചാ മുരടിപ്പിനു വഴി വച്ചേക്കാം. ‘ഷട്ട് ഡൗൺ’ നീണ്ടു നിൽക്കുന്നതിനനുസരിച്ച് ആഗോള സാമ്പത്തിക ക്രമത്തിനുണ്ടാകുന്ന ക്ഷതം ഗുരുതരമായിരിക്കും.

ക്രൂഡ് ഓയിൽ വീണ്ടും

പൊതുവെ ശാന്തമായിരുന്ന എണ്ണ വിപണി തിളപ്പിക്കുവാൻ സൗദിയുടെ ഉത്പാദനം കുറക്കൽ പ്രഖ്യാപനത്തിനു സാധിച്ചിട്ടുണ്ട്. ജനുവരിയിൽ തന്നെ ഒപെക് രാജ്യങ്ങൾ പ്രതിദിനം 800000 ബാരൽ ഓയിലിന്റെ കുറവ് ഉൽപാദനത്തിൽ വരുത്തിയിരുന്നു. ഇതു രാജ്യാന്തര വിപണിയിൽ എണ്ണയുടെ അധിക ലഭ്യത നിയന്ത്രണ വിധേയമാകുകയും ബാരലിന് 60 ഡോളറിനു മുകളിൽ വില പിടിച്ചു നിർത്താൻ സാധിക്കുകയും ചെയ്തു. ഇനി എണ്ണ വിലയിൽ ഉയർച്ചയാണ് ഉത്പാദക രാജ്യങ്ങൾ ലക്ഷ്യം വക്കുന്നത്. 

സമീപ ഭാവിയിൽ തന്നെ സാമ്പത്തിക മാന്ദ്യം മൂലം പ്രതിദിനം 240000 ബാരലിന്റെ കൂടി കുറവ് ആവശ്യമേ ഉണ്ടാകൂ എന്നുമാണ് ഒപെക് കണക്കുകൂട്ടൽ. അതിനാൽ മാർച്ചോടെ പ്രതിദിനം മറ്റൊരു 500000 ബാരലിന്റെകൂടി ബാധ്യത ഏറ്റെടുക്കുവാൻ സൗദിഅറേബ്യ തയാറായിരിക്കുന്നു. കൂടാതെ ഒരു അപകടത്തെ തുടർന്ന് ലോകത്തെ ഏറ്റവും വലിയ ഓഫ് ഷോർ എണ്ണപ്പാടമായ സൗദിയുടെ സഫാനിയ എണ്ണപ്പാടം ഭാഗികമായി അടച്ചത് പ്രതിദിനം 300000 ബാരലിന്റെ ഉത്പാദനം കുറച്ചു കഴിഞ്ഞു. 

ഈ ഘടകങ്ങളെല്ലാം ബ്രെന്റ് ക്രൂഡ് വില 65 ഡോളറിന് മുകളിൽ പോകുന്നതിനു കാരണമായി. ഇത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ആഘാതം സൃഷ്ടിച്ചേക്കും. രൂപയുടെ മൂല്യം കുറയുന്നതിനും ഇതു കാരണമായേക്കും.

ഇന്ത്യ ഇക്കണോമിക് ഡേറ്റ

നവംബറിലെ ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ 17 മാസത്തെ കുറഞ്ഞ നിലയായ 0.5%ലേയ്ക്ക് കുറഞ്ഞിരുന്നു. 2017 നവംബറിൽ ഇത് 8.5 ശതമാനമായിരുന്നു. ഡിസംബർ മാസത്തിലെ ഐഐപി സംഖ്യ 2.5 ശതമാനമായി ഉയർന്നിട്ടുണ്ട്. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 2.19% ൽ നിന്നു ജനുവരിയിൽ വീണ്ടും 2.09 ശതമാനത്തിലേക്കു കുറഞ്ഞിട്ടുണ്ട്.

എണ്ണ വില കുറഞ്ഞുനിന്നതാണു നിരക്കു കുറയാൻ ഏറ്റവും കാരണമായത്. മൊത്തത്തിലുള്ള പണപ്പെരുപ്പം 5.7 % എന്ന നിലയിൽ തന്നെയാണ്. ഫ്യൂവൽ, ഗതാഗത ഇൻഡെക്സുകൾ കുറഞ്ഞു നിന്നപ്പോൾ ആരോഗ്യം, വിദ്യാഭ്യാസം എന്നീ ഇൻഡെക്സുകളിൽ പണപ്പെരുപ്പത്തോത് ഉയർന്നു നിന്നു.

ഓഹരികളും സെക്ടറുകളും

∙ ബ്രസീലിലെ ഖനനപ്രതിസന്ധികൾ ഇരുമ്പയിരിന്റെ ലഭ്യത കുറച്ചേക്കും എന്നത് ഇരുമ്പയിരിന്റെ വില വർധിപ്പിക്കും. ഇത് എൻഎംഡിസിക്ക് ഗുണകരമാണ്. 

∙ എൻഎച്ച്പിസി പ്രതീക്ഷയിൽ കുറഞ്ഞ മൂന്നാം പാദ ഫലങ്ങളാണു പുറത്തു വിട്ടത്. എങ്കിലും ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ് 

∙ എൻജിനീയേഴ്‌സ് ഇന്ത്യയുടേയും മൂന്നാംപാദ ഫലങ്ങൾ പ്രതീക്ഷകൾക്കും താഴെയായിരുന്നു. 999 മില്യൻ പ്രതീക്ഷിച്ചിടത്ത് 907 മില്യൻ ആയിരുന്നു ലാഭം. എങ്കിലും ഓഹരി ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്. 

∙ ടാറ്റാ സ്റ്റീലും മോശം റിസൾട്ട്  ആണ് കഴിഞ്ഞ പാദത്തിൽ പുറത്തു വിട്ടത്. 25.7 ബില്യൻ രൂപ ലാഭം പ്രതീക്ഷിച്ചിടത്ത് 22.8 ബില്യൻ ആണ് ലാഭം. മുൻവർഷത്തിൽ നിന്നും 117% കൂടുതൽ. ഇരുമ്പയിരിന്റെയും മറ്റും വില ഇനിയും കൂടാനിടയുള്ള സാഹചര്യത്തിൽ ഓഹരിയുടെ ലാഭം അടുത്ത പാദത്തിൽ ഇനിയും കുറഞ്ഞേക്കാം.

∙ സൺ ടിവി, പരസ്യ വരുമാനത്തിന്റെയും വരിസംഖ്യാ വരുമാനത്തിന്റെയും പിൻബലത്തിൽ മികച്ച മൂന്നാംപാദ ഫലമാണ് റിപ്പോർട്ട് ചെയ്‌തത്‌. മുൻവർഷത്തിൽനിന്നു വരിസംഖ്യാ വരുമാനം 24 ശതമാനവും പരസ്യവരുമാനം 13 ശതമാനവും വർധിച്ചു. അറ്റാദായം മുൻവർഷത്തിൽ നിന്നു 31 ശതമാനം വർധിച്ച് 3.51 ബില്യൻ രൂപയായി. 

∙ എം&എം മൂന്നാംപാദഫലം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഓഹരിവില വളരെ താഴ്ന്ന നിലയിൽ ആണ്. കമ്പനിയുടെ ട്രാക്ടർ വില്പനയും യൂട്ടിലിറ്റി വെഹിക്കിൾ വിൽപനയും മുൻവർഷത്തിൽ നിന്നു 11% വീതം വളർച്ച നേടി. പുതിയ മോഡൽ ആയ മരാസോയുടെ വിൽപന വിജയം കമ്പനിയുടെ വിറ്റുവരവ് വർധിപ്പിച്ചേക്കും എന്ന് പ്രതീക്ഷിക്കുന്നു. ഓഹരി ദീർഘ കാല നിക്ഷേപത്തിന് അനുയോജ്യമാണ്.

∙ മതേഴ്സൺ സുമി മുൻവർഷത്തിൽനിന്നും 14.5 ശതമാനം വളർച്ചയോടെ 165 ബില്യൻ വരുമാനം നേടി. 169 ബില്യൻ ആയിരുന്നു പ്രതീക്ഷ. കമ്പനി വരുംവർഷങ്ങളിൽ വില്‍പന വളർച്ച ലക്ഷ്യമിടുന്നു.

∙ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് വളർച്ചാനിരക്കു നിലനിർത്തുകയും മാർജിൻ ഉയർത്തുകയും ചെയ്തെങ്കിലും വിപണിയിൽ പ്രതീക്ഷിച്ച സംഖ്യകളല്ല പുറത്തുവിട്ടത്. വിൽപന വരുമാനം മുൻവർഷത്തിൽനിന്നും 10.7ശതമാനം വർധിച്ച് 28.4 ബില്യൻ എത്തുകയും വിൽപന മൂല്യം 7ശതമാനം വർധിക്കുകയും ചെയ്തു. ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്. അടുത്ത ഇറക്കത്തിൽ ഓഹരി സ്വന്തമാക്കി അടുത്ത റിസൾട്ടിന് മുൻപേ ലാഭമെടുക്കാവുന്നതാണ്.

∙ ബാങ്ക് ഓഫ് അമേരിക്ക എസ്സാർ സ്റ്റീലിന്റെ 2.2 ബില്യൻ ഡോളർ വരുന്ന കടത്തിന്റെ ഒരുഭാഗം ഏറ്റെടുക്കാൻ തയാറാകുന്നത് എസ്ബിഐക്കു നേട്ടമാണ്.

∙ നഷ്ടം പ്രതീക്ഷിച്ചിരുന്ന സ്‌പൈസ് ജെറ്റ് ലാഭ സംഖ്യകൾ പുറത്തുവിട്ടത് സെക്ടറിന് തന്നെ ഊർജമായി. മുൻവർഷത്തിൽ നിന്നും 77 ശതമാനം കുറഞ്ഞു 55 കോടിയുടെ ലാഭം കമ്പനി സ്വന്തമാക്കി.

∙ മേഘനി ഓർഗാനിക്സ് 66 കോടിയുടെ അറ്റാദായം പ്രഖ്യാപിച്ചു. 5.5 ബില്യൻ രൂപയുടെ വില്‍പന കമ്പനി സ്വന്തമാക്കി. 

∙ ചൈന–അമേരിക്ക പ്രതിസന്ധി ഉടൻ നീങ്ങും എന്ന പ്രത്യാശയിൽ ലോഹ ഓഹരികളിൽ പുതിയ വാങ്ങലുകൾ നടക്കുന്നത് സെക്ടറിന് ഊർജം പകരുന്നു. സെയിൽ, ജിൻഡാൽ സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ എന്നിവ തുടർന്നും നേട്ടം സ്വന്തമാക്കിയേക്കാം.  

∙ സർക്കാർ അഞ്ചു പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ തിരികെ വാങ്ങുന്നു എന്ന വാർത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ പുതിയ വാങ്ങലുകൾക്കു കാരണമായി.

∙ മികച്ച പ്രവർത്തന ഫലം പുറത്തു വിട്ടതിനെ തുടർന്ന് ഐഷർ മോട്ടോഴ്സിന്റെ ലക്ഷ്യ വില സിഎൽഎസ് എ 22300ൽ നിന്നും 23900 രൂപയായി ഉയർത്തി. മക്വീർ 24000 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി കാണുന്നത്. ജഫാരീസ് ലക്ഷ്യം 27100 ൽ നിന്നും 23700 ആയി കുറച്ചിട്ടുണ്ട്. എന്നാൽ, റോയൽ എൻഫീൽഡ് ഫാക്ടറിയിൽ നടക്കുന്ന സമരം വിതരണത്തെ ബാധിക്കുന്നത് ഓഹരിക്കു ക്ഷീണമായേക്കാം.

∙ സൺ ഫാർമ വർധിപ്പിച്ച മാർജിന്റെയും വില്‍പനയുടെയും പിൻബലത്തിൽ മികച്ച മൂന്നാംപാദ ഫലങ്ങൾ പുറത്തു വിട്ടു. ഓഹരി വാങ്ങാവുന്ന നിലവാരത്തിലാണിപ്പോൾ. സിഎൽഎസ്എ ഓഹരിക്ക് 560 രൂപ ലക്ഷ്യം കാണുന്നു.

∙ ലുമാക്സ് ഓട്ടോ ഔറംഗബാദ് പ്ലാന്റിൽ വ്യവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചത് ഓഹരിക്ക്  ദീർഘകാലാടിസ്ഥാനത്തിൽ മെച്ചമാണ്.

∙ മികച്ചചെലവു നിയന്ത്രണത്തിന്റെയും വില വർധനവിന്റെയും അടിസ്ഥാനത്തിൽ കോൾ ഇന്ത്യയും മികച്ച പ്രവർത്തന ഫലം പുറത്തിറക്കി. ഓഹരിയുടെ അടിസ്ഥാനം വളരെ ശക്തമാണ്. മാത്രമല്ല ലാഭസാധ്യത വർധിക്കുകയും ചെയ്തിട്ടുണ്ട് . 

∙ ഹിൻഡാൽകോയും വിപണിയുടെ പ്രതീക്ഷ കാത്തു. ഓഹരി ഈ നിരക്കിൽ ആകർഷകമാണ്. അടുത്ത ഇറക്കത്തിൽ ദീർഘകാല നിക്ഷേപം മുന്നിൽ കണ്ട് ഓഹരി വാങ്ങിത്തുടങ്ങാവുന്നതാണ്.

∙ ബാറ്റ ഇന്ത്യയും മികച്ച മൂന്നാം പാദ ഫലങ്ങളുമായി രംഗത്തുണ്ട്. മുൻ വർഷത്തിൽ നിന്നു 51 ശതമാനം വർധനവോടെ 1.03 ബില്യൻ രൂപയുടെ ലാഭം നേടി കമ്പനി നിക്ഷേപകരുടെ ശ്രദ്ധ കവർന്നു. അവസാനപാദം ബാറ്റ മോശമാക്കില്ല എന്ന് വിപണി പ്രത്യാശിക്കുന്നു.

∙ പഞ്ചസാരയുടെ വിലയിൽ 10 ശതമാനം വർധനവു വരുത്തുന്നത് സെക്ടറിനു ഗുണം ചെയ്തു. കൂടാതെ എത്തനോൾ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്ലാന്റിനു വേണ്ട ലോൺ കൊടുക്കുന്നതും പഞ്ചസാര സെക്ടറിനു നല്ലതാണ്.

∙ വിമാന ഇന്ധനം ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതു വിമാനയാത്രക്കാർക്കും വിമാന കമ്പനികൾക്കും നല്ലതാണ്.

∙ ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന നാച്ചുറൽ ഗ്യാസിന് 10 ശതമാനം വില വർധിപ്പിക്കുന്നത് ഒഎൻജിസി, റിലയൻസ് എന്നിവക്ക് ഗുണമാണ്.

∙ എൽ&ടിയുടെ ഓർഡർ ബുക് വികസിക്കുന്നുണ്ട്. മികച്ച പ്രവർത്തന ഫലം പുറത്തു വിട്ടിട്ടും ഓഹരി വിപണിയിൽ നഷ്ടം നേരിട്ടിരുന്നു.  ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.

∙ ഒഎൻജിസിയുടെ മൂന്നാം പാദ ഫലം മതിപ്പുളവാക്കുന്നത് തന്നെയാണ്. മുൻ വർഷത്തിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 73.7 ഡോളർ ലഭ്യമായിടത്ത്  മൂന്നാം പാദത്തിൽ 66.8 ഡോളർ ആയിരുന്നു ക്രൂഡ് ഓയിലിന്റെ  ശരാശരി വില. എന്നിട്ടും ഓഹരി മുൻ വർഷത്തിലെ ലാഭസംഖ്യ ആവർത്തിച്ചത് കമ്പനിയുടെ പ്രവർത്തന മികവാണ് ചൂണ്ടിക്കാട്ടുന്നത്.

∙ നെസ്‌ലെ വിപണിയുടെ പ്രതീക്ഷക്കൊത്ത പ്രവർത്തനഫലം പുറത്തുവിട്ടു. വിൽപന മുൻവർഷത്തിൽ നിന്നും 11 ശതമാനം വർധിച്ചു. എന്നാൽ പുതിയ ഉത്പന്നങ്ങളുടെ അവതരണവും പരസ്യങ്ങളും ചെലവ് വർദ്ധിക്കുന്നതിന് കാരണമായി.

∙ ഗ്ലെൻമാർക്സ് ഫാർമയുടെ മോശം പ്രകടനം ഫാർമ ഇൻഡസ്ട്രിയെ മൊത്തത്തിൽ ബാധിച്ചു. ഒന്നിൽ കൂടുതൽ ഫാർമ ഓഹരികൾ പോർട്ടഫോളിയോയിൽ വരുന്നത് ഒട്ടും ആശാസ്യമല്ല.

വിപണി ഈ ആഴ്ച

∙ വളരെ ജാഗ്രത കാണിക്കേണ്ട സമയമാണ് മുന്നിൽ. ആഗോള വിപണിയുടെ പ്രത്യേകിച്ച് അമേരിക്കൻ വിപണിയുടെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ചും അവസാന പാദഫലങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചും വിപണിയുടെ ഇറക്കങ്ങളിൽ അടിസ്ഥാന ഭദ്രതയുള്ള ഓഹരികളിൽ മാത്രം നിക്ഷേപം ഒതുക്കുക. കാരണം വളരെ മോശം വിപണി സാഹചര്യങ്ങളിലും അടിസ്ഥാന ഭദ്രതയുള്ള മികച്ച ഓഹരികൾക്കു നിക്ഷേപകർ ഉണ്ടാവും. എന്നാൽ ഒരു മോശം ഓഹരിയുടെ തിരിച്ചു വരവ് വിപണി ശക്തമാകുമ്പോളും വളരെ ദുഷ്കരവും സാവധാനവുമായിരിക്കും.

∙ ബാർഗെയിൻ ഹണ്ടിങ് പൂർണമായും ഒഴിവാക്കേണ്ട സമയം കൂടിയാണിത്. പ്രത്യേകിച്ച് ഈ വർഷം മാത്രം 50 ശതമാനത്തിൽ കൂടുതൽ നഷ്ടമുണ്ടാക്കിയ ഓഹരികളിൽ. 

∙ ടെക്, ബാങ്കിങ്, എൻ ബിഎഫ്‌സി, എഫ്എംസിജി ഓഹരികൾ ഇപ്പോൾ ആകർഷകമായ നിലവാരത്തിൽ ആണ്. ഓരോ ഇറക്കത്തിലും നല്ല ഓഹരികൾ ഈ സെക്ടറുകളിൽ നിന്നും സ്വന്തമാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com