ADVERTISEMENT

ഇസ്‍ലാമബാദ്∙ പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിച്ച് പാക്കിസ്ഥാൻ. അന്വേഷണങ്ങൾക്കു മുൻപേ ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്നു പാക്കിസ്ഥാൻ പ്രതികരിച്ചു. ജയ്ഷെ മുഹമ്മദിനെ 2002ൽ നിരോധിച്ചതാണ്. ഉപരോധം ഇപ്പോഴും തുടരുകയാണെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

എല്ലാ കാര്യത്തിനും പാക്കിസ്ഥാനെ പഴിക്കുന്നതു തെറ്റാണെന്ന് പാക്ക് മന്ത്രി ഫവാദ് ചൗധരി പ്രതികരിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം സാധാരണ രീതിയിലാക്കുകയെന്നതിനാണ് പാക്കിസ്ഥാൻ മുഖ്യപ്രാധാന്യം നൽകുന്നതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കി. ജയ്ഷെ തലവന്‍ മസൂദ് അസ്ഹര്‍ ചാവേറാക്രമണത്തിനു നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍ വച്ചാണെന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. മസൂദ് അസ്ഹര്‍, ശബ്ദസന്ദേശം മുഖേന ചാവേറാക്രമണത്തിനു നിര്‍േദശം നൽകിയെന്നാണ് ഇന്ത്യയുടെ നിലപാട്.

ജിഹാദികൾക്ക് പിന്തുണ നൽകുന്ന ഐക്യ ജിഹാദ് കൗൺസിലിലെ മറ്റു സംഘടനകളിൽനിന്ന് ആക്രമണ വിവരം മറച്ചുവച്ച മസൂദ്, അനന്തരവൻ മുഹമ്മദ് ഉമൈർ, അബ്ദുൽ റാഷിദ് ഖാസി എന്നിവരിലൂടെ ശബ്ദസന്ദേശമടങ്ങിയ ടേപ്പുകൾ കശ്മീർ താഴ്‌വരയിലെ ഭീകരാനുകൂല കേന്ദ്രങ്ങൾക്കു നൽകിയെന്നാണ് കണ്ടെത്തൽ. കശ്മീർ താഴ്‌വരയിൽ അറുപതോളം ജയ്ഷെ ഭീകരർ ഉണ്ടെന്നാണു രഹസ്യാന്വേഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

അതേസമയം ഇന്ത്യയുടെ പ്രത്യാക്രമണം മുന്നില്‍ക്കണ്ട് പാക്കിസ്ഥാനിലെ ഭീകരക്യാംപുകള്‍ ഒഴിപ്പിച്ചുതുടങ്ങിയതായാണു വിവരം. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്‍റെയും മസൂദ് അസ്ഹറിന്‍റെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ രാജ്യാന്തര ഏജന്‍സികള്‍ക്കു കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com