ADVERTISEMENT

തിരുവനന്തപുരം∙ കോടതി ഹാളിൽ അഭിഭാഷകനെ ഒരു സംഘം അഭിഭാഷകർ മർദിച്ച സംഭവത്തിൽ അന്വേഷണത്തിൽ ഗുരുതര വീഴ്ച. ഇതേ തുടര്‍ന്ന് അന്വേഷണം പ്രത്യേക സംഘത്തിനു ഡിജിപി ലോക്നാഥ് ബെഹ്റ കൈമാറി. ലോയേഴ്സ് ഫോറം സെക്രട്ടറിയും വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനുമായ ആർ.മുരളീധരനെ തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജയചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സംഘം അഭിഭാഷകർ മർദിച്ചെന്ന കേസാണു പ്രത്യേക സംഘത്തിനു കൈമാറിയത്.

വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നേരായ രീതിയിൽ നടത്തിയില്ലെന്ന മുരളീധരന്റെ പരാതിയിലാണു നടപടി. ഡിസിപിയുടെ നേതൃത്വത്തിൽ സി ബ്രാഞ്ച് എസിപി അന്വേഷിക്കാനാണ് ഉത്തരവ്. കഴിഞ്ഞ ഒക്ടോബർ 24നാണു സംഭവം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഒന്നാം നമ്പർ ഹാളിനകത്തും കോടതി വളപ്പിലും തന്നെ മർദിച്ചതായാണു മുരളീധരന്റെ പരാതി. അന്വേഷണം പ്രത്യേക സംഘത്തിനു കൈമാറിയ ഉത്തരവിൽ കേസ് അന്വേഷിച്ച വഞ്ചിയൂർ എസ്ഐയെ രൂക്ഷമായി ഡിജിപി വിമർശിച്ചിട്ടുണ്ട്.

സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞാണ് എസ്ഐ കേസ് റജിസ്റ്റർ ചെയ്തത്. മഹസർ തയാറാക്കിയത് ഒന്നര മാസത്തിനു ശേഷം. മുരളീധരനു സാരമായി പരുക്കേറ്റിട്ടും ഡോക്ടർമാരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി എടുത്തതു രണ്ടര മാസത്തിനു ശേഷം. മർദനമേറ്റ മുരളീധരൻ റജിസ്ട്രാറുടെ മുറിയിലാണ് അന്ന് അഭയം തേടിയത്. എന്നാൽ റജിസ്ട്രാറുടെയോ സംഭവ സമയം ആ ഹാളിൽ ഉണ്ടായിരുന്നവരുടെയോ മൊഴി എസ്ഐ രേഖപ്പെടുത്തിയില്ല. മറ്റു ദൃക്സാക്ഷികൾ ഉണ്ടായിട്ടും ആരോപിതരായ രണ്ട് അഭിഭാഷകരെയാണു സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത്.

കേസ് അന്വേഷണം ശരിയായി നടത്തിയില്ലെന്നും പക്ഷപാതപരമാണെന്നും ഡിജിപി ഉത്തരവിൽ പറയുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ വഞ്ചിയൂർ എസ്ഐക്കെതിരെ 15 ദിവസത്തിനകം നടപടിയെടുക്കാൻ ഡിജിപി സിറ്റി പൊലീസ് കമ്മീഷണർക്കു നിർദേശം നൽകി. 45 ദിവസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സർവീസിൽ നിന്നു വിരമിച്ച ശേഷം അഭിഭാഷരായി ജോലി ചെയ്യുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ലോയേഴ്സ് ഫോറം ഭാരവാഹികൾ മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും നിവേദനം നൽകിയതിലുള്ള വിരോധമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്നു പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com