ADVERTISEMENT

കാസർകോട്∙ പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍. സജി, മുരളീധരൻ, വത്സരാജ്, ഹരി, സജി, ജോർജ്‌ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊലയാളി സംഘത്തിന് ആവശ്യമായ 'സഹായം നൽകിയതോടൊപ്പം ഗൂഢാലോചനയിലും ഇവർ പങ്കാളിയാണെന്ന് പൊലീസ് പറയുന്നു സിപിഎം അനുഭാവിയായ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കാര്‍ പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, കൊലപാതകക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനെതിരെ നടപടിയെടുക്കാൻ സിപിഎം സംസ്ഥാന സമിതി ജില്ലാ നേതൃത്വത്തിനു നിർദേശം നൽകി.

കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടു സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ അധികവും സിപിഎം അനുഭാവികളാണ്. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊ‌ല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

അതേസമയം, ശരത്തിനെയും കൃപേഷിനെയും സിപിഎം നേതാവ് കൊലയാളി സംഘമെന്ന് സംശയിക്കുന്നുവര്‍ക്ക് കാണിച്ചുകൊടുത്തുവെന്നു മൊഴിയുണ്ട്. കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ റജിസ്ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാന്‍ കൃത്യമായ വഴിയടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൃപേഷിനേയും ശരത്‌ലാലിനേയും ആക്രമിച്ച സ്ഥലത്തു നിന്ന് ഒരു വടിവാളിന്റെ പിടി പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ആയുധം കൃത്യം നടന്നതിനു സമീപമുള്ള പറമ്പുകളിൽ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം മെറ്റൽ ഡിക്റ്റെക്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. ഇതോടൊപ്പം കൃത്യം നടക്കുന്ന സമയത്ത്പ്രദേശത്തെ വിവിധ ടവറുകളുടെ പരിധിയിൽ നിന്നുണ്ടായ ഫോൺ വിളികളും പൊലീസ് വിശദമായി പരിശോധിക്കും.

നിലവിൽ രണ്ടു ഡിവൈഎസ്പിമാരും നാലു സിഐമാരും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com