ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയിൽ വൻ പിളർപ്പ്. പാർട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ ജെറമി കോർബിന്റെ ബ്രെക്സിറ്റ് നയങ്ങളിലും യഹൂദ വിരുദ്ധ (ആന്റി സെമിറ്റിക്) നിലപാടുകളിലും പ്രതിഷേധിച്ച് ഏഴ് എംപിമാർ പാർട്ടി വിട്ടു. ഇവരെ പിന്തുണച്ച് വരുംദിവസങ്ങളിൽ കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും രംഗത്തുവരുമെന്നാണ് സൂചന.

വരുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിപദം സ്വപ്നം കണ്ടിരുന്ന പ്രതിപക്ഷ നേതാവ് ജെറമി കോർബിന്റെ പ്രതീക്ഷകൾക്ക് പാർട്ടിയിലെ പിളർപ്പ് വലിയ ആഘാതമാകും. നേതൃസ്ഥാനം ഏറ്റെടുത്തതുമുതൽ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച കോർബിൻ പുതിയ പ്രതിസന്ധിയെ എങ്ങനെ നേരിടും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയിലെ പിളർപ്പ് ബ്രെക്സിറ്റിൽ നട്ടംതിരിയുന്ന ഭരണകക്ഷിക്കും പ്രധാനമന്ത്രി തെരേസ മേയ്ക്കും ആശ്വാസമേകുന്ന വാർത്തയാണ്. മുമ്പൊരിക്കൽ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടപ്പോൾ രാജിവച്ച് പാർട്ടി നേതൃത്വത്തിലേക്ക് വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച കോർബിൻ പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന ചരിത്രമാണുള്ളത്. ഇടതുപക്ഷ ആശയങ്ങൾ മുറുകെ പിടിക്കുന്ന കോർബിന് ലേബർ പാർട്ടിയിൽ ഒട്ടേറെ എതിരാളികളുണ്ട്. ഈ എതിർപ്പാണ് ഇപ്പോൾ ഒരിക്കൽക്കൂടി പരസ്യമായ പിളർപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ചുക ഉമുന്ന, ക്രിസ് ലെസ്ലി, ഗാവിൻ ഷുകെർ, മൈക്ക് ഗെപ്സ്, ആൻ കോഫെ, എയ്ഞ്ജല സ്മിത്ത്, ലൂസിയാന ബെർഗർ എന്നീ എംപിമാരാണ് ഇന്നലെ പാർട്ടിവിട്ട് പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കോർബിൻ വിരുദ്ധരായ അമ്പതോളം എംപിമാർ പാർട്ടിയിലുണ്ട്. ഇവരിലാണ് വിമത നേതാക്കളുടെ കണ്ണ്.
പാർലമെന്റിൽ മൂന്നാമത്തെ വലിയ കക്ഷിയായ ലിബറൽ ഡെമോക്രാറ്റുകളേക്കാൾ വലിയ ഗ്രൂപ്പായി ലേബർ വിമതർ ഇപ്പോൾത്തന്നെ മാറിക്കഴിഞ്ഞു. നാലു പതിറ്റാണ്ടിനിടയിൽ ബ്രിട്ടനിലെ ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പിളർപ്പിനെയാണ് ലേബർ പാർട്ടി അഭിമുഖീകരിക്കുന്നത്.

ആന്റി സെമിറ്റിക് നിലപാടുകൾ കൈക്കൊള്ളുന്ന ഒരു പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും പാർട്ടിയുടെ ഈ നിലപാട് ദേശസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്നും പറഞ്ഞാണ് ഏഴ് എംപിമാർ പാർട്ടി വിട്ടത്. ബ്രെക്സിറ്റിനെ തുറന്ന് എതിർക്കുന്ന ഇവർ തുടക്കംമുതലേ രണ്ടാം റഫറണ്ടത്തിനായി നിലകൊള്ളുന്നവരുമാണ്. ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ജെറമി കോർബിൻ ഒരിക്കലും പ്രധാനമന്ത്രിയാകാൻ യോഗ്യനല്ലെന്നും വിമത നേതാക്കൾ ആരോപിക്കുന്നു.

പാർട്ടി ഉപനേതാവായ ടോം വാട്സൺ വിമതരെ ന്യായീകരിക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത് ആശങ്കയോടെയാണ് നേതൃത്വം കാണുന്നത്. കടുത്ത ഇടതുനയം പിന്തുടരുന്ന പാർട്ടി നേതൃത്വത്തിനുള്ള മുന്നറിയിപ്പാണിതെന്നായിരുന്നു വാട്സന്റെ പ്രതികരണം. എന്നാൽ ഷാഡോ ചാൻസിലർ ജോൺ മക്ഡോണൽ ഉൾപ്പെടെയുള്ള കോർബിൻ അനുകൂലികൾ വിമതരെ ശക്തമായി എതിർത്ത് രംഗത്തെത്തി.  പാർലമെന്റിൽ പ്രത്യേക ഗ്രൂപ്പായി ഇരിക്കാതെ പാർട്ടിയുടെ ലേബലിൽ നേടിയ എംപി സ്ഥാനം രാജിവച്ച്  ഇവരെല്ലാം തിരഞ്ഞെടുപ്പിനെ നേരിടാൻ തയാറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com