ADVERTISEMENT

പത്തനംതിട്ട∙ സംഘർഷങ്ങൾ അവസാനിപ്പിച്ച് രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാരുടെ വോട്ടു കൂടി എൽഡിഎഫിന് കിട്ടുമെന്ന് േകരള സംരക്ഷണ യാത്രയ്ക്ക് അടൂരിലും പത്തനംതിട്ടയിലും നൽകിയ സ്വീകരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പ്രവർത്തകർ ഇനി സംഘർഷങ്ങൾ ഉണ്ടാക്കാൻ പാടില്ല. അക്രമവും അടിപിടിയും അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിൽ നീങ്ങണം.

അക്രമം ഇടതുമുന്നണിയുടെ രീതിയല്ല. സമാധാനമാണ് മുന്നണി ആഗ്രഹിക്കുന്നത്. സിപിഎം ഓഫിസുകൾ ആക്രമിച്ചാൽ, നിയമപരമായ മാർഗം സർക്കാർ നോക്കും. തിരിച്ച് ആക്രമിക്കാൻ പോയാൽ പാർട്ടി സഹായിക്കില്ല. രാജ്യത്തെ നിയമം അനുസരിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പോകുന്നവരെല്ലാം കോൺഗ്രസുകാരും ബിജെപിക്കാരുമാണെന്ന ധാരണ പലർക്കും ഉണ്ട്. എന്നാൽ, മല കയറുന്നവരിൽ നല്ല പങ്കും ഇടതുപക്ഷക്കാരാണെന്നതാണ് യാഥാർഥ്യം.

താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ ശബരിമലയിൽ പോയി. അന്ന് മല കയറുമ്പോൾ എതിരെ വന്ന സ്വാമിമാർ ലാൽസലാം സഖാവേ എന്നാണ് പറഞ്ഞത്. അതുകൊണ്ട് തിരഞ്ഞെടുപ്പു സർവേയ്ക്കു നടക്കുന്നവർ യാഥാർഥ്യം കൂടി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാരിന്റെ 1000 ദിവസത്തെ വികസന നേട്ടം പറയണമെങ്കിൽ 1000 ദിവസം തന്നെ വേണം. ഏതാനും മണിക്കൂറുകൾ കൊണ്ടു പറഞ്ഞു തീർക്കാൻ കഴിയാത്തത്ര വികസനം ഈ സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com