ADVERTISEMENT

ലക്നൗ∙ കോൺഗ്രസുമായുള്ള സഖ്യസാധ്യതകൾ അവസാനിപ്പിച്ച് ഉത്തർപ്രദേശിൽ മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ച് എസ്പിയും ബിഎസ്പിയും. ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ 75 എണ്ണത്തിന്റെ കാര്യത്തിലാണ് ഇരുപാർട്ടികളും തമ്മിൽ ധാരണയായത്. ബഹുജൻ സമാജ് പാർട്ടി 38 സീറ്റുകളിലും സമാജ്‌വാദി പാർട്ടി 37 സീറ്റുകളിലും മത്സരിക്കും.

കോൺഗ്രസ് 80 സീറ്റുകളിലും മത്സരിക്കുമെന്നു രാഹുൽ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവോടെ എസ്പിയും ബിഎസ്പിയുമായി വീണ്ടും സഖ്യസാധ്യതകൾ ഉയർന്നിരുന്നു. എന്നാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിലെ അതൃപ്തിയാണ് മായാവതിയെ സഖ്യത്തിൽ നിന്നു പിന്നോട്ട് വലിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ മായാവതി വിമർശിച്ചതും പ്രവർത്തകർ ഇതുമായി കൂട്ടിവായിക്കുന്നു.

മുൻപു നൽകിയ ഉറപ്പുപ്രകാരം, യുപിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മത്സരിക്കുന്ന അമേഠി മണ്ഡലവും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലവും എസ്പി–ബിഎസ്പി സഖ്യം ഒഴിച്ചിടും. ബാക്കിയുള്ള മൂന്നു സീറ്റുകളിൽ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ മത്സരിക്കാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പുർ എന്നിവടങ്ങളിൽ സമാജ്‌വാദി പാർട്ടിയാണ് മത്സരിക്കുന്നത്. ലക്നൗ, കാൻപുർ, അലഹബാദ്, ഝാൻസി തുടങ്ങിയ മണ്ഡലങ്ങളിലും എസ്പി മത്സരിക്കും. മീററ്റ്, ആഗ്ര, നോയിഡ, അലിഗഡ്, സഹാറൻപുർ എന്നിവടങ്ങളിൽ ബിഎസ്പി ജനവിധി തേടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com