ADVERTISEMENT

തിരുവനന്തപുരം∙ ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസ് തെളിയാൻ നിമിത്തമായ രമണിക്കു നിർമിക്കുന്ന പുതിയ വീടിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ദേവസ്വം ബോര്‍ഡും ഏറ്റുമാനൂരപ്പന്റെ ഭക്തനായ ഉണ്ണികൃഷ്ണൻ പോറ്റിയുമാണ് നിർമാണച്ചെലവ് വഹിക്കുന്നത്.

680 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് നിർമിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ, കമ്മിഷണർ എൻ.വാസു, എക്സി.എൻജിനീയർ സി.ടി.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയൻ, സെക്രട്ടറി എസ്.ജയശ്രീ എന്നിവർ പ്രസംഗിച്ചു. രമണിയുടെ ദുരിതജീവിതം പുറത്തുകൊണ്ടുവന്നത് മനോരമ ഓൺലൈനായിരുന്നു.

1981 മെയ് 24ന് ആയിരുന്നു ഏറ്റുമാനൂർ അമ്പലത്തിൽ നിന്നും വിഗ്രഹം കവർന്നത്. ക്ഷേത്രക്കിണറില്‍നിന്ന്‌ പൊലീസ് കണ്ടെത്തിയ ഒരു കടലാസ് അന്വേഷണത്തിൽ നിർണായകമായി. ക്ഷേത്രം കുത്തിത്തുറക്കാൻ ഉപയോഗിച്ച പാര പൊതിഞ്ഞുകൊണ്ടുവന്നത് ഈ കടലാസിലായിരുന്നു. രമണി പാറശാലയിലെ സ്കൂളിൽ 8–ാം ക്ലാസിൽ പഠിച്ചിരുന്നപ്പോൾ പരീക്ഷ എഴുതാനുപയോഗിച്ച്, പിന്നീട് സമീപത്തെ ഇരുമ്പുകടയിൽ തൂക്കിവിറ്റ പേപ്പറായായിരുന്നു അത്. പേപ്പറിൽ സ്കൂൾ വിലാസം ഉണ്ടായിരുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ പാര വാങ്ങിയ കട കണ്ടെത്തി. തുടർ അന്വേഷണത്തിൽ മോഷ്ടാവായ ധനവുച്ചപുരം സ്വദേശി സ്റ്റീഫനെ തിരിച്ചറിഞ്ഞു.

ഒട്ടേറെ പ്രശംസകൾ അക്കാലത്തു ലഭിച്ചിരുന്ന രമണിയുടെ ജീവിതം പിന്നീട് ദുരിതപൂർണമായി. ഒരു വർഷം മുൻപ് ഭർത്താവ് ശശി മരിച്ചു. രമണി ഇപ്പോൾ തൊഴിലുറപ്പു തൊഴിലാളിയാണ്. മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും അംഗം കെ.പി.ശങ്കരദാസും രമണിയുടെ വീട്ടിലെത്തി സഹായം ഉറപ്പ് നൽകി. വീടും ജോലിയുമായിരുന്നു വാഗ്ദാനം. പണം മുടക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി തയാറായതോടെ വീടിന്റെ നിർമാണവും തുടങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com