ADVERTISEMENT

ന്യൂഡൽഹി ∙ ലാവ്‌ലിൻ അഴിമതിക്കേസിൽ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ ഏപ്രിൽ ആദ്യ വാരം അന്തിമവാദത്തിനു പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണു കോടതി പരിഗണിക്കുന്നത്.

പിണറായിക്കു പുറമെ മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍. ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണു ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കൂട്ടുപ്രതികളും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുമായ ആര്‍.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ എന്നിവരാണു കേസില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടാണു കേസ്. കരാര്‍ ലാവ്‌ലിനു നൽകാൻ പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്.

എന്നാൽ, ലാവ്‌ലിൻ കേസിൽ ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു പിണറായി വിജയനുൾപ്പെടെ മൂന്നു പേരെ ഹൈക്കോടതി തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതെന്നു സിബിഐ ആരോപിക്കുന്നു. കേസിൽ കെ.മോഹനചന്ദ്രൻ, പിണറായി വിജയൻ, എ.ഫ്രാൻസിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട്. പ്രഥമദൃഷ്‌ട്യാ ഗൂഢാലോചനയ്‌ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തിൽ മാത്രമേ വ്യക്‌തമാകുകയുള്ളൂ.

തെളിവുണ്ടെന്നു വിലയിരുത്തിയശേഷം, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ല. കേസിൽ നിയമവശമാണു ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ, കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്താനാണു ശ്രമിച്ചത്. ചില കാര്യങ്ങൾ വിചാരണയിൽ മാത്രം പരിശോധിക്കണമെന്നു തീരുമാനിച്ച ഹൈക്കോടതിതന്നെ മൂന്നു പ്രതികളെ വിചാരണയിൽനിന്ന് ഒഴിവാക്കി.

റിവിഷനൽ കോടതിയായി പ്രവർത്തിച്ച ഹൈക്കോടതി വസ്‌തുതാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുക വഴി വിചാരണക്കോടതിയുടെ അധികാരം കവർന്നെടുത്തു. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്‌ഥാനത്തിലാണു കുറ്റപത്രം തയാറാക്കുന്നത്. എന്നാൽ, ചിലരെ തിരഞ്ഞുപിടിച്ചു കേസിലുൾപ്പെടുത്തുന്ന രീതിയാണ് അന്വേഷണ ഏജൻസിയുടേതെന്നാണു ഹൈക്കോടതിയുടെ കണ്ടെത്തൽ.

വസ്‌തുതാപരമായി തെളിവുകളുണ്ടായിട്ടും ചിലരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണു ഹൈക്കോടതി ചെയ്‌തത്. കുറ്റാരോപിതർക്കെതിരെ നടപടി തുടരാൻ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടോയെന്നു പരിശോധിക്കുന്നതിനു പകരം, തെളിവത്രയും പരിശോധിച്ചു കേസ് തീർപ്പാക്കുകയാണു ഹൈക്കോടതിയും വിചാരണക്കോടതിയും ചെയ്‌തത്. 

ആരോപണം സംബന്ധിച്ച വസ്തുതാപരമായ വശങ്ങൾ വിചാരണഘട്ടത്തിൽ പരിശോധിക്കേണ്ടതാണെന്നും തലശ്ശേരി കാൻസർ സെന്റർ എന്നതു കാനഡ സന്ദർശനത്തിൽ പിണറായി മുന്നോട്ടുവച്ച ആശയമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. പിണറായി, മോഹനചന്ദ്രൻ, ഫ്രാൻസിസ് എന്നിവരെ ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റാണ്. കാരണം, ലാവ്‌ലിൻ കമ്പനിക്കു തന്റെ മുൻഗാമിയുടെ കാലത്തു നൽകിയ കൺസൽറ്റൻസി കരാർ വിതരണക്കരാറാക്കി മാറ്റാനുള്ള നിർണായക തീരുമാനം പിണറായിയുടെ താൽപര്യാർഥമായിരുന്നു.

പിണറായി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവും മറ്റു പ്രതികളും ലാവ്‌ലിന്റെ അതിഥിയായി കാനഡ സന്ദർശിച്ചപ്പോൾ, വിതരണക്കരാർ ഒപ്പുവയ്ക്കാൻ പിണറായി തീരുമാനിച്ചെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ല. ഒഴിവാക്കപ്പെട്ടവർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ വിടുതൽ ഹർജി പരിഗണിക്കുമ്പോൾ തീരുമാനിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞതാണ്. എന്നിട്ടാണു മൂന്നുപേരെ വിചാരണ ചെയ്യാനും മൂന്നുപേരെ ഒഴിവാക്കാനുമുള്ള തീരുമാനം ശരിവച്ചത്– സിബിഐ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com