ADVERTISEMENT

ആലപ്പുഴ/കൊച്ചി ∙ വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു സർവീസ് ആരംഭിച്ചതെന്ന ആക്ഷേപം ശരിവച്ച് കന്നിയാത്രയിൽ കെഎസ്ആർടിസിയുടെ മൂന്ന് ഇലക്ട്രിക് ബസുകൾ കട്ടപ്പുറത്തായി. തിരുവനന്തപുരം – എറണാകുളം എസി ഇലക്ട്രിക് ബസ് ചാർജ് തീർന്ന് ചേർത്തല എക്സ്റേ ജംക്‌ഷനു സമീപം നിന്നു പോവുകയായിരുന്നു. തൊട്ടുപിന്നാലെ ഇതേ റൂട്ടിലുള്ള മറ്റൊരു ബസ് വൈറ്റില വരെ എത്തിയെങ്കിലും ജംക്‌ഷനിൽവച്ച് ചാർജ് തീർന്നതോടെ ട്രിപ്പ് അവസാനിപ്പിച്ചു. വൈകിട്ട് അഞ്ചിന് എറണാകുളം കെഎസ്ആർടിസി ബസ്‍സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട ഇലക്ട്രിക് ബസ് കൊല്ലം പാരിപ്പള്ളിയിൽ ചാർജ് തീർന്നു യാത്ര അവസാനിപ്പിച്ചു. 

ദീർഘദൂര സർവീസ് നടത്തും മുൻപു വേണ്ടത്ര പഠനങ്ങൾ നടത്തിയിരുന്നില്ലെന്നാണു പരാതി. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംക്‌ഷനുകൾ കടന്നു മുൻകൂട്ടി നിശ്ചയിച്ച സമയത്തു ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാർജ് തീർന്നു പോകുമെന്നു നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയതാണ്. ഇലക്ട്രിക് ബസ് യാത്രയുടെ അനുഭവമറിയാൻ കന്നിയാത്രയിൽ നിരവധി പേരാണു ടിക്കറ്റെടുത്തിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് എറണാകുളത്തേക്ക് നേരിട്ടുള്ള യാത്രക്കാരുമുണ്ടായിരുന്നു. വൈറ്റില ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കിയതിനു തൊട്ടുപിന്നാലെയാണു ചാർജ് തീർന്നത്. രണ്ടു മൂന്നു യാത്രക്കാർ എറണാകുളത്തേക്ക് പോകേണ്ടവരായിരുന്നു. അവരെ മറ്റു ബസുകളിൽ കയറ്റിവിട്ടെന്നു കണ്ടക്ടർ പറഞ്ഞു.

ഇലക്ട്രിക് ബസിന്റെ കമ്പനി പ്രതിനിധികൾ നേരിട്ടെത്തിയാൽ മാത്രമേ ഇനി ബസ് ചാർജ് ചെയ്യാനാകൂ. അതുവരെ ബസുകൾ വഴിയിൽ കിടക്കും. തിരുവനന്തപുരത്തുനിന്നു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സർവീസുകളാണു തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ആരംഭിച്ചത്. രാവിലെയും വൈകിട്ടുമാണു സർവീസുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com