ADVERTISEMENT

തൊടുപുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം)ന് രണ്ടു സീറ്റുകൾ വേണമെന്ന ആവശ്യം ആവർത്തിച്ച് പി.ജെ.ജോസഫ്. കേരള കോൺഗ്രസ് ഒരുമിച്ച് നിൽക്കുമ്പോൾ രണ്ടു സീറ്റുകൾ നൽകുന്ന പതിവ് നേരത്തെ മുതൽ ഉള്ളതാണ്. ന്യായമായ ആവശ്യമാണ് ഇത്. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ആവശ്യം. രാഹുൽ ഗാന്ധിയോട് ഇക്കാര്യം ഉന്നയിച്ചപ്പോൾ പ്രാദേശികമായി ചർച്ചചെയ്തു പരിഹരിക്കാനാണ് നിർദേശിച്ചത്. ഇക്കാര്യത്തിൽ നാളെ ചർച്ച നടക്കും. ഒരു സീറ്റിനു വഴങ്ങില്ല.

ലോക്സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ലോക്സഭയിലേക്ക് ഒന്നു പോയാ‍ൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഇത്തവണ മത്സരിച്ചുകൂടായ്കയില്ല. പാർട്ടി തീരുമാനിച്ചാൽ ഏതു സീറ്റിലും മത്സരിക്കും. എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുണ്ട്. 20 മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ്. കോട്ടയത്ത് നിഷ ജോസ് കെ.മാണി മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും പി.െജ.ജോസഫ് പറഞ്ഞു.

കോട്ടയത്ത് നിഷാ ജോസ് കെ.മാണിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ മാണി വിഭാഗം സജീവമാക്കി എന്നുള്ള സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണ് പി.ജെ.ജോസഫ് വാർത്താസമ്മേളനം നടത്തിയത്. ജോസ് കെ.മാണിയെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള കെ.എം.മാണിയുടെ ശ്രമങ്ങൾക്ക് തടയിടാൻ കൂടിയാണ് പി.െജ.ജോസഫിന്റെ നീക്കമെന്നും സൂചനകളുണ്ട്.

ഭിന്നശേഷിക്കാരനായ തന്റെ ഇളയ മകൻ ജോമോൻ ജോസഫിന്റെ പേരിലുള്ള ജോമോൻ ജോസഫ് ചാരിറ്റബിൾ ട്രസ്റ്റ് തൊടുപുഴ നിയോജക മണ്ഡലത്തിലെ 700 പാലിയേറ്റിവ് രോഗികൾക്ക് ഭക്ഷണത്തിനായി മാസം 1000 രൂപ വീതം നൽകുന്ന പദ്ധതി 27ന് ഉദ്ഘാടനം ചെയ്യും. ഒരു വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. ജോമോൻ ജോസഫിനുള്ള കുടുംബ സ്വത്തിൽ നിന്നും സംഭാവനകളിൽ നിന്നും തുക കണ്ടെത്തും. താനും ഭാര്യയും ചേർന്നാണ് ഇക്കാര്യത്തി‍ൽ തീരുമാനമെടുത്തതെന്നും പി.െജ.ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com