സുസജ്ജം, പാക്ക് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും: ഇന്ത്യൻ സൈന്യം

army-press-meet
സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന സേനാ വക്താക്കൾ.
SHARE

ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ ആക്രമണശ്രമങ്ങൾക്കു ശക്തമായ തിരിച്ചടി നൽകിയെന്നും ഏത് ആക്രമണവും നേരിടാൻ സുസജ്ജമാണെന്നും ഇന്ത്യ. കര, വ്യോമ, നാവിക സേനാ വക്താക്കൾ. ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ സേന നിലപാടു വ്യക്തമാക്കിയത്.

വൈകിട്ട് അഞ്ചിനു നടത്താൻ‌ നിശ്ചയിച്ച വാർത്താസമ്മേളനം, പൈലറ്റിനെ വെള്ളിയാഴ്ച മോചിപ്പിക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ രാത്രി എഴിനാണു നടന്നത്. വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാൻ മോചിപ്പിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നു സേനകൾ വ്യക്തമാക്കി.

‘പാക്കിസ്ഥാൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും സൈനികരെയും ആക്രമിക്കാൻ ശ്രമിച്ചു. സംഘർഷത്തിന്റെ തീവ്രത കൂട്ടുകയാണ് അവർ. ഇനിയും ഇന്ത്യയെ പ്രകോപിപ്പിക്കാനാണു ഭാവമെങ്കിൽ തിരിച്ചടിക്കാൻ രാജ്യം തയാറെടുത്തിട്ടുണ്ട്’– മേജർ ജനറൽ സുരേന്ദ്ര സിങ് മഹൽ വ്യക്തമാക്കി. എയർ വൈസ് മാർഷൽ ആർ.ജി.കെ.കപൂർ, റിയർ അഡ്മിറൽ ഡി.എസ്.ഗുജ്റാൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യയ്ക്കെതിരെ എഫ്–16 വിമാനങ്ങളും മിസൈലുകളും പാക്കിസ്ഥാൻ ഉപയോഗിച്ചതിന്റെ തെളിവുകൾ സേനാ വക്താക്കൾ മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിച്ചു. പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തിൽനിന്നു മാത്രം തൊടുക്കാൻ കഴിയുന്ന എമ്രാം മിസൈൽ ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളാണു തെളിവായി പ്രദർശിപ്പിച്ചത്.

‘ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം വിജയമായിരുന്നു. എത്ര പേർ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ചു പ്രതികരിക്കാൻ സമയമായിട്ടില്ല. ഭീകരക്യാംപുകൾ തകർക്കുകയെന്ന ലക്ഷ്യം വിജയം കണ്ടു’– എയർ വൈസ് മാർഷൽ ആർ.ജി.കെ.കപൂർ പറഞ്ഞു.

ഭീകരരെ ഇനിയും പിന്തുണക്കാനാണു പാക്കിസ്ഥാന്റെ തീരുമാനമെങ്കിൽ ഭീകരക്യാംപുകളെ വീണ്ടും ലക്ഷ്യമിടുമെന്ന് മേജർ ജനറൽ സുരേന്ദ്ര സിങ് മഹൽ പറഞ്ഞു. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച എഫ്–16 വിമാനം വ്യോമസേന തകർത്തിരുന്നു.

ഇന്ത്യൻ ഭാഗത്തുനിന്നു എഫ്–16 വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. പാക്കിസ്ഥാൻ എന്തെങ്കിലും അതിക്രമങ്ങൾക്കു മുതിർന്നാൽ തിരിച്ചടിക്കാൻ തയാറാണെന്നും റിയർ അഡ്മിറൽ ഡി.എസ്.ഗുജ്റാൾ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാൻ മോചിപ്പിക്കപ്പെടുന്നതിൽ വ്യോമസേനയ്ക്കു സന്തോഷമുണ്ട്. പാക്ക് ആക്രമണത്തിൽ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. പാക്കിസ്ഥാന്റെ ഒരു എഫ്–16 വിമാനം വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർത്തു. ഇന്ത്യൻ ഭാഗത്തു രജൗറിക്കു കിഴക്കായി എഫ്–16 വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി’– എയർ വൈസ് മാർഷൽ ആർ.ജി.കെ.കപൂർ വ്യക്തമാക്കി.

വസ്തുതാവിരുദ്ധമായ വാദങ്ങളാണു തുടക്കം മുതൽ പാക്കിസ്ഥാന്റേത്. രണ്ട് സൈനികർ കൈവശമുണ്ടെന്ന നുണപ്രചാരണമാണു അവർ നടത്തിയത്. പാക്കിസ്ഥാൻ ഇപ്പോഴും വെടിനിർത്തൽ കരാർ ലംഘിക്കുന്നു.

അതിർത്തിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പാക്ക് വിമാനത്തെ ഇന്ത്യ തുരത്തി. പാക്ക് വ്യോമസേന ബോംബുകൾ പ്രയോഗിച്ചു. എന്നാൽ ഇന്ത്യയുടെ ഭാഗത്തു യാതൊരു നാശനഷ്ടവുമുണ്ടായില്ല. പ്രകോപനമില്ലാതെയായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം– ആർ.ജി.കെ.കപൂർ പറഞ്ഞു.

English Summary: Prepared To Respond To Any Provocation From Pakistan: Briefing By Indian Armed Services

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA