ADVERTISEMENT

ന്യൂഡൽഹി∙ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ വാരിയെല്ലിനു പരുക്കുള്ളതായി സൈനിക ആശുപത്രിയിലെ സ്കാനിങ് റിപ്പോർട്ട്. മിഗ് 21 വിമാനം തകർന്നതിനെത്തുടർന്നു പാരഷൂട്ടിൽ പുറത്തുകടക്കുമ്പോഴോ അതിനുശേഷം പാക്ക് അധിനിവേശ കശ്മീരിൽ വീണപ്പോഴുള്ള ആൾക്കൂട്ട ആക്രമണത്തിലോ സംഭവിച്ചതാകാമെന്നാണു വിലയിരുത്തൽ. വിശദപരിശോധനകൾക്കു വിധേയനാക്കുമെന്നും മികച്ച ചികിൽസ ഉറപ്പാക്കുമെന്നും അധികൃതരെ ഉ‌ദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, ഒട്ടും വൈകാതെ കോക‌്പിറ്റിലേക്കു മടങ്ങിയെത്തണമെന്ന ആഗ്രഹമാണ് ആശു‌പ‌ത്രിയിൽ കാണാനെത്തുന്ന ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരോടും ചികിൽസിക്കുന്ന ഡോക്ടർമാരോടും അഭിനന്ദൻ പ‌ങ്കുവയ്ക്കുന്നത്. ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നു സേനാ അധികൃതരും വ്യ‌‌ക്തമാക്കി.

പാക്കിസ്ഥാനിലെ 60 മണിക്കൂറുകൾക്കുശേഷം ഇന്ത്യയിൽ എത്തിയ വിങ് കമാൻഡർ അഭിനന്ദൻ സൈനിക ചട്ടങ്ങൾ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണു കടന്നു പോകുന്നത്. പാക്കിസ്ഥാനിൽ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ അഭിനന്ദനെ ഉദ്യോഗസ്ഥർ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും.

വ്യോമസേന ഇന്റലിജൻസ്, ഐബി, റോ എന്നീ ഏജൻസികൾ ആണു വിവരങ്ങൾ ശേഖരിക്കുക. പാക്കിസ്ഥാൻ പുറത്തു വിട്ട അഭിനന്ദന്റെ വിഡിയോ ഭീഷണിപ്പെടുത്തിയാണു ചിത്രീകരിച്ചതെന്നു വ്യക്തമായാൽ ജനീവ കൺവൻഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. ആശുപത്രിയിലെത്തിയ പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും അഭിനന്ദൻ ഇന്നലെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.

പാക്ക് സൈനിക ഉദ്യോഗസ്ഥരിൽനിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദൻ പറഞ്ഞെന്നാണു റിപ്പോർട്ട്. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വിശദപരിശോധനയ്ക്കു വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല. മുഖത്തും ശരീരത്തിലുമുള്ള പരുക്കുകൾ ഭേദമാവുന്നു.

English Summary: Abhinandan Varthaman Rib Injury After Being Assaulted by a Mob in Pakistan: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com