ADVERTISEMENT

ന്യൂഡൽഹി∙ ബാലാക്കോട്ടിലെ ജയ്ഷ് ഭീകരക്യാംപിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതിനു ശേഷവും ആശയ പ്രചാരണം തുടർന്നു ഭീകരസംഘടന. പാക്കിസ്ഥാൻ നടപടി വാഗ്ദാനം ചെയ്ത സാഹചര്യത്തിലും ജയ്ഷ് ഇന്ത്യയ്ക്കെതിരായ വിദ്വേഷ പ്രചാരണം തുടരുകയാണെന്നു ഒരു ‌ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജയ്ഷെ മുഹമ്മദിന്റെ വാരികയായ അൽ ക്വലാം ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്.

സ അദി എന്ന പേരിൽ എഴുതിയ 250ൽ അധികം ലേഖനങ്ങളാണ് ഇവയിൽ ഉള്ളത്. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹറിന്റെ തൂലികാ നാമമാണ് സ അദി എന്നത്. ഫെബ്രുവരി 27നു പുറത്തിറങ്ങിയ എഡിഷനിലും മസൂദ് അസ്ഹ‍റിന്റെ സന്ദേശങ്ങളുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ബാലാക്കോട്ട് ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. ഇന്ത്യയുടെ ഭീഷണികള്‍ ഞങ്ങളെ ഭയപ്പെടുത്തുമോയെന്നു അവർക്കു ഊഹിക്കാനാകില്ല, പക്ഷേ തീർച്ചയായും ഭയപ്പെടുത്താൻ സാധിക്കില്ല– വ്യോമസേന ആക്രമണത്തെ സൂചിപ്പിച്ച് ജയ്ഷ് തലവന്‍ വ്യക്തമാക്കി.

റാവൽപിണ്ടിയിൽനിന്നുള്ള വിലാസം വച്ചാണ് വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. നിലവിലും വെബ്സൈറ്റ് ലഭ്യമാണെന്നും ദേശീയ മാധ്യമം റിപ്പോർ‌ട്ട് ചെയ്യുന്നു. ഇന്ത്യൻ വ്യോമാക്രമണത്തിനു പിന്നാലെ ഭീകരസംഘടനകൾക്കെതിരെ ശക്തമായ നടപടി തുടങ്ങിയെന്ന പാക്ക് വാദത്തെ തുറന്നുകാട്ടുന്നതാണ് ഈ കണ്ടെത്തൽ. പാക്ക് മണ്ണ് ഭീകരപ്രവർത്തനങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർ പാക്കിസ്ഥാന്റെ ശത്രുക്കളാണെന്നായിരുന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നത്. ഭീകരപ്രവർത്തനങ്ങൾക്കു തെളിവു നൽകിയാൽ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയാറാണ്. ഭീകര നീക്കങ്ങൾ പാക്കിസ്ഥാന്റെ താൽപര്യത്തിനു വിരുദ്ധമാണെന്നു പറഞ്ഞ ഇമ്രാൻ ഇന്ത്യയെ വിഷയം ചർച്ച ചെയ്യാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.

ഒരു മാധ്യമത്തിലൂടെ ഇതാദ്യമായല്ല മസൂദ് അസ്ഹർ ഇന്ത്യയെ വിമർശിക്കുന്നത്. പുൽവാമ ഭീകരാക്രമണം എങ്ങനെയാണ് നടത്തിയതെന്ന കാര്യവും മസൂദ് അസ്ഹർ വാരികയിലൂടെ എഴുതിയിരുന്നു. മസൂദ് അസ്ഹറിന്റെ സഹോദരനായ ജയ്ഷ് കമാൻഡര്‍ അബ്ദുൽ റൗഫ് അസ്ഗറിന്റെ സന്ദേശങ്ങളും അൽ ക്വലാമിൽ പ്രത്യക്ഷപ്പെടാറുണ്ട്. 2002ലാണ് പാക്കിസ്ഥാനിൽ ജയ്ഷെ മുഹമ്മദിനെ നിരോധിച്ചത്. പക്ഷേ പാക്ക് മണ്ണിൽ വൻതോതില്‍ ജയ്ഷ് ഭീകരക്യാംപുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം.

English Summary: Pakistan promised ban but Jaish still airs anti India campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com