ADVERTISEMENT

വൈത്തിരിയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി.ജലീൽ കൊല്ലപ്പെട്ട വാർത്ത വരുമ്പോൾ ഓർമകളിലെത്തുന്നത് 2016 ൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച കേരള പൊലീസിന്റെ പ്രത്യേക കമാൻഡോ വിഭാഗമായ തണ്ടർ ബോൾട്ടിന്റെ ദൗത്യം. 2016-ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ തമ്പടിച്ച് നീക്കങ്ങള്‍ നടത്താനുള്ള മാവോയിസ്റ്റ് ശ്രമം കേരളാ പൊലീസ് പൊളിച്ചത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയായിരുന്നു.

ഉള്‍ക്കാട്ടിലെ മാവോയിസ്റ്റ് ക്യാംപിനു നേരെ അന്നു തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും. ഇവരെ പൊലീസ് ഏകപക്ഷീയമായി വെടിവച്ചു കൊന്നതാണെന്നും ആരോപണമുയര്‍ന്നു. അന്നു വനത്തിലുള്ളിലെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. തമിഴ്‌നാട് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥരായിരുന്നു. തുടര്‍ന്ന് അവര്‍ വിവരങ്ങള്‍ കേരളാ പൊലീസിനു കൈമാറി.

ഫോണ്‍ സന്ദേശത്തില്‍ മാവോയിസ്റ്റ് ഗന്ധം

കരുളായിക്കു സമീപം മുത്തോടം ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപത്തെ കാരപ്പുറത്തുള്ള ബിഎസ്എന്‍എല്‍ ടവറിലൂടെ കടന്നുപോയ ഒരു ഫോണ്‍ സന്ദേശത്തില്‍ തമിഴ്‌നാട് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് ഗന്ധം മണത്തു. ആ ഫോണ്‍ സിഗ്‌നലിനെ പിന്തുടര്‍ന്ന അവര്‍ക്കു മാവോയിസ്റ്റ് ക്യാംപ് എവിടെയാണെന്നു കൃത്യമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞു. അതവര്‍ കേരള പൊലീസിനു കൈമാറി. മാസങ്ങളായി ക്യു ബ്രാഞ്ച് സംഘം വേഷം മാറി ഇവിടെത്തന്നെയുണ്ടായിരുന്നു. നാടുകാണി ദളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കുപ്പു എത്തിയിട്ടുണ്ടെന്ന വിവരം ക്യു ബ്രാഞ്ചിനു നേരത്തേ ലഭിച്ചിരുന്നു. എല്‍ടിടിഇ പോലുള്ള സംഘടനകളെ നേരിട്ടു പരിചയമുള്ളവരാണു ക്യു ബ്രാഞ്ച് ടീം.

മാവോയിസ്റ്റുകളെ അവരോളംതന്നെ പഠിച്ച ആന്ധ്ര സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോയ്ക്കും മാവോയിസ്റ്റുകളുടെ നീക്കങ്ങള്‍ അറിയാന്‍ അധികം പണിപ്പെടേണ്ടിവന്നില്ല. കൊടുംകാടിനുള്ളില്‍പോലും ആന്ധ്ര സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോയ്ക്കു കാര്യങ്ങളറിയാന്‍ കഴിവുണ്ടെന്നതു മാവോയിസ്റ്റുകള്‍ക്കും അറിയാവുന്ന കാര്യമാണ്. അവര്‍ കുറച്ചു നാളായി നാടുകാണി ദളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനുള്ള ശ്രമത്തിലുമായിരുന്നു.

പകല്‍പോലും ഇരുള്‍ നിറയുന്ന കാട്ടുവഴികള്‍

thunderbolt-nilambur-2016
2016 ൽ നിലമ്പൂർ കരുളായി വനത്തിൽ വരയന്മലയുടെ താഴ്‌വാരത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഉൾവനത്തിൽ നിന്നു പൂളക്കപ്പാറ വനം ഔട്ട്പോസ്റ്റിലേക്കു തണ്ടർബോൾട്ട് സേനാംഗങ്ങൾ കൊണ്ടുവരുന്നു. ചിത്രം: സമീർ എ.ഹമീദ്

നിലമ്പൂര്‍ കരുളായി വനത്തില്‍ വനപാതയിലേക്കു വാഹനങ്ങള്‍ കയറാതിരിക്കാന്‍ കുറുകെ ഇരുമ്പുചങ്ങലയിട്ടു ബന്ധിച്ചിട്ടുണ്ട്. പച്ചപുതച്ചു കിടക്കുന്ന വരയന്‍ മലയുടെ അടിവാരത്താണ് അന്ന് വെടിയൊച്ച മുഴങ്ങിയത്. മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സ്ഥലത്തേക്ക് പൊലീസ് ആരെയും കടത്തിവിട്ടിരുന്നില്ല. വരയന്‍മലയുടെ അടിവാരത്ത് എത്തണമെങ്കില്‍ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ ഔട്ട്‌പോസ്റ്റില്‍നിന്നു നാലു കിലോമീറ്റര്‍ പോകണം. ആനയിറങ്ങുന്ന കാടാണ്; കൂടാതെ മറ്റു വന്യമൃഗങ്ങളും. ദുരൂഹത പുതച്ചു നില്‍ക്കുന്ന കാട്ടിലേക്കുള്ള യാത്ര അതീവ ദുഷ്‌കരം. യാത്രയില്‍ ഉടനീളം ആനച്ചൂരിന്റെ മണമടിക്കും.

സംഭവസ്ഥലത്തിന് ഏതാനും കിലോമീറ്റര്‍ അകലെയായി ആറ് ആദിവാസി കോളനികളുണ്ട്. ഈ സ്ഥലത്തിനും താഴെ അളക്കല്‍ കോളനി. വലതുഭാഗത്ത് ഉച്ചക്കുളം, മുണ്ടക്കടവ്, നെടുങ്കയം കോളനികള്‍. മലമുകളില്‍ മാഞ്ചീരി, മണ്ണള കോളനികള്‍. കാവേരിയും കുപ്പുദേവരാജനും വെടിയേറ്റു വീഴുമ്പോള്‍ സംഘത്തിലുണ്ടായിരുന്ന മറ്റു മാവോയിസ്റ്റുകള്‍ വരയന്‍മലയുടെ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. അവിടെ കൊടുംകാടാണ്. സംഭവത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് അവര്‍ മണ്ണള കോളനിയില്‍ പ്രത്യക്ഷപ്പെട്ടു. സുരക്ഷിതരാണെന്നും സഹപ്രവര്‍ത്തകരുടെ ചോരയ്ക്കു പകരംചോദിക്കുമെന്നും ആദിവാസികളെ അറിയിച്ച് അവര്‍ അപ്രത്യക്ഷരായി.

കാടറിയും തണ്ടര്‍ബോള്‍ട്ട്

തണ്ടര്‍ബോള്‍ട്ട് എന്നു കേട്ടാല്‍ നാട്ടുകാര്‍ക്ക് കോമഡിയായിരുന്നു. മാവോയിസ്റ്റുകളായ മൂന്നോ നാലോ പേരെ പിടിക്കാന്‍വേണ്ടി വന്‍തുക കളഞ്ഞുകുളിക്കുന്നു എന്നായിരുന്നു ആക്ഷേപം. തണ്ടര്‍ബോള്‍ട്ട് സംഘം ഇത്രകാലം കാടുകയറിയിട്ടും മാവോയിസ്റ്റുകളെ പിടിച്ചില്ലെന്നും ഒടുവില്‍ രണ്ടു മാവോയിസ്റ്റുകളെ ഒത്തുകിട്ടിയപ്പോള്‍ വെടിവച്ചു കൊന്നുവെന്നുമാണു സമൂഹ മാധ്യമങ്ങളിലെ ആക്ഷേപം. പക്ഷേ, തണ്ടര്‍ബോള്‍ട്ട് സംഘം ഇത്രകാലവും കാടുകയറിയതു കാടു പഠിക്കാനായിരുന്നു എന്ന് അവര്‍ പറയുന്നു. മൂന്നു ദിവസംവരെ ആഹാരം കഴിക്കാതെ ജീവിക്കാന്‍ കഴിയുന്ന തരത്തിലേക്കു ശരീരത്തെ മാറ്റിയെടുക്കുന്ന കഠിനപരിശീലനമാണ് ഇവര്‍ക്കു നല്‍കിയിരുന്നത്.

കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുവിന്റെ സംരക്ഷണത്തിനായി പന്ത്രണ്ടോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നുവെന്നാണു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കോണാകൃതിയിലുള്ള മുന്നേറ്റമാണു പൊലീസ് നടത്തിയത്. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി കടന്നു. ഇതിനിടെ പൊലീസ് സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയും ചെയ്തത്രേ. പൊലീസ് പിന്തുടരാതിരിക്കാന്‍ ഇവര്‍ നടത്തിയ നീക്കമാണിതെന്നും പറയുന്നു.

കുപ്പുവിനെയും കാവേരിയെയും രക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴായിരിക്കാം ആയുധങ്ങളുമായി മറ്റു മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞിട്ടുണ്ടായിരിക്കുക. കുപ്പുവിന്റെ പക്കലുണ്ടായിരുന്ന എകെ സീരീസിലുള്ള തോക്കും അവര്‍ കൊണ്ടുപോയിരിക്കണം. പൊലീസ് വെടിവയ്ക്കുന്ന സമയം പിസ്റ്റള്‍ മാത്രം കയ്യിലുണ്ടായിരുന്ന കുപ്പുവിനു പൊലീസിന്റെ യന്ത്രത്തോക്കുകളോട് ഏറ്റുമുട്ടുക അസാധ്യമായിരുന്നിരിക്കാം. അവശയായിരുന്ന കാവേരിയുടെ പക്കല്‍ ആയുധം ഉണ്ടായിരുന്നിരിക്കില്ല. ഇതൊക്കെ ഏകപക്ഷീയമായ വെടിവയ്പിന്റെ സാധ്യതകളിലേക്കു വിരല്‍ചൂണ്ടുന്നുവെന്നാണു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിലയിരുത്തൽ‍.

വഴികാട്ടിയായി മരങ്ങളിലെ അടയാളങ്ങള്‍

thunderbolt-nilambur-2016-more
2016 ൽ നിലമ്പൂർ കരുളായി വനത്തിൽ വരയന്മലയുടെ താഴ്‌വാരത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട വിവരമറിഞ്ഞ് പടുക്ക വനം സ്റ്റേഷനു സമീപം തടിച്ചുകൂടിയ നാട്ടുകാർ. ചിത്രം: സമീർ എ.ഹമീദ്

വനപാലകര്‍പോലും എത്തിപ്പെടാത്ത ഉള്‍വനത്തിലാണു മാവോയിസ്റ്റുകള്‍ സാധാരണ ക്യാംപ് ഒരുക്കുന്നത്. കൊടുംവനത്തില്‍ അവര്‍ തമ്പടിക്കുന്നു. നിലമ്പൂര്‍ കാടുകള്‍ക്കുള്ളില്‍ വര്‍ഷത്തില്‍ 10 മാസം മഴയാണ്. ഈ കാലാവസ്ഥയെ അതിജീവിച്ചാണ് അവര്‍ കഴിയുന്നത്. സംഘത്തിലുള്ളവര്‍ പുകവലിക്കാറില്ല. ബീഡിയുടെ പ്രകാശം ദൂരെ കാണുമെന്ന ഭയവും ഇതിന്റെ അവശിഷ്ടങ്ങള്‍ സാന്നിധ്യത്തിനു പിന്നീടു തെളിവായേക്കുമെന്നും കരുതിയാണിത്.

ഭക്ഷണത്തിനായി ഏതെങ്കിലും ജീവികളെ കൊന്നാല്‍ അവയുടെ അവശിഷ്ടം മറവു ചെയ്തിരിക്കും. അരി അടക്കമുള്ളവ പാകംചെയ്യുന്നതും ഈ ജാഗ്രതയില്‍ത്തന്നെയായിരിക്കും. തരിമ്പും തെളിവുകള്‍ ശേഷിപ്പിക്കില്ല. കൂടാതെ അടിക്കടി ഇവര്‍ കാടു മാറിക്കൊണ്ടുമിരിക്കും. ഓരോ ആളിന്റെ ചുമലിലും അയാള്‍ക്കു വേണ്ട സാധനങ്ങള്‍, രാത്രി തങ്ങാനുള്ള ടാര്‍പോളിന്‍ തുടങ്ങിയവയുണ്ടാകും. അരി അവര്‍ കാടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിടും. കരുളായി വനത്തില്‍നിന്നു കണ്ടെടുത്ത 75 കിലോഗ്രാം അരി, അവര്‍ കുറച്ചു ദിവസം മാത്രമേ അവിടെ തങ്ങാന്‍ ഉദ്ദേശിച്ചിരുന്നുള്ളു എന്ന ഊഹത്തിലേക്കു പൊലീസിനെ എത്തിക്കുന്നതിനു കാരണവും ഇതാണ്.

മരങ്ങളില്‍ ചെറിയ അടയാളങ്ങള്‍ ഇട്ടാണ് അവര്‍ നാട്ടിലേക്ക് ഇറങ്ങുന്നത്. കാടിനുള്ളിലൂടെ രണ്ടും മൂന്നും ദിവസം നടന്നാണു നാട്ടില്‍ എത്തുന്നത്. ആദിവാസി ഊരുകളില്‍ ആശയപ്രചാരണം നടത്തി 20 മിനിറ്റിനുള്ളില്‍ അവര്‍ കാട്ടിലെത്തിയിരിക്കും. എത്തിയ വിവരം പൊലീസ് 20 മിനിറ്റിനുള്ളില്‍ മണത്തറിയുമെന്നു മാവോയിസ്റ്റുകള്‍ക്കറിയാം. നാട്ടില്‍നിന്നു തിരികെ കാട്ടിലെത്തുന്നതു മരങ്ങളിലെ അടയാളങ്ങള്‍ നോക്കിയാണ്.

ആരാണു കുപ്പുവും കാവേരിയും? പൊലീസ് പറയുന്നു...

കുപ്പുസ്വാമി എന്ന കുപ്പുദേവരാജന്‍ ആന്ധ്ര, തമിഴ്‌നാട് പൊലീസിന്റെ നോട്ടപ്പുള്ളികളില്‍ പ്രധാനിയായിരുന്നു. കുപ്പുവിനെതിരെയുള്ള കേസുകള്‍ ഒന്നും രണ്ടുമല്ല. 1988ല്‍ തമിഴ്‌നാട് മധുരയിലെ ബാങ്കില്‍നിന്ന് 65 ലക്ഷം രൂപ കൊള്ളയടിച്ച സംഘത്തിലെ പ്രധാനിയാണ്. കുപ്പുദേവരാജനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 10 ലക്ഷം രൂപയാണു തമിഴ്‌നാട് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

1998ല്‍ കര്‍ണാടകയിലെ ഷിംറാഡാ പൊലീസ് പിക്കറ്റ് ആക്രമണം, 1992ല്‍ ചെന്നൈയില്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമണം, ജാര്‍ഖണ്ഡിലെ ടോപ്ചാചി പൊലീസ് ക്യാംപില്‍ ഇരച്ചുകയറി 13 പൊലീസുകാരെ വധിക്കുകയും 18 തോക്കുകള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്ത സംഭവം, 2005ല്‍ ബിഹാറിലെ സീതാറാം സിങ് എംപിയുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലെ മോഷണം, എസ്ബിഐയുടെ സുരക്ഷാ ജീവനക്കാരനെ കൊന്നത്, 2004ല്‍ ബിഹാറിലെ മധുവാന്‍ഡ ആക്രമണം, 2004ല്‍ ആന്ധ്ര - ഒഡീഷ അതിര്‍ത്തിയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ ബാലിമലയില്‍ ഒളിയാക്രമണത്തിലൂടെ 28 ആന്ധ്ര മാവോയിസ്റ്റ് വിരുദ്ധ സേനാംഗങ്ങളെ വധിച്ച സംഭവം, 2005ല്‍ ജാര്‍ഖണ്ഡിലെ ജുംറാ സിആര്‍പിഎഫ് ക്യാംപ് ആക്രമണം, 2007ല്‍ ബിഹാറിലെ ലഖിസരി ജില്ലയിലെ കൊയ്‌റ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു നാലു പൊലീസുകാരെ കൊലപ്പെടുത്തിയ കേസ്... അങ്ങനെ പൊലീസിന്റെ ഭാഷയില്‍ കൊടുംഭീകരനാണു കുപ്പുദേവരാജ് എന്ന കൃഷ്ണഗിരിക്കാരന്‍. കാവേരി സിപിഐ മാവോയിസ്റ്റ് വിഭാഗത്തിന്റെ തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗമാണ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് ഇവര്‍ക്കെതിരെയും കേസുണ്ട്.

കുപ്പുവും ഇദ്ദേഹത്തിനൊപ്പം വെടിയേറ്റു മരിച്ച കാവേരിയും ദലിത് കുടുംബത്തിലാണു ജനിച്ചത്. കുപ്പു എന്‍ജിനീയറിങ് ബിരുദധാരിയാണ്. എണ്‍പതുകളില്‍ ഓള്‍ ഇന്ത്യാ ലീഗ് ഫോര്‍ റവല്യൂഷനറി കള്‍ച്ചറിന്റെ (എഐഎല്‍ആര്‍സി) നിര്‍വാഹക സമിതി അംഗമായിരുന്ന കുപ്പു മാവോയിസ്റ്റുകളുടെ അനിഷേധ്യ നേതാവായി പിന്നീടു മാറുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന പരന്തമന്റെ മകളായ കാവേരി എണ്‍പതുകളില്‍ വുമണ്‍ ലിബറേഷന്‍ മൂവ്‌മെന്റ് സംഘടിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. ചെന്നൈയില്‍ അഭിഭാഷകയായിരുന്ന കാവേരി പിന്നീട് ഒളിപ്പോരിലേക്കു തിരിയുകയായിരുന്നു.

കുപ്പു കാടുകയറിയ കഥ

പാലക്കാട് ജില്ലയില്‍ ചിലയിടങ്ങളില്‍ തദ്ദേശീയരായ ആദിവാസി മൂപ്പന്‍മാരെ വിളിച്ചുചേര്‍ത്തു മാവോയിസ്റ്റുകള്‍ കമ്മിറ്റികളുണ്ടാക്കുന്നതായി പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. തദ്ദേശീയ അധികാരവ്യവസ്ഥ രൂപപ്പെടുത്തി സമാന്തര അധികാരത്തിലേക്ക് അവരെ നയിക്കുക എന്ന മാവോയിസ്റ്റ് ലക്ഷ്യം നടപ്പാക്കാന്‍ കേരളം പാകമാണോ എന്ന പരീക്ഷണമായിരുന്നു അത്. സംഗതി മണത്തറിഞ്ഞ പൊലീസ് അതു തുടക്കത്തിലേ നശിപ്പിച്ചു. ഇന്ത്യയുടെ പല കുഗ്രാമങ്ങളിലും മാവോയിസ്റ്റുകള്‍ ഇതു പരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഗ്രാമവാസികളെ ചേര്‍ത്തു കമ്മിറ്റി ഉണ്ടാക്കി ഭൂമിയും വിളവും പിടിച്ചെടുക്കുകയാണു ലക്ഷ്യം. ഇങ്ങനെ പിടിച്ചെടുക്കുന്ന ഭൂമിയും വിളവും സംരക്ഷിക്കുന്നതിനായി അവരുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയെ (പിഎല്‍ജിഎ) ഉപയോഗിക്കും. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പലയിടത്തും നടക്കുന്ന ഏറ്റുമുട്ടലുകള്‍ പൊലീസും പിഎല്‍ജിഎയുമായിട്ടാണ്. നിലമ്പൂരില്‍ പാട്ടക്കരിമ്പ് കോളനിയിലാണ് ഇത്തരമൊരു പദ്ധതി മാവോയിസ്റ്റുകള്‍ ആസൂത്രണം ചെയ്തത്.

കാവേരി അജിതയായ കഥ

കേരളത്തില്‍ കബനി, ഭവാനി, നാടുകാണി എന്നീ മൂന്നു ദളങ്ങളാണു മാവോയിസ്റ്റുകള്‍ക്കുള്ളത്. ഫോറസ്റ്റ് കമ്മിറ്റി, കോസ്റ്റല്‍ കമ്മിറ്റി എന്നിങ്ങനെ പോകുന്നു കമ്മിറ്റികള്‍. സ്‌പെഷല്‍ സോണല്‍ കമ്മിറ്റിയുടെ വക്താവിനെ ജോഗി എന്നാണു വിളിക്കുന്നത്. മുത്തങ്ങയില്‍ പൊലീസ് വെടിവയ്പില്‍ മരിച്ച ആദിവാസിയുടെ പേരാണു ജോഗി.

വക്താവിന്റെ സ്ഥാനത്തേക്കു വരുന്നയാളുടെ യഥാര്‍ഥ പേര് പിന്നീടു മാവോയിസ്റ്റുകള്‍ വിളിക്കില്ല. ഇയാള്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതും ജോഗി എന്ന പേരിലായിരിക്കും. മാവോയിസ്റ്റായി കഴിഞ്ഞാല്‍ ഓരോ ആളിനും സംഘടന പേരു നല്‍കും. പഴയ നക്‌സലുകള്‍, ഏറ്റമുട്ടലില്‍ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകള്‍, ആദിവാസികള്‍ തുടങ്ങിയവരുടെ പേരായിരിക്കും നല്‍കുക. കരുളായി വനമേഖലയില്‍ കുപ്പുദേവരാജിനൊപ്പം കൊല്ലപ്പെട്ട കാവേരിക്കു മാവോയിസ്റ്റുകള്‍ നല്‍കിയ പേരാണ് അജിത. അതെ, പഴയ നക്‌സലൈറ്റ് കെ.അജിതയുടെ പേരാണത്. ഒരു ദളത്തില്‍ ഒരു മിലിട്ടറി കമാന്‍ഡര്‍, ആറ് അംഗങ്ങള്‍ എന്നതാണ് മാവോയിസ്റ്റുകളുടെ രീതി.

പഴയ പഴിക്കുള്ള പ്രതികാരം

അടിയന്തരാവസ്ഥക്കാലത്ത് സിപിഐ സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കിയിരുന്നപ്പോഴാണു രാജന്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി കക്കയം പൊലീസ് ക്യാംപില്‍ പൊലീസിന്റെ മര്‍ദനത്തിനിരയായി മരിച്ചത്. അതേ അടിയന്തരാവസ്ഥക്കാലത്താണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മിന്റെ ഇപ്പോഴത്തെ പല നേതാക്കളും പൊലീസ് മര്‍ദനത്തിനിരയായി ജയിലില്‍ കഴിയേണ്ടിവന്നത്. പൊലീസിനെ സര്‍ക്കാര്‍ മര്‍ദനോപകരണമാക്കുകയാണെന്നായിരുന്നു സിപിഎമ്മിന്റെ അന്നത്തെ ആരോപണം. ആഭ്യന്തരവകുപ്പ് കോണ്‍ഗ്രസിനായിരുന്നു. കെ.കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. രാജന്‍ സംഭവം താന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ പലയാവര്‍ത്തി പറഞ്ഞിട്ടും സിപിഎം അതു വിശ്വാസത്തിലെടുത്തിരുന്നില്ല. പിന്നീട് ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ രാജന്‍ സംഭവത്തില്‍ പരസ്യമായി മാപ്പു പറഞ്ഞെങ്കിലും അതും അംഗീകരിക്കാന്‍ സിപിഎം തയാറായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com