ADVERTISEMENT

ഗുജറാത്തിലെ സമ്പന്ന വിഭാഗങ്ങളിലൊന്നായ പട്ടേൽ സമുദായത്തിന്റെ കണ്ണും കാതും മുഴുവൻ ഹാർദിക്കിലാണ്. അഹമ്മദാബാദിലെ സഹജാനന്ദ് കോളജിൽനിന്നു ബികോം ജയിച്ച്, പട്ടേൽ യുവാക്കളുടെ സംഘടനയായ സർദാർ പട്ടേൽ ഗ്രൂപ്പിലൂടെ പൊതുരംഗത്തെത്തിയ ഈ ക്രിക്കറ്റ് പ്രേമി, ഇനി മുതൽ കോൺഗ്രസ് കുപ്പായത്തിൽ. 2015ലെ പട്ടേൽ സംവരണ പ്രക്ഷോഭത്തിലൂടെയാണു ഹാർദിക് പട്ടേൽ എന്ന യുവനേതാവ് ഉയർന്നുവരുന്നത്. അന്ന് ഗുജറാത്തിനെ വിറപ്പിച്ച കൂറ്റൻ റാലിയിൽ പട്ടേൽ സമുദായത്തെ മുന്നിൽ നിന്നു നയിച്ചത് ഹാർദിക്കായിരുന്നു; അന്നു പ്രായം വെറും 21. പിന്നാക്ക വിഭാഗത്തിനുള്ള (ഒബിസി) എല്ലാ ആനുകൂല്യങ്ങളും പട്ടേൽ സമുദായത്തിന് ലഭിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. ഇന്നു ഗുജറാത്തിൽ ശക്തമായ സാന്നിധ്യമായി 
ഹാർദിക് വളർന്നിരിക്കുന്നു. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ കൈപിടിച്ച് കോൺഗ്രസ് അംഗത്വവും.

Gujarath-MAL-lok-sabha-election-2014-results-info-graphic-map

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഗുജറാത്തിലെ ബിജെപി ഘടകത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. നിലവിൽ ആകെയുള്ള 26 സീറ്റിലും ബിജെപി എംപിമാരാണ്. പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സംസ്ഥാനമായ ഗുജറാത്തിൽ ഒരു സീറ്റ് നഷ്ടപ്പെട്ടാൽ പോലും അത് ബിജെപിക്ക് തിരിച്ചടിയാണ്. സാഹചര്യം ഇതായിരിക്കെ, ഹാർദിക് പട്ടേലിനെ പോലെ ഒരു സമുദായത്തിന്റെ പ്രധാന നേതാവ് കോൺഗ്രസ് പാളയത്തില്‍ എത്തുമ്പോൾ തുടർന്നുള്ള നീക്കങ്ങൾക്കു മൂർച്ച കൂടുമെന്ന് സാരം. 

Gujarat Elections 2017 Infographic Map

ഹാർദിക് കോൺഗ്രസിനൊപ്പം ചേരുന്നതോടെ വലിയ മാറ്റമൊന്നും സംഭവിക്കില്ലെന്നു കരുതുന്നവരും വിരളമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് ഗുജറാത്തിൽ കാഴ്ചവച്ചത്. കൂടുതൽ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മൽസരം കാഴ്ചവച്ച് പാർലമെന്റ് സീറ്റുകൾ സ്വന്തമാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. അതിനാൽ തന്നെ ജാതി സമവാക്യങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് കോൺഗ്രസ് ഹാർദിക്കുമായുള്ള ബന്ധം തുടങ്ങുന്നത്. കൂടാതെ, ബിജെപിക്ക് വലിയ സ്വാധീനമുള്ള ഒരു സംസ്ഥാനത്ത് ഒപ്പം പോരാടാൻ ശക്തനായ ഒരു നേതാവിനെ കൂടെ കോൺഗ്രസ് സ്വന്തമാക്കുന്നു. 25 വയസ്സ് മാത്രം പ്രായമുള്ള ഹാർദിക്കിന് ഗുജറാത്തിൽ എങ്ങനെ കോൺഗ്രസിനെ സഹായിക്കാൻ സാധിക്കുമെന്ന് കണ്ടറിയാം.

എന്തുകൊണ്ട് കോൺഗ്രസ്?

‘മാർച്ച് 12നാണ് ഞാൻ കോൺഗ്രസ് അംഗത്വം സീകരിക്കുന്നത്. ഈ ദിവസം തന്നെയാണ് ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും തുരത്തിയ മഹാത്മാ ഗാന്ധി ദണ്ഡി യാത്ര ആരംഭിച്ചത്’– കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ഹാർദിക് പട്ടേൽ പറഞ്ഞ വാക്കുകളാണിത്. ‘സുബാഷ് ചന്ദ്രബോസ്, ജവാഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകിയ അതേ കോൺഗ്രസ് പാർട്ടിയിലാണ് ഞാനും അംഗത്വം എടുത്തിരിക്കുന്നത്. ഇവരെല്ലാം നമ്മുടെ രാജ്യത്തിന് ശക്തി പകർന്നവരാണെ’ന്നും പറഞ്ഞ് തന്റെ കോൺഗ്രസ് വഴി വ്യക്തമാക്കുകയാണ് ഹാർദിക്.

Hardik Patel
ഹാർദിക് പട്ടേൽ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനെ കുറിച്ച് ഹാർദിക് പറയുന്നത് ഇങ്ങനെ: ‘ഇനിയിപ്പോൾ എനിക്ക് ഗുജറാത്തിലെ ആറു കോടിയോളം ജനങ്ങൾക്കു മികച്ച സൗകര്യങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടാൻ സാധിക്കും’. പ്രസംഗങ്ങളിലും പൊതുയോഗങ്ങളിലും എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹാർദിക് കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘സത്യസന്ധൻ’ എന്നും വിശേഷിപ്പിക്കുന്നു. ഇങ്ങനെ രാഹുൽ സ്നേഹവും ഹാർദിക് പട്ടേൽ പ്രകടിപ്പിക്കുന്നു. എന്തു കൊണ്ടാണ് കോൺഗ്രസിനെയും രാഹുലിനെയും തിരഞ്ഞെടുത്തതെന്ന ജനങ്ങളുടെ ചോദ്യത്തിനുമുണ്ട് മറുപടി– ‘സത്യസന്ധനായതിനാലാണ് രാഹുലിനെ തിരഞ്ഞെടുത്തത്. അദ്ദേഹം ഒരിക്കലും ഏകാധിപതിയെ പോലെ പെരുമാറില്ല’.

ഹാർദിക്കിന് നോട്ടം ജാംനഗർ

ഹാർദിക് കോൺഗ്രസിൽ ചേർന്നതോടെ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള മറ്റു രാഷ്ട്രീയ വിലപേശലുകളും ഗുജറാത്തിൽ സജീവമായി. താക്കൂർ സേനാ നേതാവും കോൺഗ്രസ് എംഎൽഎയുമായ അൽപേഷ് താക്കൂർ ബിജെപിയോട് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അത് വെറും പ്രചാരണം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ, പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന താക്കൂറിനെ എത്രത്തോളം വിശ്വസിക്കാമെന്ന് ഉറപ്പിക്കാറായിട്ടുമില്ല. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ മൂവർ സംഘത്തിൽപെട്ടവരാണ് അൽപേഷും ഹാർദിക്കും. മൂന്നാമൻ ജിഗ്നേശ് മെവാനി കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു നിയമസഭയിലെത്തി. 

പട്ടേൽ രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ ജാംനഗറിൽനിന്നു ഹാർദിക് പട്ടേൽ ലോക്സഭയിലേക്കു മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ബിജെപിയുടെ പൂനംബെന്നാണു നിലവിലെ ജാംനഗർ എംപി. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാർദിക്കിനു മുന്നിൽ വലിയൊരു തടസ്സമുണ്ട്. സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ്. ഇതിൽ അദ്ദേഹത്തിനു കോടതി 2 വർഷം തടവ് വിധിച്ചതിനാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അയോഗ്യതയുണ്ട്. പട്ടേൽ സംവരണ പ്രക്ഷോഭത്തിനിടെ നാലുവർഷം മുൻപ് എംഎൽഎയുടെ ഓഫിസ് ആക്രമിച്ച കേസിലാണ് ഹാർദിക് പട്ടേലിനും രണ്ടു കൂട്ടാളികൾക്കും രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചത്. പിന്നീടു മൂവരെയും ജാമ്യത്തിൽ വിടുകയായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നു സൂചന നൽകിയിരുന്ന ഹാർദിക്കിനു ശിക്ഷ തിരിച്ചടിയാണ്. ഹൈക്കോടതിയിൽ നിന്നു സ്ഥിരം ജാമ്യം ലഭിച്ചാൽ മാത്രമേ മത്സരിക്കാനാവൂ.

പട്ടേൽ 16%; ശക്തമായ വേരോട്ടം 

ഗുജറാത്ത് ജനസംഖ്യയിലെ 16 ശതമാനത്തിലേറെ വരുന്ന പട്ടേൽ സമുദായത്തിന്റെ ശക്തികേന്ദ്രമാണു സൗരാഷ്ട്ര മേഖല. പരുത്തിയും പുകയിലയും ജീരകവുമൊക്കെ കൃഷി ചെയ്യുന്ന ലെവ വിഭാഗവും ഉദ്യോഗസ്ഥ- പ്രഫഷണൽ രംഗങ്ങളിൽ മേൽക്കയ്യുള്ള കട്‌വ വിഭാഗവും ചേർന്നതാണു പട്ടേൽ സമുദായം. ഗുജറാത്തിലെ മൂന്നു മുൻമുഖ്യമന്ത്രിമാർ (ചിമൻഭായ് പട്ടേൽ, ബി.ജെ.പട്ടേൽ, കേശുഭായ് പട്ടേൽ) ഈ സമുദായത്തിൽ നിന്നുള്ളവരാണ്. ഹാർദിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പട്ടേൽ സംവരണ പ്രക്ഷോഭ സമിതിയുടെ(പാസ്) കീഴിലാണ് ഇന്ന് സമുദായം മുഴുവനും അണിനിരന്നിരിക്കുന്നത്. ‘പാസ്’ കൺവീനർ കൂടിയാണ് ഹാർദിക്.

കോൺഗ്രസിനെ കുഴക്കി കൂറുമാറ്റം

ഹാർദിക്കിനെ പോലുള്ള നേതാക്കളെ പാർട്ടിയിൽ എത്തിക്കുമ്പോഴും ഗുജറാത്തിൽ കോൺഗ്രസിന്റെ വെല്ലുവിളി സ്വന്തം പാർട്ടിക്കാർ തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തിൽ നിന്നും എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്കാണ് കോൺഗ്രസിനെ കുഴക്കുന്നത്. ഇന്നലെ വരെ കോൺഗ്രസ് എംഎൽഎ ആയിരുന്ന വ്യക്തി നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി സംഘത്തിൽ എത്തുന്നു. ചിലപ്പോൾ ബിജെപി സർക്കാരിലെ മന്ത്രി വരെ ആയേക്കാം. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ നിന്നാണു കൊഴിഞ്ഞുപോക്ക് ശക്തം. 

Hardik Patel
ഹാർദിക് പട്ടേൽ

കഴിഞ്ഞ ദിവസം കൂറുമാറിയ കോൺഗ്രസ് എംഎൽഎയ്ക്കു മന്ത്രിപദവി നൽകിയാണ് ഗുജറാത്തിലെ ബിജെപി സർക്കാർ സ്വീകരിച്ചത്. ജവാഹർ ഛാവഡയാണ് കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റത്. കൊഴിഞ്ഞു പോയവരുടെ പട്ടികയിൽ ഏറ്റവും ഒടുവിലായുള്ള പേര് ജാംനഗർ റൂറൽ എംഎൽഎ വല്ലഭ് ധാരാവിയയുടേതാണ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം രാജിവച്ചു ബിജെപിയിൽ ചേർന്നത്. പിന്നാക്ക വിഭാഗമായ സത്ത്വാര സമുദായത്തിലെ നേതാവാണു ധാരാവിയ. 

വിവിധ സമയങ്ങളിൽ പ്രബല സമുദായങ്ങളുടെ നേതാക്കളായ 4 എംഎൽഎമാർ കോൺഗ്രസ് വിട്ടിരുന്നു. ആഹിർ സമുദായ നേതാവായ ഛാവഡയും കോലി സമുദായത്തിലെ പ്രബലനായ പുരുഷോത്തം സാബറിയയും പാർട്ടി വിട്ടതോടെ സൗരാഷ്ട്രയിൽ ഈ സമുദായങ്ങളെ കോൺഗ്രസിനൊപ്പം ചേർത്തുനിർത്തുകയെന്നതു പാർട്ടിയെ സംബന്ധിച്ചു വെല്ലുവിളിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com