ADVERTISEMENT

പാലക്കാട്∙ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ മുഴുവൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു നിർബന്ധമില്ലെന്നും ആരെ‍ാക്കെ സ്ഥാനാർഥികളാകണം എന്നതു സംബന്ധിച്ചു പാർട്ടി നേതൃത്വത്തിനു ധാരണയുണ്ടെന്നും ബിജെപി കേന്ദ്രകമ്മിറ്റി. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക സംബന്ധിച്ചു സംസ്ഥാന ഘടകത്തിൽ വിവാദവും തർക്കവും രൂക്ഷമായിരിക്കേയാണു കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത്.

മുഴുവൻ പ്രധാന നേതാക്കന്മാരുടെയും പ്രവർത്തന പശ്ചാത്തലം പരിശേ‍ാധിച്ചു കേന്ദ്രം നേരത്തെ തയാറാക്കിയ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും സ്ഥാനാർഥികളെ തീരുമാനിക്കുക എന്നാണു സൂചന. നേതൃപാടവം, അവർക്കെതിരെയുള്ള ആരേ‍ാപണങ്ങൾ, പെ‍ാതുസമൂഹത്തിലുള്ള സ്വാധീനം, പ്രവർത്തകരുടെ അഭിപ്രായം തുടങ്ങിയ ഘടകങ്ങളിലാണു പ്രഫഷണൽ ഏജൻസി മുഖേന സർവേ നടത്തിയത്., ആർഎസ്എസ് നിർദ്ദേശവും സ്ഥാനാർഥി നിർണയത്തിൽ പ്രധാനമാണ്.

ശബരിമല വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു വിശ്വാസികൾക്കിടയിൽ ലഭിച്ച സ്വീകാര്യത നേതൃത്വത്തിൽ ചിലരെ അസ്വസ്ഥരാക്കിയതിനാൽ അദ്ദേഹത്തിനു പ്രധാന സീറ്റു നിഷേ‍ധിക്കാൻ ശ്രമം നടക്കുന്നതായി പാർട്ടിക്കുളളിൽ ആരേ‍ാപണമുണ്ട്. നേതാക്കളിൽ ചിലരുടെ അജൻഡയാണു സ്ഥാനാർഥി നിർണയത്തിൽ നടപ്പാക്കുന്നതെന്നാണു പരാതി. സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരത്തു മത്സരിക്കുമെന്നു പ്രചരണമുണ്ടായിരുന്നെങ്കിലും കുമ്മനം രാജശേഖരന്റെ തിരിച്ചവരവേ‍ാടെ അത് ഇല്ലാതായി. പത്തനംതിട്ട സീറ്റിൽ പ്രസിഡന്റ് മത്സരിക്കുമെന്നാണു ഇപ്പേ‍ാൾ കേൾക്കുന്നത്.

എന്നാൽ ശബരിമല വിഷയത്തിൽ അവിടെ കെ.സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണു ആർഎസ്എസിന്റെയും ബിജെപിയിലെ ഒരു വിഭാഗത്തിന്റെയും നിലപാടെന്നറിയുന്നു. തൃശൂർ സീറ്റിൽ സുരേന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു ആദ്യധാരണയെങ്കിലും നീക്കുപേ‍ാക്കുകളുടെ ഭാഗമായി ബിഡിജെഎസിനു ഈ സീറ്റു നൽകേണ്ട സാധ്യത വന്നതേ‍ാടെ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായെന്നു മുരളീപക്ഷം ആരേ‍ാപിക്കുന്നു.

സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ആർഎസ്എസ് നേരിട്ട് ഇടപെട്ടാണു കുമ്മനത്തെ മടക്കിവിളിച്ചത്. സംസ്ഥാന കേ‍ാർ കമ്മിറ്റി നേതാക്കളിൽ ചിലർ സ്വന്തം സീറ്റു സ്വയം തീരുമാനിക്കുന്ന കീഴ്‌വഴക്കത്തിനു കേന്ദ്രനേതൃത്വമാണു തടയിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com