ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ബിജെപിയുടെ ‘മേം ഭീ ചൗക്കീദാർ’ പ്രചാരണത്തിന്റെ വഴിമുടക്കി ‘നീരവ് മോദി’. നീരവ് മോദി ആരാധകൻ എന്നു സ്വയം വിശേഷിപ്പിച്ചു സന്ദേശമയച്ചയാൾക്കു പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്നു ലഭിച്ച ‘ഓട്ടോ മെസേജ്’ ഇങ്ങനെ: താങ്കളുടെ പങ്കാളിത്തം മേം ഭീ ചൗക്കീദാർ നീക്കത്തെ ശക്തിപ്പെടുത്തുന്നു. സുരക്ഷിതവും സമ്പദ്സമൃദ്ധവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനു താങ്കളുടെ സഹകരണം സഹായകമാകും. ദാരിദ്ര്യവും മാലിന്യവും അഴിമതിയും ഭീകരതയും ഉൾപ്പെടെയുള്ള വിപത്തുകളെ നമുക്ക് ഒത്തുചേർന്നു നേരിടാം!

‘നിരവ് മോദി ഫാൻ’ ഉടൻ പ്രതികരിച്ചു. ‘സർ, ലോൺ മാഫ് കർവാവോ സാരാ’ (കടം മുഴുവൻ എഴുതിത്തള്ളുക) എന്നായിരുന്നു പുതിയ സന്ദേശം.  വൈകാതെ പ്രധാനമന്ത്രിയുടെ ട്വീറ്റ് അപ്രത്യക്ഷമായെന്ന് ആരാധകന്റെ അടുത്ത ട്വീറ്റിൽ വ്യക്തം. ‘മോദിജി ട്വീറ്റ് ഡിലീറ്റ് ചെയ്തിരിക്കുന്നു. വായ്പ എഴുതിത്തള്ളിയെന്നു വിശ്വസിക്കട്ടേ’യെന്ന് അദ്ദേഹം ആരായുന്നു.

കഴിഞ്ഞ ദിവസം ലണ്ടനിൽ പ്രത്യക്ഷപ്പെട്ട നീരവ് മോദിയുടെ ചിത്രം തന്നെയാണ് ആരാധകന്റേത്. 13,000 കോടി രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ നീരവ് മുങ്ങിയതിന്റെ പേരിൽ പ്രധാനമന്ത്രി പഴി കേട്ടിരുന്നു. പ്രധാനമന്ത്രിക്കൊപ്പം 2018 ജനുവരി 23നു ദാവോസിൽ നീരവ് മോദി ഗ്രൂപ്പ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടതും എതിരാളികൾ ആയുധമാക്കി.

അംബാനി കാ ചേല (അംബാനിയുടെ പിണിയാൾ), എം.ജെ.അക്ബർ എന്നീ പേരുകളിലും പ്രധാനമന്ത്രിയുടെ പ്രചാരണത്തിനു മറുപടികളെത്തി. റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ കമ്പനിയെ പ്രധാനമന്ത്രി സഹായിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യത്തേതിനു പ്രസക്തി. കഴിഞ്ഞ വർഷം #മീടൂ പ്രചാരണത്തെത്തുടർന്നു കേന്ദ്രമന്ത്രിസഭയിൽ നിന്നു പുറത്തു പോകേണ്ടി വന്നയാളാണ് എം.ജെ.അക്ബർ.

വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ പ്രചാരണത്തെ തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തുണ്ട്. ബിജെപിയുടെ പ്രചാരണം തിരിച്ചടിച്ചതിൽ ‘വേദന’യുണ്ടെന്ന പ്രതികരണവുമായി കോൺഗ്രസും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com