ADVERTISEMENT

പനജി ∙ മനോഹർ പരീക്കറുടെ നിര്യാണത്തോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ ഗോവയിൽ അദ്ദേഹത്തിനു പകരക്കാരനെ തേടി ബിജെപി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പരീക്കറുടെ പിൻഗാമിയെ തീരുമാനിക്കുമെന്നും നാലുമണിക്കു പുതിയ മുഖ്യമന്ത്രിയെ കിട്ടുമെന്നും ഗോവ ബിജെപി അധ്യക്ഷൻ വിനയ് തെൻഡുൽക്കർ പറഞ്ഞു. ചർ‌ച്ചകൾക്കായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഗോവയിലുണ്ട്. നിയമസഭാ സ്പീക്കര്‍ പ്രമോദ് സാവന്തിന്റെ പേര് ബിജെപി മുന്നോട്ടുവച്ചെങ്കിലും സഖ്യകക്ഷികളായ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും അംഗീകരിച്ചില്ല.

ഇതിനിടെ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്നു. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഗവർണറെ കണ്ടു. സംസ്ഥാനത്തെ 14 എംഎൽഎമാരും ഒരുമിച്ചാണു ഗവർണർ മൃദുല സിൻഹയെ സന്ദർശിച്ചത്. ഗവർണർ ക്ഷണിക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ എംഎൽഎമാർ രാജ് ഭവനിലേക്കു നടന്നു പോവുകയായിരുന്നെന്നു പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാ‌വ്‌ലേക്കർ പറഞ്ഞു.

സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു വെള്ളി, ശനി ദിവസങ്ങളിൽ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അനുകൂലമായി പ്രതികരിക്കാൻ ഗവർണർ തയാറായില്ലെന്നു പ്രതിപക്ഷം ആരോപിച്ചു. ഗോവയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

‘40 അംഗ സഭയിൽ 14 എംഎൽഎമാരുള്ള കോൺഗ്രസിനാണു ഭൂരിപക്ഷം. പരീക്കറുടെ നിര്യാണത്തോടെ ബിജെപി സർക്കാർ ഇല്ലാതായി. ബിജെപിക്ക് 12 അംഗങ്ങളേയുള്ളൂ. സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നു ഗവർണറോട് ആവശ്യപ്പെട്ടു’– കാ‌വ്‌ലേക്കർ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി പരീക്കർ, ബിജെപി എംഎൽഎ ഫ്രാൻസിസ് ഡിസൂസ എന്നിവരുടെ മരണം, രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ രാജി എന്നിവയെ തുടർന്ന് സഭയിലെ ആകെ അംഗബലം ഇപ്പോൾ 36 ആണ്.

ഇതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗംബർ കാമത്തിന്റെ ഡൽഹി സന്ദർശനം ചർച്ചയായി. 2005ൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ കാമത്ത് വീണ്ടും ബിജെപിയിലെത്തുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ, ‌ഡൽഹിയിലേക്കുള്ളത് ‘ബിസിനസ് യാത്ര’ യാണെന്നാണു കാമത്തിന്റെ വിശദീകരണം. പ്രാദേശിക പാർട്ടികളെയും സ്വതന്ത്രന്മാരെയും ഒപ്പം നിർത്തിയാണു ബിജെപി തന്ത്രങ്ങൾ. 3 എംജിപി എംഎൽഎമാരും 3 ഗോവ ഫോർവേഡ് എംഎൽഎമാരും 3 സ്വതന്ത്രരുമാണു ബിജെപിയുടെ കരുത്ത്.

English Summary: As BJP Tackles Demanding Goa Allies, Congress Meets Governor; Manohar Parrikar Demise

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com