ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദമേറുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ പേരാണ് പത്തനംതിട്ടയില്‍ പരിഗണിക്കുന്നതെങ്കിലും ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണായകമാകും. സുരേന്ദ്രനു വേണ്ടി ഒരുവിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ സുരേന്ദ്രനെ പത്തനംതിട്ടയിൽ മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിലെ സ്ഥാനാർഥി നിർണയ ചർച്ചയിൽ ആർഎസ്എസ് അതൃപ്തി രേഖപ്പെടുത്തി. നിലവിലെ ചർച്ചകൾ ബിജെപിയുടെ സാധ്യതകൾ ഇല്ലാതാക്കുന്നു. പ്രധാനനേതാക്കൾ എല്ലാം മൽസരിക്കണം. കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങൾ നൽകണം. ദേശീയ നേതൃത്വം നിർണായക ഇടപെടലുകൾ നടത്തുമെന്നും ആർഎസ്എസ് അറിയിച്ചു.

പത്തനംതിട്ടയ്ക്കായി ശ്രീധരന്‍ പിള്ള പിടിമുറുക്കിയതോടെയാണ് സജീവമായി പരിഗണിച്ചിരുന്ന സുരേന്ദ്രന്റെ കാര്യം പരുങ്ങലിലായത്. പത്തനംതിട്ടയോ, തൃശൂരോ ഇല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. എന്നാൽ ആറ്റിങ്ങലിൽ പരിഗണിക്കാമെന്നാണ് സംസ്ഥാനം നേതൃത്വം പറയുന്നത്. തർക്കങ്ങൾ പരിഹരിച്ച് സ്ഥാനാര്‍ഥിപ്പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതേസമയം, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റ് ഉറപ്പിച്ചു. ടോം വടക്കന്‍ എറണാകുളത്ത് മല്‍സരിച്ചേക്കും. പത്തനംതിട്ടയിൽ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഗണിക്കുന്നത് കൊല്ലത്താണ്. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ മല്‍സരിച്ചേക്കില്ല. തൃശൂരിനു പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് എന്നീ സീറ്റുകളാണ് ബിഡിജെഎസിനായി നീക്കിവെച്ചിട്ടുള്ളത്.

സംസ്ഥാന നേതൃത്വം പുതുക്കി നല്‍കിയ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അതേപടി അംഗീകരിക്കില്ല. മത സാമുദായിക സമവാക്യങ്ങള്‍, ആര്‍എസ്എസ് നിലപാട്, ദേശീയ നേതൃത്വം നേരിട്ട് നടത്തിയ സര്‍വേകള്‍ എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമ പട്ടിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com