ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ 13 മണ്ഡലങ്ങളിലെ ചിത്രം തെളിഞ്ഞിട്ടും വിജയസാധ്യതയുണ്ടെന്നു പാർട്ടി വിലയിരുത്തുന്ന പത്തനംതിട്ടയിൽ മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകാതെ സംസ്ഥാന ബിജെപി നേതൃത്വം.

ഇതുസംബന്ധിച്ച ചോദ്യത്തില്‍നിന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഒഴിഞ്ഞുമാറി. എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും തീരുമാനിക്കേണ്ടതു കേന്ദ്രനേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതാര്‍ഹമായ പട്ടികയാണു ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. കേരളത്തില്‍ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാർഥികളെ ഉള്‍ക്കൊളളാന്‍ കേരളത്തിലെ ജനം തയാറാകും– ശ്രീധരൻപിള്ള അവകാശപ്പെട്ടു.

രണ്ടു മുന്നണികള്‍ക്കുമെതിരെ ജയിച്ചു മുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാർഥികള്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണു ശക്തമായി മൽസരിച്ച്‌ രണ്ട് മുന്നണികളെ ചെറുത്ത് തോല്‍പ്പിച്ച്‌ ഒട്ടേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാർഥിയെ സംബന്ധിച്ച്‌ തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ച എല്ലാ തീര്‍ന്നതാണ്. ഭേദഗതി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേരു മാത്രമെന്ന് എം.ടി.രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എം.ടി.രമേശ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ അങ്ങേയറ്റം വിജയപ്രതീക്ഷയിലാണെന്ന് തിരുവനന്തപുരത്തെ സ്ഥാനാർഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തലസ്ഥാനത്ത് തീപാറുന്ന മല്‍സരം നടക്കും; ഇരുമുന്നണികളും ആശങ്കയിലാണ്. തിരുവനന്തപുരത്ത് തനിക്കെതിരെ വോട്ടുകച്ചവടം നടന്നേക്കുമെന്നും കുമ്മനം പറഞ്ഞു. 

ആലപ്പുഴയിൽ ഉറപ്പായും ജയിക്കുമെന്നു സ്ഥാനാർഥി കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. മോദി തരംഗം തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തീപാറുന്ന പോരാട്ടമാകും കണ്ണൂരിൽ നടക്കുകയെന്നു സ്ഥാനാർഥി സി.കെ.പത്മനാഭന്‍ അവകാശപ്പെട്ടു. എൽഡിഎഫ് യുഡിഎഫ് മൽസരമെന്ന ധാരണ മാറും. എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്– അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ സന്തോഷമെന്ന് എറണാകുളത്തെ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു. എറണാകുളം തന്റെ രണ്ടാമത്തെ വീടാണ്. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മൽസരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണു പ്രതികരിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com