ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘കോലീബി’(കോൺഗ്രസ് – ലീഗ് – ബിജെപി) സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം തള്ളി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പരാജയഭീതിമൂലമാണ് കോടിയേരിയുടെ ആരോപണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് കൂട്ടുകെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. എന്നാൽ കോലീബി സഖ്യത്തെ ഇത്തവണയും തോല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതിനിടെ, അവസരത്തിനൊത്ത് ബിജെപിയെ കൂട്ടുപിടിച്ച ചരിത്രമാണ് കമ്യൂണിസ്റ്റുകള്‍ക്കുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടിയന്തരാവസ്ഥയുടെ പേരുപറഞ്ഞ് സിപിഎം 1977 ല്‍ സംഘപരിവാറിനൊപ്പം ചേര്‍ന്നു. 89ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് വി.പി.സിങ്ങിനെ പ്രധാനമന്ത്രിയാക്കി. കോലീബീ സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയഭീതിയില്‍ നിന്നാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കോലീബി വിവാദം ചൂടുപിടിക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനത്തിന് വോട്ടു നല്‍കി അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി വോട്ടുനേടാന്‍ കോണ്‍ഗ്രസ് ധാരണയിലെത്തിയെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് രൂക്ഷമായാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. വടകരയില്‍ തന്റെ സ്ഥാനാർഥിത്വം ഉറപ്പായതിനു പിന്നാലെ സിപിഎം ഉയര്‍ത്തിയ ആരോപണത്തെ കെ.മുരളീധരന്‍ തള്ളി.

തന്റെ മണ്ഡലത്തില്‍ ബിജെപിക്ക് വോട്ടുമറിയില്ലെന്ന് ശശി തരൂരും പ്രതികരിച്ചു. സിപിഎമ്മിന് പരാജയഭീതിയാണെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയതോടെ സിപിഎം കോലീബി ആരോപണം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായി. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ആർക്കൊപ്പം? വോട്ടർമാർ സംസാരിക്കുന്നു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com